കാരക്കാസ്: സമാധാന നൊബേല്‍ പ്രതീക്ഷിക്കുകയും നിരന്തര പ്രസ്താവനകളിലൂടെ വാതുവയ്പുകാരെ പോലും വാശിയിലാക്കുകയും ചെയ്‌തെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് നിരാശയായിരുന്നു ഫലം. ലോകത്തിന് വേണ്ടി ഒന്നും ചെയ്യാത്ത ഒരാള്‍ക്ക് നൊബേല്‍ കമ്മിറ്റി പുരസ്‌കാരം നല്‍കും എന്നായിരുന്നു ട്രംപിന്റെ ആശങ്ക. എന്നാല്‍, പുരസ്‌കാരം നേടിയ വെനിസ്വേലയിലെ വനിതാ പ്രതിപക്ഷ നേതാവ് മരിയ കൊറിന മാച്ചാഡോ ചില്ലറക്കാരിയല്ല എന്നോര്‍ത്ത് യുഎസ് പ്രസിഡന്റിന് സമാധാനിക്കാം.

വെനിസ്വേലയുടെ ഉരുക്ക് വനിത എന്നാണ് ജനാധിപത്യ അവകാശ പോരാളിയായ മച്ചാഡോ അറിയപ്പെടുന്നത്. 2025 ല്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന 100 പ്രമുഖരുടെ ടൈം മാഗസിന്‍ പട്ടികയില്‍ മരിയ കൊറിന മച്ചാഡോയുടെ പേരും ഉണ്ടായിരുന്നു. ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടുന്ന പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് മരിയ കൊറിന മാച്ചാഡോയ്ക്ക് 2025-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സമ്മാനിക്കുന്നത്. വഞ്ചനയും ഏകാധിപത്യവും നിറഞ്ഞ ഭരണത്തില്‍ ജനാധിപത്യത്തിന്റെ ജ്വാല കെടാതെ സൂക്ഷിക്കുന്നതിലുള്ള മാച്ചാഡോയുടെ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം. വെനിസ്വേലയിലെ മധൂറോ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളുടെ പരിണിത ഫലമായി നിലവില്‍ ഒളിവിലാണ് മച്ചാഡോ.

പുരസ്‌കാരം കിട്ടാത്തതില്‍ ട്രംപിന് ഈര്‍ഷ്യ ഉണ്ടാകാമെങ്കിലും മച്ചാഡോയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതിനെ അതിരൂക്ഷമായി വിമര്‍ശിക്കാന്‍ കഴിയില്ല. കാരണം, വെനിസ്വേലയിലെ മയക്കുമരുന്ന് ഓപ്പറേഷനുകളുടെ പേരില്‍ മദൂറോ സര്‍ക്കാരിന് എതിരെ വാളെടുത്ത ട്രംപ് എല്ലാ നയതന്ത്ര ഇടപാടുകളും നിര്‍ത്തി വച്ചിരിക്കുകയാണ്. വെനിസ്വേലയില്‍, ഭരണമാറ്റത്തിനാണ് അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

മധുറോയെ പിടികൂടുന്നവര്‍ക്കുള്ള പാരിതോഷികം 50 ദശലക്ഷം യുഎസ് ഡോളറായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് മച്ചാഡോ ട്രംപ് നന്ദി പറഞ്ഞിരുന്നു. ' ഞങ്ങളുടെ രാജ്യത്ത് അനധികൃതമായി അധികാരത്തില്‍ കടിച്ചുതൂങ്ങിയിരിക്കുന്ന ക്രിമിനല്‍-ഭീകര ഭരണകൂടത്തെ തൂത്തെറിയുന്നതിനുള്ള ട്രംപിന്റെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെയും തീരുമാനത്തിന് ഞങ്ങള്‍ വെനിസ്വേലക്കാര്‍ നന്ദി പറയുന്നു' എന്നാണ് മച്ചാഡോ ട്വീറ്റ് ചെയ്തത്.




ആരാണ് മരിയ കൊറിന മച്ചാഡോ?

ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ക്കും ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ പരിവര്‍ത്തനത്തിനായുള്ള പോരാട്ടങ്ങള്‍ക്കുമാണ് മരിയ കൊറിന മാച്ചാഡോയ്ക്ക് 2025-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് വെള്ളിയാഴ്ച സമാധാന നൊബേല്‍ പ്രഖ്യാപിച്ചത്.

ലാറ്റിനമേരിക്കയിലെ സമീപകാല ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ ഏറ്റവും ശക്തയായ നേതാക്കളിലൊരാളായാണ് മച്ചാഡോയെ വിശേഷിപ്പിക്കുന്നത്. വെനസ്വേലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ വെനിസ്വേലയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് പുരസ്‌കാരം.

വളര്‍ന്നുവരുന്ന ഇരുട്ടുകള്‍ക്കിടയില്‍ ജനാധിപത്യത്തിന്റെ ദീപശിഖ അണയാതെ കാക്കുന്ന, ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ വക്താവാണ് മച്ചാഡോയെന്ന് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം, യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ പരമോന്നത മനുഷ്യാവകാശ പുരസ്‌കാരം മരിയ കൊറീന മചാഡോയ്ക്കും വെനിസ്വേലന്‍ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ എഡ്മുണ്ട് ഗോണ്‍സാലസ് ഉറുട്ടിയയ്ക്കും സമ്മാനിച്ചിരുന്നു.

വെനിസ്വേലയിലെ ജനാധിപത്യാനുകൂല പ്രസ്ഥാനത്തിലെ മുഖ്യ നേതാവാണ് കുറെ വര്‍ഷങ്ങളായി മച്ചാഡോ. സ്വേച്ഛാധിപത്യ ഭരണം തുടരുന്ന നിക്കോളാസ് മധൂറോയ്ക്ക് എതിരെ ശബ്ദമുയര്‍ത്തിയ തന്റേടിയായ നേതാവിന്റെ ജീവന് വരെ ഭീഷണി നേരിട്ടപ്പോഴാണ് ഒളിവില്‍ പോകേണ്ടി വന്നത്. പലതവണ അറസ്റ്റ് ചെയ്യപ്പെടുകയും, യാത്രാ വിലക്കും രാഷ്ട്രീയ പീഡനങ്ങളും നേരിടേണ്ടിയും വന്നു. മച്ചാഡോ യുഎസ് ഏംബസിയിലാണ് ഒളിവില്‍ കഴിയുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.




ഉരുക്കുമുഷ്ടിയോടെ അടിച്ചമര്‍ത്തുന്ന മധുറോ സര്‍ക്കാരിനെതിരെ മല്ലടിക്കുന്ന മച്ചാഡോയെ la libertadora' (സ്വാതന്ത്ര്യ ദാതാവ്) എന്ന് വിശേഷിപ്പിക്കുന്നു. വെനിസ്വേലയുടെ സ്വാതന്ത്ര്യസമര നായകന്‍ സിമോണ്‍ ബൊളിവറുമായുള്ള സാമ്യത്താലാണ് ഈ പേരില്‍ അറിയപ്പെടുന്നത്.

2024ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മച്ചാഡോയെ വിലക്കുകയും തടവിലാക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. മധൂറോയുടെ വിവാദമായ തിരഞ്ഞെടുപ്പിന്റെ വാര്‍ഷികത്തില്‍ രഹസ്യമായ പ്രതിരോധത്തിനു ജൂലൈയില്‍ അവര്‍ ആഹ്വാനം ചെയ്തിരുന്നു. അഭപ്രായ സര്‍വേകളില്‍ വെനിസ്വേലയിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവായ മച്ചാഡോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് വന്നതോടെ അവസാന നിമിഷം, അധികം അറിയപ്പെടാത്ത മുന്‍ നയതന്ത്ര്പ്രതിനിധി ഗോണ്‍സാലസ് ഉറുട്ടിയയ്ക്ക് വേണ്ടി വഴി മാറി കൊടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ മഡൂറോ വിജയം നേടിയെന്ന് അവകാശപ്പെട്ടെങ്കിലും, യൂറോപ്യന്‍ യൂണിയനും മറ്റ് പല രാജ്യങ്ങളും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ എഡ്മുണ്ടോ ഗോണ്‍സാലസ് ഉറുട്ടിയയെ വിജയിയായി അംഗീകരിച്ചിരുന്നു.

റോക്ക് സ്റ്റാറിനെ പോലെ

എപ്പോഴും വെള്ള വസ്ത്രം ധരിക്കുന്ന മാച്ചാഡോ, കഴുത്തില്‍ നിരവധി ജപമാലകളോടെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ആരാധകരായ അനുയായികളുടെ സമ്മാനങ്ങളാണിവയെല്ലാം. 'Si, se puede!' (അതെ, നമുക്ക് കഴിയും!) എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകളാണ് അവരുടെ റാലികളില്‍ അണിനിരക്കുന്നത്. ഒരു റോക്ക് താരത്തെ പോലെ, അവരെ ഒന്നുകാണാന്‍, തൊടാന്‍ സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായി തടിച്ചുകൂടുന്നു. പിന്തുണയുമായി കൈയെഴുത്ത് കുറിപ്പുകള്‍ നല്‍കുകയും, ബേസ്‌ബോള്‍ തൊപ്പികളോ പൂക്കളോ സമ്മാനമായി നല്‍കുകയും ചെയ്യുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് നാളില്‍ ഇതൊന്നും ഗുണം ചെയ്തില്ലെന്ന് മാത്രം.




1967 ഒക്ടോബര്‍ 7ന് കാരാക്കസില്‍ ജനിച്ച മച്ചാഡോ, ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഫിനാന്‍സില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. 2002-ല്‍ 'സുമതെ' എന്ന സംഘടന സ്ഥാപിച്ചുകൊണ്ടാണ് അവര്‍ രാഷ്ട്രീയ രംഗപ്രവേശം ചെയ്തത്. വെനിസ്വേലന്‍ പ്രതിപക്ഷ പാര്‍ട്ടിയായ 'വെന്റേ വെനസ്വേല'യുടെ ദേശീയ കോ-ഓര്‍ഡിനേറ്ററായും അവര്‍ പ്രവര്‍ത്തിച്ചു. 2013ല്‍ നിലവില്‍ വന്ന പാര്‍ട്ടിയുടെ സഹ സ്ഥാപകയാണ്. 2010-2015 കാലയളവില്‍ ദേശീയ അസംബ്ലി അംഗമായിരുന്നു. ഹ്യൂഗോ ഷാവേസ്, നിക്കോളാസ് മഡുറോ ഭരണകൂടങ്ങളുടെ വിമര്‍ശകയായിരുന്നു മച്ചാഡോയെങ്കിലും ശക്തി പോരെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

2011-ല്‍ ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മച്ചാഡോ, സര്‍ക്കാര്‍ അതിക്രമങ്ങള്‍ക്കെതിരായ നിലപാടുകളിലൂടെയും അഴിമതി പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളിലൂടെയും ശ്രദ്ധേയയായി. 2014-ലെ വെനിസ്വേലന്‍ പ്രക്ഷോഭങ്ങളിലെ പങ്കാളിത്തം കാരണം അവര്‍ക്ക് ദേശീയ അസംബ്ലിയില്‍ നിന്ന് പുറത്തുപോകേണ്ടി വരികയും ക്രിമിനല്‍ അന്വേഷണങ്ങള്‍ നേരിടുകയും ചെയ്തു. 2023-ലെ പ്രതിപക്ഷ പ്രൈമറികളില്‍ 92 ശതമാനത്തിലധികം വോട്ടുകള്‍ നേടി അവര്‍ വിജയം ഉറപ്പിച്ചിരുന്നു

ഇസ്രയേലിനോട് അടുപ്പം കാട്ടിയതില്‍ ചൊടിച്ച് ഭരണപക്ഷം

തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോ വിജയിച്ചതായി തിരഞ്ഞെടുപ്പ് കൗണ്‍സില്‍ പ്രഖ്യാപിച്ചെങ്കിലും, പ്രതിപക്ഷം ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി എഡ്മുണ്ടോ ഗോണ്‍സാലസ് ആണ് യഥാര്‍ത്ഥ വിജയി എന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. ഈ സാഹചര്യത്തില്‍, വെനിസ്വേലയില്‍ 'ഭരണമാറ്റം' നടപ്പിലാക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് മച്ചാഡോ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കത്തയച്ചത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു.

വെനിസ്വേലന്‍ വിദേശകാര്യ മന്ത്രി ഇവാന്‍ ഗില്‍, മച്ചാഡോയുടെ നടപടിയെ ശക്തമായി വിമര്‍ശിച്ചു. വെനിസ്വേലയിലെ 'കൊടുംകുറ്റവാളികളെ' ഇസ്രയേല്‍ പിന്തുണയ്ക്കുകയും അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അറിയപ്പെടുന്ന ഏറ്റവും വലിയ അക്രമം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നതായും, വെനfസ്വേലന്‍ തീവ്ര വലതുപക്ഷത്തെ ഇസ്രയേല്‍ സാമ്പത്തികമായും അക്രമാസക്തമായ രീതികളിലും പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിനെ 'യുദ്ധക്കുറ്റവാളി', 'വെനിസ്വേലയിലെ ഫാസിസ്റ്റ് കുറ്റവാളികളെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര കുറ്റവാളി' എന്നിങ്ങനെയാണ് ഗില്‍ വിശേഷിപ്പിച്ചത്.




എല്ലാ വിമര്‍ശനങ്ങളെയും എതിര്‍പ്പുകളെയും മറികടന്ന്, മച്ചാഡോ വെനിസ്വേലന്‍ സ്വാതന്ത്ര്യങ്ങള്‍ക്കായി പോരാടുന്നവരുടെ നേതാവായി നിലകൊള്ളുന്നു. സമാധാന നൊബേല്‍ കൂടി കൈവന്നതോടെ അവരുടെ രാഷ്ട്രീയ പോരാട്ടത്തിന് തിളക്കമേറിയിരിക്കുന്നു.