- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിലെ സാധാരണ കുടുംബാംഗം; ചെറുകിട കരാറുകളിൽ പണിയെടുത്തുവരവേ മസ്ക്കറ്റിൽ ജോലി കിട്ടി പറന്നു; മടങ്ങി വരവ് കോടീശ്വരനായി; ഇതുവരെ വിവാദങ്ങളുടെ കറ പുരളാത്ത ബിസിനസ് ജീവിതം; എ ഐ ക്യാമറ വിവാദത്തിൽ പെട്ട പ്രസാഡിയോ കമ്പനി കാശ് കൊടുക്കാനുള്ളവരുടെ പട്ടികയിൽ പേരുവന്നതോടെ എയറിലായി; മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബു ആരാണ്?
തലശേരി: സാധാരണ കമ്യൂണിസ്റ്റ് കുടുംബത്തിൽ പിറന്ന പ്രകാശ്ബാബു എ. ഐ ക്യാമറാ വിവാദത്തിൽ ഉൾപ്പെട്ടതിലെ ദുരൂഹത തുടരുന്നു. എടത്തില ബാലകൃഷ്ണനെന്ന കറ തീർന്ന കമ്യൂണിസ്റ്റുകാരന്റെ മകളുടെ ഭർത്താവായ പ്രകാശ്ബാബു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. തലശേരി ടെംപിൾ ഗേറ്റിലെ വൈദ്യവൃത്തി ചെയ്തിരുന്ന കമ്യൂണിസ്റ്റുകാരന്റെ മകനാണ് പ്രകാശ്ബാബു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പിതാവ് എടത്തിൽ ബാലകൃഷ്ണന്മാസ്റ്റർ കമ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു.
കമ്യുണിസ്റ്റ് പ്രസ്ഥാനം മാത്രമല്ല പുരോഗമന ചിന്താഗതിക്കാർ ഒത്തുചേർന്നിരുന്ന യുക്തിവാദ പ്രസ്ഥാനത്തിന്റെയും സംസ്‌കാരിക സംഘടനകളുടെയും തലശേരിയിലെ മുൻനിര പ്രവർത്തകരിലൊരാളായിരുന്നു നാട്ടുകാർ ബാലകൃഷ്ണന്മാസ്റ്ററെന്നു വിളിക്കുന്ന ഇദ്ദേഹം. സാധാരണ കുടുംബത്തിൽ പിറന്ന പ്രകാശ്ബാബു തലശേരി നഗരത്തിൽ ഹൗസ് കീപ്പിങ് പോലുള്ള കരാർ പണിയെടുത്തു വരവേയാണ് മസ്‌കറ്റിൽ ജോലി കിട്ടി പോകുന്നത്.
സാധാരണ കുടുംബത്തിൽ പിറന്ന ഇദ്ദേഹം ഏതൊരു മലയാളിയെയും പോലെ ജീവിതം പച്ചപ്പിടിച്ചപ്പോഴാണ് ടെംപിൾ ഗേറ്റിൽ നിന്നും ഉമ്മൻചിറയിലേക്ക് പുതിയ വീടുനിർമ്മിച്ചു സ്ഥലം മാറുന്നത്. പിന്നീട് തലശേരിയിൽ കുയ്യാലിപുഴയിലെ കണ്ടൽവനങ്ങൾ നികത്തി തലശേരിയിലെ പ്രധാന കരാറുകാരനായ എം.സി ലക്ഷ്മണൻ നിർമ്മിച്ച വില്ല പ്രൊജക്റ്റിൽ ഒരു വില്ല സ്വന്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. സി.പി. എം നേതാവായിരുന്ന പിണറായി വിജയന്റെ മകൻ വിവേക് വിവാഹം കഴിച്ചത് മസ്‌കറ്റിലെ വൻബിസിനസുകാരനായി വളർന്ന പ്രകാശ്ബാബുവിന്റെ മകളെയാണ്. ഇതോടെ വിവേകിന്റെ ഗൾഫിലെ ജീവിതവും സുരക്ഷിതമായി. എം.സി എൻക്ളേവിൽ നടന്ന ഈ വിവാഹസത്കാരത്തിൽ ഉന്നത രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും അന്ന് പങ്കെടുത്തിരുന്നു.
ഇത്രയും കാലം യാതൊരുവിവാദങ്ങളിലും ഉൾപ്പെടാത്ത പ്രവാസി വ്യവസായിയായതിനാൽ പ്രകാശ്ബാബുവിന്റെ പേര് മറ്റാരെങ്കിലും ബിനാമി ബിസിനസ് നടത്താൻ ഉപയോഗിച്ചതാണോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഉൾപ്പെടെയുള്ളവർ പ്രകാശ്ബാബുവിന് വിവാദ കമ്പനിയുമായി ബന്ധമുണ്ടെന്നു ആരോപിക്കുമ്പോഴും അദ്ദേഹം അഴിമതിയിൽ പങ്കാളിയാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. എ. ഐ ക്യാമറ വിവാദത്തിലുൾപ്പെട്ട കമ്പനിയായ പ്രസാഡിയോ പണം നൽകാനുള്ള വ്യവസായ സംരഭകരിലാണ് ഇദ്ദേഹത്തിന്റെ പേരുൾപ്പെടുന്നത്. ഇതാണ് കമ്പനിയുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന ആരോപണം ഉയരാൻ കാരണം.
പ്രകാശ്ബാബു മാത്രമല്ല മറ്റുപലരും ഈ ലിസ്റ്റിൽ പണം ലഭിക്കാനുള്ളവരുടെ കൂട്ടത്തിലുണ്ട്. ക്യാമറാ ഇടപാടിൽ ആരോപണവിധേയരായ പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ്ബാബുവുമായി ബന്ധമുണ്ടെന്ന ചിലരേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പ്രസാഡിയോ കമ്പനി, കമ്പനി രജിസ്ട്രാർക്കു സമർപ്പിച്ച 2020-ലെ ഫിനാൻഷ്യൽ റിപ്പോർട്ടിലാണ് കമ്പനി പണം നൽകാനുള്ളവരുടെ പട്ടികയിൽ പ്രകാശ് ബാബുവിന്റെ പേരുമുള്ളത്. 1,700000 രൂപ പ്രകാശ് ബാബുവിന് കൊടുക്കാനുണ്ടെന്നും അദ്ദേഹത്തിന്റെ എറണാകുളത്തെ ഗസ്റ്റ്ഹൗസ് ഉപയോഗിച്ച വകയിൽ അൻപതിനായിരം രൂപയും നൽകാനുണ്ടെന്നാണ് രേഖയിലുള്ളത്. എന്നാൽ എന്താണ് കമ്പനിയും പ്രകാശ്ബാബുവും തമ്മിലുള്ള ഇടപാടെന്ന് സൂചിപ്പിച്ചിട്ടില്ല.
പ്രസാഡിയോയുടെ ഔദ്യോഗികസ്ഥാനങ്ങളിലൊന്നും പ്രകാശ്ബാബുവിന്റെ പേരുമില്ല.പക്ഷെ മൂന്നുവർഷമായി പ്രകാശ്ബാബുവിന് വിവാദകമ്പനിയുമായി ബന്ധമുണ്ടെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്. പ്രസാഡിയോ കനിക്ക് പിന്നിൽ പ്രകാശ്ബാബുവാണെന്നും കമ്പനിയുടെ ഡയറക്ടർ രാംജിത്ത് അദ്ദേഹത്തിന്റെ ബിനാമിയാണെന്നും ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിട്ടുണ്ടെങ്കിലും ഇനിയും ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ല.
മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവായ പ്രകാശ്ബാബു ഡയറക്ടറാണെന്നു വിശ്വസിപ്പിച്ചാണ് പ്രസാഡിയോ എ ഐ ക്യാമറയുടെ ഉപകരാറെടുക്കാൻ പ്രേരിപ്പിച്ചതെന്ന് കരാറിൽ നിന്നും പിന്മാറിയ അൽഹിന്ദ് കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കരാറുമായി ബന്ധപ്പെട്ട ആദ്യത്തെ രണ്ടു സൂം മീറ്റിങ്ങുകളിലും പ്രസാഡിയോയെ പ്രതിനിധീകരിച്ചു പ്രകാശ്ബാബു പങ്കെടുത്തുവെന്നും പിന്നീട് പ്രസാഡിയോയുമായി ബന്ധമില്ലെന്നു പറഞ്ഞുഒഴിഞ്ഞുമാറിയെന്നും അൽഹിന്ദ് വ്യക്തമാക്കിയിരുന്നു.
അതേസമയം, രണ്ടാം ലാവ്ലിനെന്ന് അറിയപ്പെടുന്ന എ. ഐ ക്യാമറ അഴിമതി ആരോപണങ്ങൾ തലശേരിയിലേക്ക് നീളുമ്പോൾ, പ്രതിരോധത്തിലാകുന്നത് കണ്ണൂരിലെ സി.പി. എമ്മാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ബന്ധുവായ പ്രകാശ്ബാബു കരാറിൽ ഇടപെട്ടുവെന്ന ആരോപണങ്ങൾ അന്തരീക്ഷത്തിൽ ഉയരുമ്പോഴും ഈക്കാര്യത്തിൽ സി.പി. എം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
രണ്ടരപതിറ്റാണ്ടിനു മുൻപ് കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ എസ്. എൻ.സി ലാവ്ലിൻ അഴിമതി ആരോപണം ഉയർന്നത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മുഖ്യമന്ത്രിയായ വേളയിലാണ്. തലശേരി കോടിയേരിയിലെ മലബാർ കാൻസർ സെന്റർ നിർമ്മാണവുമായി ബന്ധപ്പെട്ടു എസ്. എൻ. സി ലാവ് ലിനെന്ന കനേഡിയൻ കമ്പനിയുമായി കരാർ ഉറപ്പിക്കവെ നൂറുകോടിയോളം കമ്മിഷൻ ഇനത്തിൽ വാങ്ങിയെന്നായിരുന്നു ആരോപണം.
എന്നാൽ ഇതു 250- കോടിയിലേറെ വരുമെന്നും അന്നത്തെ വൈദ്യുതി മന്ത്രിയും ഉദ്യോഗസ്ഥരും ഇടനിലക്കാരായി നിന്ന് ഈപണം കൈക്കലാക്കിയെന്നുമായിരുന്നു ആരോപണം. പാർട്ടി വിഭാഗീയത കത്തി നിൽക്കുന്ന സമയത്ത് അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ പ്രതിസ്ഥാനത്തേക്ക് നിർത്താൻ ഒളിയമ്പുകൾ എയ്യുകയും നിയമപോരാട്ടം നടത്തുകയും ചെയ്തത് പ്രതിപക്ഷത്തെക്കാൾ കൂടുതൽ മറ്റൊരു പി.ബി അംഗമായിരുന്ന വി. എസ് അച്യുതാനന്ദനായിരുന്നു. സുപ്രീം കോടതിയിലെത്തി നിൽക്കുന്ന നിയമപോരാട്ടത്തിൽ ഇപ്പോഴും അന്തിമ തീർപ്പുകൽപ്പിച്ചിട്ടില്ലെങ്കിലും രണ്ടാം പിണറായി സർക്കാരിന് ലാവ്ലിൻ കേസ് ഒരു ഭീഷണിയായി മാറാൻ സാധ്യത കുറവാണ്.
എന്നാൽ ഇപ്പോൾ ഉയർന്നിട്ടുള്ള എ. ഐ ക്യാമറാവിവാദത്തിന്റെ വേരുകൾ ഒളിഞ്ഞുകിടക്കുന്നത് തലശേരിയിലാണെന്ന ആരോപണം കണ്ണൂരിലെ സി.പി. എമ്മിന് മറ്റൊരു വൈതരണിയായി മാറിയിരിക്കുകയാണ്. ഒളിക്യാമറാ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ബന്ധു ആരോപണവിധേയനായതോടെയാണ് കണ്ണൂരിലെ സി.പി. എം പ്രതിരോധത്തിലായത്. പ്രതിപക്ഷനേതാവ് വി.ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും കണ്ണൂരിലെ കറക്ക് കമ്പനിക്ക് ക്യാമറാ അഴിമതി ആരോപണത്തിൽ പങ്കുണ്ടെന്നു എങ്ങും തൊടാതെ വിമർശനമുന്നയിച്ചതെങ്കിൽ എ. ഐ ക്യാമറ വിവാദത്തിലുൾപ്പെട്ട കമ്പനിയായ പ്രസാഡിയോയ്ക്കു മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവായ പ്രകാശ്ബാബുവുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജെപി നേതാവ് ശോഭാസുരേന്ദ്രനാണ് വാർത്താസമ്മേളനത്തിൽ തുറന്നു പറഞ്ഞത്.
നേരത്തെ കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്കുകമ്പനിയാണ് ഇതിനു പിന്നിലെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശ്ബാബുവിന്റെ പേര് വെളിപ്പെടുത്തികൊണ്ടു ശോഭാസുരേന്ദ്രൻ രംഗത്തുവന്നത്.
ഇപ്പോൾ ഉയർന്നിട്ടുള്ള എ. ഐ ക്യാമറാവിവാദത്തെ രണ്ടാംലാവ്ലിനായാണ് ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. എന്നാൽ ക്യാമറാ അഴിമതി വിവാദത്തിൽ നിയമപോരാട്ടം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കണ്ണൂരിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ പോരാട്ടമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്