- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മൂന്ന് മിനിറ്റുള്ള വീഡിയോയ്ക്ക് വേണ്ടി സഹകരിച്ചാല്‍ നീ പറയുന്നിടത്ത് നിന്നെ കൊണ്ടുവിടാം; സഹകരിച്ചില്ലെങ്കില്‍ ഡിഡി റിട്രീറ്റില്‍ കാത്തിരിക്കുന്നവരുടെ കൈകളിലെത്തിക്കും'; ഇരയെ മാനസികമായി തകര്‍ത്തും ഭീഷണിപ്പെടുത്തിയും കീഴടക്കുന്ന ക്രൂരന്; സിനിമാക്കാരുടെ സുനിക്കുട്ടന്‍ പണ്ടേ ക്രിമിനല്‍; സൗമ്യനായ ഡ്രൈവര്‍ എന്ന മുഖംമൂടിയിട്ട് വേട്ടയാടിയ പള്‍സര്‍ സുനി ആരാണ്?
പള്‍സര്‍ സുനി ആരാണ്?
കൊച്ചി: എന്‍ എസ് സുനില്‍ എന്നുപറഞ്ഞാല്‍ അധികം പേര്‍ക്കും അറിയില്ല. നടിയെ ആക്രമിച്ച കേസിലെ പ്രതി എന്നും പറഞ്ഞാല്‍ മിക്കവരും തിരിച്ചറിയും, ഓ, പള്‍സര്‍ സുനി. പെരുമ്പാവൂര്‍ കോടനാട് സ്വദേശിയാണ് സുനി. സുനില്‍കുമാര്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പള്‍സര്‍ ബൈക്ക് മോഷ്ടിച്ചതോടെയാണ് 'പള്‍സര്‍ സുനി' എന്ന പേര് വീണത്. പള്‍സര്‍ ബൈക്കുകളോടുള്ള കമ്പം കാരണം സുഹൃത്തുക്കളാണ് സുനിലിന് 'പള്‍സര്‍ സുനി'യെന്ന പേര് നല്‍കിയതെന്ന്് മറ്റൊരു കഥയുമുണ്ട്. ഏന്തായാലും നടിയെ ആക്രമിച്ച കേസ് പള്‍സറിന്റെ പേരിലുളള ആദ്യകേസൊന്നും ആയിരുന്നില്ല. ബൈക്ക് മോഷണം മുതല്‍ അന്തര്‍ജില്ലാ വാഹന കവര്‍ച്ചാ സംഘത്തിന്റെ തലവന്‍ എന്ന നിലയിലേക്ക് ഇയാള്‍ വളര്‍ന്നു. സുനിക്ക് കുടുംബവുമായി ബന്ധമില്ലെന്നും സ്വന്തം സഹോദരിയുടെ വിവാഹത്തിന് പോലും ഇയാള്‍ എത്തിയില്ലെന്നുമാണ്, പിതാവ് സുരേന്ദ്രന്‍ ഒരിക്കല്‍ വ്യക്തമാക്കിയത്.
നടിയെ ആക്രമിക്കുന്നതിന് മുന്‍പ് തന്നെ പോലീസിന്റെ 'റൗഡി ലിസ്റ്റില്‍' സുനി ഇടംപിടിച്ചിരുന്നു. ബൈക്കുകളും മറ്റു വാഹനങ്ങളും മോഷ്ടിക്കുന്ന സംഘത്തിന്റെ തലവനായിരുന്നു. ലഹരി വില്‍പ്പന കേസില്‍ ആറുമാസം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ച് യാത്രക്കാരില്‍ നിന്ന് പണം കവര്‍ന്ന കേസും ഇയാള്‍ക്കെതിരെയുണ്ട്. ദുബായ് കേന്ദ്രീകരിച്ചുള്ള ചില അനശാസ്യ ഇടപാടുകളില്‍ സുനിക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിച്ചിരുന്നു.
ക്രിമിനലിനെ 'സുനിക്കുട്ടന്‍' ആക്കി സിനിമാക്കാര്‍
സിനിമക്കാര്‍ക്കിടയില്‍ സുപരിചിതനായിരുന്നു സുനി. പ്രമുഖ താരങ്ങളായ മുകേഷ്, കാവ്യ മാധവന്‍ എന്നിവരുടെ ഡ്രൈവറായും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ട്രാവലറുകളിലെ ഡ്രൈവറായും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. 2013-ല്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കി മുകേഷ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നതായി മൊഴി നല്‍കിയിരുന്നു. സിനിമാ സെറ്റുകളില്‍ സൗമ്യനായ ഡ്രൈവര്‍ എന്ന പ്രതിച്ഛായയിരുന്നു ഇയാള്‍ക്കുണ്ടായിരുന്നത്.
കേസ് (നമ്പര്‍: 100118/2018)
മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസ് (നമ്പര്‍: 100118/2018), ഒന്നാം പ്രതി പള്‍സര്‍ സുനി, സിനിമാ സെറ്റുകളിലെ 'സൗമ്യനായ ഡ്രൈവര്‍' എന്ന പ്രതിച്ഛായയ്ക്ക് പിന്നില്‍ ഒളിപ്പിച്ചത് ഭീകരമായ ഒരു ക്രിമിനല്‍ പശ്ചാത്തലമായിരുന്നു. കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് (FIR) പ്രകാരം, പള്‍സര്‍ സുനി നടിയെ ഭീഷണിപ്പെടുത്തിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ആക്രമണ സമയത്ത് സുനി ഉപയോഗിച്ച വാക്കുകളും ഭീഷണികളും ഇയാളെ കുറിച്ചുള്ള ചിത്രം നല്‍കും.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം സുനി ഭീഷണിപ്പെടുത്തിയത് ഇങ്ങനെയാണ്: 'രണ്ട് മൂന്ന് മിനിറ്റുള്ള വീഡിയോയ്ക്ക് വേണ്ടി സഹകരിക്കുകയാണെങ്കില്‍ നീ പറയുന്നിടത്ത് നിന്നെ കൊണ്ടുവിടാം.' സഹകരിച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന സൂചനയോടെയായിരുന്നു ഈ ബ്ലാക്ക് മെയിലിംഗ്. നടി എതിര്‍പ്പ് തുടര്‍ന്നപ്പോള്‍, അവരെ കൂടുതല്‍ ആളുകളുടെ കൈകളിലെത്തിക്കുമെന്നും സുനി ഭീഷണിപ്പെടുത്തി. നടിയെ വിട്ടയക്കില്ലെന്നും പകരം 'ഡിഡി റിട്രീറ്റിലേക്ക്' (DD Retreat) കൊണ്ടുപോകുമെന്നും അവിടെ കൂടുതല്‍ ആളുകള്‍ കാത്തിരിപ്പുണ്ടെന്നും സുനി പറഞ്ഞു. ഇതിലൂടെ നടിയെ കൂടുതല്‍ മാനസികമായി തകര്‍ക്കാനും തങ്ങള്‍ പറയുന്നതിന് വഴങ്ങാനും സുനി ശ്രമിച്ചു.
2017 ഫെബ്രുവരി 17-ന് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് സുനിയുടെ പേരിലുള്ള പ്രധാന കുറ്റം. ആക്രമണം ആസൂത്രണം ചെയ്യുന്നതിനായി ഡ്രൈവര്‍ മാര്‍ട്ടിനെ ഉപയോഗിച്ച് നടിയുടെ യാത്രയുടെ ഓരോ ഘട്ടവും സുനി നിരീക്ഷിച്ചിരുന്നു. യാത്രയ്ക്കിടയില്‍ നടിയുടെ ഫോണ്‍ പിടിച്ചുവാങ്ങുകയും പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടയ്ക്കുകയും ചെയ്തു. തങ്ങള്‍ക്കൊപ്പം സഹകരിക്കുക മാത്രമാണ് ഏക രക്ഷയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു സുനിയുടെ ശ്രമം.
ഈ കേസിലെ ജാമ്യത്തിലിറങ്ങിയ ശേഷവും പള്‍സര്‍ സുനി തന്റെ ക്രിമിനല്‍ സ്വഭാവം തുടര്‍ന്നു. 2025 ഫെബ്രുവരിയില്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ച് ഓര്‍ഡര്‍ വൈകിയതിന്റെ പേരില്‍ ഗ്ലാസ് തകര്‍ക്കുകയും ജീവനക്കാരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ഭാരതീയ ന്യായ സംഹിത (BNS) സെക്ഷന്‍ 351(2) (Criminal Intimidation) പ്രകാരം വീണ്ടും കേസെടുക്കുകയുണ്ടായി.
നടിയെ വേട്ടയാടിയത് ഇങ്ങനെ
നടിയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് സുനി പല വഴികളിലൂടെ അവര്‍ക്ക് പിന്നാലെ കൂടി. നടിയുടെ ലൊക്കേഷനുകളില്‍ ഡ്രൈവറായി എത്തിയെങ്കിലും ആദ്യം അവസരം ലഭിച്ചിരുന്നില്ല. നടിയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇതിനുമുമ്പ് രണ്ടുതവണ ശ്രമം നടത്തിയിരുന്നതായി വെളിപ്പെട്ടു. പിന്നീട്, നടിക്ക് അന്യഭാഷാ സിനിമകളില്‍ അവസരം വന്നതോടെ സുനില്‍കുമാര്‍ ഈ ശ്രമം ഉപേക്ഷിച്ചു. ഇതിനിടെയാണ് മലയാള സിനിമയില്‍ അഭിനയിക്കാന്‍ നടി വീണ്ടും എത്തുന്നത്. സിനിമാ സെറ്റില്‍ അമിതവിധേയത്വം കാണിച്ചു നടിയോട് അടുക്കാന്‍ പ്രതി ശ്രമിച്ചു.
2017 ജനുവരിയില്‍ ഷൂട്ടിങിനായി ഗോവയിലെത്തിയപ്പോള്‍ സുനില്‍കുമാര്‍ അവിടെ ഡ്രൈവറായി ജോലിക്കുണ്ടായിരുന്നു. എയര്‍പോര്‍ട്ടിലെത്തിയ നടിയെ ഹോട്ടലിലെത്തിച്ചത് സുനി ഓടിച്ച കാറിലാണ്. ആക്രമിക്കപ്പെട്ട സമയത്ത് സുനിയെ നടി തിരിച്ചറിഞ്ഞത് ഈ പരിചയത്തിലാണ്.
സംഭവം നടന്ന ഫെബ്രുവരി 17നു തൃശൂരില്‍നിന്നു നടിയെ എറണാകുളത്ത് എത്തിക്കണമെന്ന നിര്‍ദേശം വന്ന സമയത്തും സുനി സ്ഥലത്തുണ്ടായിരുന്നു. പ്രതിഫലം വാങ്ങാനായാണ് സുനി ഓഫിസിലെത്തിയത്. തൃശൂര്‍ക്കു പോകാമോ എന്നു സുനിയോടു മാനേജര്‍ ചോദിച്ചപ്പോള്‍, രണ്ടു ദിവസം ജോലിക്കില്ലെന്ന് പറഞ്ഞ സുനിയാണ് മാര്‍ട്ടിനെ അയച്ചുകൂടേ എന്ന നിര്‍ദേശം വച്ചത്. സുനിയും മാര്‍ട്ടിനും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണു സുനി മാര്‍ട്ടിന്റെ പേരു നിര്‍ദേശിച്ചത്.
2017 ഫെബ്രുവരി 17 ന്, ഒരു സിനിമാ ഷൂട്ടിങ്ങിനായിട്ടാണ് തൃശ്ശൂര്‍ പാട്ടുരയ്ക്കലിലുള്ള വീട്ടില്‍ നിന്ന് നടി കൊച്ചിയിലേക്ക് പുറപ്പെടുന്നത്. ലാല്‍ ക്രിയേഷന്‍സ് എന്ന നിര്‍മ്മാണ കമ്പനി ഏര്‍പ്പാട് ചെയ്ത എസ്യുവിയില്‍ വൈകീട്ട് 7 മണിക്ക് കയറുന്നു. വാഹനം കൊച്ചി പനമ്പിള്ളി നഗറിലേക്ക് പോകുന്നതിനിടെയാണ്, കേരളത്തെ നടുക്കിയ ആക്രമണം ഉണ്ടാകുന്നതെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) വ്യക്തമാക്കുന്നു.
നടിയെ പിന്തുടര്‍ന്ന് സുനിയും സംഘവും
എസ്യുവി ഡ്രൈവര്‍ മാര്‍ട്ടിന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ നടിയെ പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് ഗുണ്ടാസംഘത്തിലെ രണ്ടുപേര്‍ വാഹനത്തില്‍ അതിക്രമിച്ചു കയറി നടിയുടെ വായ കൈപ്പത്തി കൊണ്ട് പൊത്തി. ഭീഷണിപ്പെടുത്തി നടിയുടെ മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി. പാലാരിവട്ടത്ത് എത്തിയപ്പോള്‍, മാര്‍ട്ടിനും രണ്ട് സംഘാംഗങ്ങളും പുറത്തിറങ്ങുകയും, പള്‍സര്‍ സുനിയും, ടവ്വല്‍ കൊണ്ട് മുഖംമൂടി ധരിച്ചിരുന്ന മറ്റ് രണ്ട് പേരും വാഹനത്തില്‍ കയറുകയായിരുന്നു.
സുനി വാഹനം ഓടിച്ചപ്പോള്‍ മാര്‍ട്ടിന്‍ അക്രമികളുടെ വാനില്‍ സംഘത്തോടൊപ്പം ചേര്‍ന്നു. കാക്കനാട്ടേക്ക് പോയ എസ്യുവി ഒരു പാലത്തിന് സമീപം നിര്‍ത്തി. തുടര്‍ന്ന് സുനി പിന്‍സീറ്റിലേക്ക് കയറി. തുടര്‍ന്ന് എതിര്‍പ്പു വകവെയ്ക്കാതെ നടിയെ മടിയിലിരുത്തി, ആക്രമിച്ചു. രാത്രി 8:30 മുതല്‍ രാത്രി 11 വരെ ആക്രമണം നീണ്ടു നിന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പള്‍സര്‍ സുനി പകര്‍ത്തുകയും ചെയ്തുവെന്ന് എഫ്ഐആറില്‍ പറയുന്നു. നടിയെ പിന്നീട് കാക്കനാട് പടമുഗളില്‍ ഉപേക്ഷിക്കുകയായിരുന്നു.
നടി നേരെ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. ലാലിന്റെ കൈകളിലേക്ക് തളര്‍ന്നു വീണ നടി, സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. ലാല്‍ ഉടന്‍ തന്നെ പിടി തോമസ് എംഎല്‍എയേയും നിര്‍മ്മാതാവ് ആന്റോ ജോസഫിനെയും വിവരം അറിയിച്ചു. അവര്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. പി ടി തോമസിന്റെ ഇടപെടലാണ് പൊലീസിനെ കര്‍ക്കശവും ജാഗ്രതയോടെയുമുള്ള ഇടപെടലിന് കാരണമായത്.
നാടകീയമായ അറസ്റ്റ്
2017 ഫെബ്രുവരി 17-ന് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് സുനിയുടെ പേരിലുള്ള പ്രധാന കുറ്റം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുനിയെ പിടികൂടാന്‍ പോലീസ് വലിയ വലവിരിച്ചു. ഒടുവില്‍ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ കോടതിമുറിക്കുള്ളില്‍ വച്ച് പോലീസ് സാഹസികമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ സുനിയുടെ അറസ്റ്റും നാടകീയമായിരുന്നു. കോടതി സമുച്ചയത്തിന്റെ മതില്‍ ചാടിക്കടന്ന് കോടതിമുറിക്കുള്ളില്‍ പ്രവേശിച്ചെങ്കിലും ഉച്ചഭക്ഷണ സമയമായതിനാല്‍ ജഡ്ജി ഉണ്ടായിരുന്നില്ല. ഈ സമയം പ്രയോജനപ്പെടുത്തിയ സെന്‍ട്രല്‍ സിഐ അനന്തലാലും സംഘവും സുനിയെ സാഹസികമായി കീഴ്‌പ്പെടുത്തി. അന്ന് കോടതിയില്‍ എത്തിയതും തന്റെ ഇഷ്ടവാഹനമായ പള്‍സര്‍ ബൈക്കിലായിരുന്നു എന്നത് മറ്റൊരു യാദൃശ്ചികത.




