ന്യൂഡൽഹി: പീഡനക്കേസിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യയിൽ നിന്ന് മുങ്ങി സ്വന്തമായി രാജ്യം ഉണ്ടാക്കിയ നിത്യാനന്ദയെ എല്ലാവർക്കും അറിയാം. യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസയുടെ അധിപൻ പീഡനവീരനാണെന്നൊക്കെ പറയാമെങ്കിലും, നിയമം ഇയാൾക്ക് മുന്നിൽ ഓച്ഛാനിച്ചുനിൽക്കുന്ന ദുരവസ്ഥയാണ് കാണുന്നത്. ഫെബ്രുവരിയിൽ, ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ കൈലാസയുടെ പ്രതിനിധി പങ്കെടുത്തത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

19ാമത് സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങൾ സംബന്ധിച്ച സമിതിയുടെ യോഗത്തിന്റെ 73ാമത്തെ സെഷനിൽ, വളരെ അവിചാരിതമായാണ്, യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസ എന്ന രാജ്യത്തിന്റെ പ്രതിനിധികൾ പങ്കെടുത്തത്. പ്രതിനിധിസംഘത്തിലെ എല്ലാവരും വനിതകളായിരുന്നു. നിത്യാനന്ദ ഇത് ട്വീറ്റ് ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ നേതാവെന്ന് പറയാവുന്നത് വിജയപ്രിയ നിത്യാനന്ദയാണ്.

ഹിന്ദുമതത്തിന്റെ പ്രാചീന പാരമ്പര്യം വീണ്ടെടുക്കാൻ ശ്രമിക്കുന്ന നിത്യാനന്ദയെ പീഡിപ്പിക്കുകയാണെന്നും, ജന്മരാജ്യത്ത് വിലക്കിയിരിക്കുകയാണെന്നും ഒക്കെ പറഞ്ഞ് സഹതാപ വോട്ടുനേടാനായിരുന്നു വിജയപ്രിയയുടെ ശ്രമം. നിത്യാനന്ദയ്ക്കും കൈലാസത്തിലെ ഇരുപത് ലക്ഷം വരുന്ന് ഹിന്ദുക്കൾക്കും നേരെയുമുള്ള പീഡനം തടയാൻ അന്തർദേശീയ തലത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്നും അവർ യുഎന്നിൽ ചോദ്യമുന്നയിച്ചു. ലോകത്തിലെ 150 ഓളം രാജ്യങ്ങളിൽ തങ്ങളുടെ രാജ്യത്തിന് എംബസികളും എൻജിഒകളും ഉണ്ടെന്നും അവർ അവകാശപ്പെട്ടു.

ആരാണ് വിജയപ്രിയ നിത്യാനന്ദ?

സാരിയുടുത്ത്, തലപ്പാവ് അണിഞ്ഞ് സർവാവരണവിഭൂഷിതയായിരുന്നു വിജയപ്രിയ നിത്യാനന്ദ. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയുടെ സ്ഥിരം അംബാസഡർ എന്നാണ് സ്വയം വിശേഷിപ്പിച്ചത്. ഫേസ്‌ബുക്ക് പ്രൊഫൈൽ പ്രകാരം, വാഷിങ്ടൺ ഡിസിയിലാണ് താമസം. വലംകൈയിൽ നിത്യാനന്ദയുടെ ചിത്രം ടാറ്റു ചെയ്തിട്ടുണ്ട്.

നിത്യാനന്ദയെ 'തന്റെ ജീവിതത്തിന്റെ ഉറവിടം' എന്നാണ് വിജയപ്രിയ വിശേഷിപ്പിച്ചത്. കൂടാതെ താൻ ഒരിക്കലും കൈലാസത്തെയോ നിത്യാനന്ദയേയോ ഉപേക്ഷിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. നമസ്‌കാരത്തിന് പകരം നിത്യാനന്ദം എന്നാണ് വിജയപ്രിയ പറയുന്നത്.

കൈലാസത്തിലെ നയതന്ത്രജ്ഞ എന്ന പദവിയാണ് വിജയപ്രിയക്ക് നൽകിയിരിക്കുന്നത്. ലിങ്ക്ഡ് ഇന്നിൽ നൽകിയ വിവര പ്രകാരം 2014ൽ കനേഡിയൻ യൂണിവേഴ്‌സിറ്റിയിൽ മൈക്രോബയോളജിയിൽ ബിരുദ ധാരിയാണ്. ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുണ്ട്. മികച്ച അക്കാദമിക് പ്രകടനത്തിന് ഡീനിന്റെ ബഹുമതി ലഭിച്ചിട്ടുണ്ടെന്നും 2013 ലും 2014 ലും അന്താരാഷ്ട്ര ബിരുദ വിദ്യാർത്ഥി സ്‌കോളർഷിപ്പും ലഭിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെടുന്നു.

വിജയപ്രിയയുടെ നേതൃത്വത്തിലാണ് കൈലാസ മറ്റ് രാജ്യങ്ങളും സംഘടനകളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. യുണൈറ്റഡ് നേഷൻസ് കോൺഫറൻസിൽ വിജയപ്രിയ നിരവധി രാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കുകയും ഫോട്ടോയെടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു. ലോകരാഷ്ട്രങ്ങൾക്കിടയിൽ അംഗീകാരം ലഭിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണിതെന്നാണ് വിലയിരുത്തൽ. വിജയപ്രിയ അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചില കരാറുകളിൽ ഒപ്പുവെച്ചതായും അഭ്യൂഹമുണ്ട്.

പല രാജ്യങ്ങളിലും കൈലാസയുടെ എംബസികളും എൻജിഒകളും തുറന്നിട്ടുണ്ടെന്ന് വിജയപ്രിയ നിത്യാനന്ദ അവകാശപ്പെടുന്നു. വിജയപ്രിയയെ കൂടാതെ കൈലാസ മേധാവി മുക്തികാ ആനന്ദ്, കൈലാസ സന്യാസി ലൂയിസ് ചീഫ് സോന കാമത്ത്, കൈലാസ യുകെ മേധാവി നിത്യ ആത്മദയകി, കൈലാസ ഫ്രാൻസ് മേധാവി നിത്യ വെങ്കിടേശാനന്ദ, കൈലാസ സ്ലോവേനിയൻ മാ പ്രിയമ്പര നിത്യാനന്ദ എന്നിവരും 'കൈലാസ'യെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു.

യുഎൻ പ്രതികരണം

ഒരു സാങ്കൽപിക രാജ്യത്തെ പ്രതിനിധികളുടെ പ്രസ്താവനകൾ തങ്ങൾ അവഗണിക്കുമെന്നാണ് യുഎൻ ഉന്നത് ഉദ്യോഗസ്ഥൻ ബിബിസിയോട് പറഞ്ഞത്. സമ്മേളനത്തിൽ ചർച്ച ചെയ്ത വിഷയങ്ങളുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണ് കൈലാസ പ്രതിനിധികൾ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്ക് അഭിപ്രായം പറയാൻ അവസരം നൽകിയ വേദിയിലാണ് കൈലാസ പ്രതിനിധികൾ സംസാരിച്ചതെന്നും പറയുന്നു.

എന്തായാലും കൈലാസ പ്രതിനിധികൾ യുഎൻ സമ്മേളനത്തിൽ പങ്കെടുത്തത് ഇന്ത്യയെ മാത്രമല്ല, ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.