ന്യൂഡൽഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനെ അമേരിക്കയില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എഫ്ബിഐ അറസ്റ്റ് വാറന്റ് പുറത്തിറക്കിയ ഇന്ത്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ. ആരാണ് വികാഷ് യാദവ്?

കൊലപാതക ശ്രമത്തിന്റെ മുഖ്യ ആസൂത്രകന്‍ ഹരിയാന സ്വദേശിയായ, വികാസ് യാദവ് എന്ന മുന്‍ റോ ഏജന്റാണെന്നാണ് എഫ്ബിഐ കുറ്റപത്രത്തില്‍ പറയുന്നത്. എന്നാൽ ആരോപണങ്ങള്‍ നിഷേധിച്ച കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ തെളിവുകളൊന്നുമില്ലെന്നും വ്യക്തമാക്കി.

യഥാർത്ഥത്തിൽ പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിൽ മുൻ റോ ഉദ്യോഗസ്ഥന് പങ്കുണ്ടോ? സെക്യൂരിറ്റി മാനേജ്‌മെൻ്റിലും ഇൻ്റലിജൻസിലും പ്രവർത്തിക്കുന്ന "സീനിയർ ഫീൽഡ് ഓഫീസർ" ആണ്

വികാഷ് യാദവെന്നാണ് എഫ്ബിഐ കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതക ശ്രമം, ഗൂഢാലോചന, കള്ളപണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് വികാഷ് യാദവിനെതിരെ യുഎസ് നീതിന്യായ വകുപ്പ് ചുമത്തിയിരിക്കുന്നത്.

ഹരിയാന സ്വദേശിയായ 39 വയസുകാരനായ വികാഷ് യാദവ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഭാഗമായ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നെന്നാണ് വിവരം. സുരക്ഷാ വിഭാഗത്തിലും രഹസ്യാന്വേഷണ വിഭാഗത്തിലും ചുമതലയുള്ള മുതിർന്ന ഫീൽഡ് ഓഫിസറായിരുന്നു വികാഷ് യാദവ്.

കൂടാതെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെ (സിആർപിഎഫ്) മുൻ അസിസ്റ്റന്റ് കമാൻഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കൗണ്ടർ ഇന്റലിജൻസ്, യുദ്ധവിമാനം, ആയുധങ്ങൾ, പാരച്യൂട്ടിങ് എന്നിവയിൽ പ്രത്യേക പരിശീലനവും വികാഷിന് ലഭിച്ചിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

2023 ജൂണിൽ ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിനെ പിന്നാലെയാണ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. തുടർന്ന്, വികാസ് യാദവ്, ഗുര്‍പത്വന്ത് സിങ് പന്നൂനെ വധിക്കാനായി നിഖില്‍ ഗുപ്ത എന്നയാള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്ന്. നിഖില്‍ ഗുപ്ത അമേരിക്കയില്‍ പന്നൂനെ വധിക്കാനായി വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തി. ഒരു ലക്ഷം ഡോളറിന്റേതായിരുന്നു ക്വട്ടേഷന്‍.

എന്നാല്‍ വധശ്രമത്തെക്കുറിച്ച് വിവരം ലഭിച്ച അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ പന്നൂനെ സുരക്ഷിതനാക്കുകയായിരുന്നു. കൊലപാതകത്തിന് 1,00,000 ഡോളർ നൽകാമെന്നായിരുന്നു കരാറെന്നും മുൻകൂറായി 15,000 ഡോളർ പണമായി നൽകാൻ വികാഷ് ഏർപ്പാടുകൾ ചെയ്തിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

2023 ജൂണിൽ, പന്നുവിനെ കുറിച്ചുള്ള വിലാസങ്ങളും ഫോൺ നമ്പറുകളും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ വികാഷ് യാദവ്, നിഖിൽ ഗുപ്തയ്ക്ക് കൈമാറി. 2023 ജൂൺ 20ന് നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക യുഎസ് സന്ദർശനമുണ്ടായിരുന്നു. അതിനാൽ ഈ സമയത്ത് കൊലപാതകം നടക്കരുതെന്നും നിഖിൽ ഗുപ്തയ്ക്ക് നിർദേശം നൽകിയിരുന്നു.

തുടര്‍ന്ന് നിഖില്‍ ഗുപ്തയെയും വാടകക്കൊലയാളികളെയും അറസ്റ്റ് ചെയ്തതായി അമേരിക്ക പറയുന്നു. നിഖില്‍ ഗുപ്തയെ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും അറസ്റ്റ് ചെയ്ത് കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം അമേരിക്കയ്ക്ക് കൈമാറുകയായിരുന്നു.

അതേസമയം, ആരോപണങ്ങൾ വികാഷിൻറെ ബന്ധുക്കളും നിഷേധിച്ചു. തനിക്കെതിരെയുള്ളത് വ്യാജ വാർത്തകളാണെന്നു വികാഷ് തന്നെ പറഞ്ഞതായാണ് ബന്ധു അവിനാശ് യാദവ് വെളിപ്പെടുത്തിയത്. വികാഷ് സിആർപിഎഫിൽ ഡപ്യൂട്ടി കമാൻഡന്റ് ആണെന്നും, 2009ൽ സേനയിൽ ചേർന്ന് പാരാട്രൂപ്പറായും പരിശീലനം നേടിയെന്നും, രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് എന്നതിനെപ്പറ്റി തങ്ങൾക്കറിയില്ലെന്നും അവിനാശ് പറഞ്ഞു. എന്നാൽ, വികാഷ് എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം നൽകിയിട്ടില്ല. അതിനെപ്പറ്റി അറിയില്ലെന്നായിരുന്നു അവിനാശിന്റെ മറുപടി.