- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്നായി ചിത്രം വരയ്ക്കും; വലിയ ശാസ്ത്രീയ സംഗീത ആരാധകൻ; പൂർണമായി സസ്യഭുക്ക്; ആറ് ഭാഷകൾ സംസാരിക്കും; കലാകാരനെന്ന് വിശേഷിപ്പിക്കാമെങ്കിലും കയ്യിലിരുപ്പ് കൊടുംക്രിമിനലിന്റേത്; മരണത്തിന്റെ വ്യാപാരി എന്നറിയപ്പെടുന്ന ആയുധ വ്യാപാരി വിക്ടർ ബൗട്ടിനെ യുഎസ് ബാസ്‌ക്കറ്റ് ബോൾ താരത്തിന് പകരം റഷ്യയ്ക്ക് വിട്ടുനൽകി അമേരിക്ക; ആരാണ് വിക്ടർ ബൗട്ട്?
ദുബായ്: യുഎസ് വനിതാ ബാസ്‌കറ്റ് ബോൾ താരം ബ്രിട്ട്‌നി ഗൈനറെ തിരിച്ചുകിട്ടാൻ മരണത്തിന്റെ വ്യാപാരി എന്നറിയപ്പെടുന്ന ആയുധ വ്യാപാരി വിക്ടർ ബൗട്ടിനെ അമേരിക്ക റഷ്യയ്ക്ക് വിട്ടുനൽകിയ വാർത്ത ഇപ്പോൾ, അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ബ്രിട്ട്‌നി ഗ്രൈനർ ഈ വർഷം ഫെബ്രുവരിയിലാണ് റഷ്യയിൽ തടങ്കലിലായത്. മോസ്‌കോ വിമാനത്താവളത്തിൽ വച്ച് കഞ്ചാവ് ഓയിൽ കൈവശം വച്ചതിനാണ് അമേരിക്കൻ ബാസ്‌ക്കറ്റ് ബോൾ സൂപ്പർ താരത്തെ റഷ്യ അകത്തിട്ടത്. അബദ്ധം സംഭവിച്ചതാണെന്ന് വാദിച്ചുനോക്കിയെങ്കിലും ഏറ്റില്ല. ഓഗസ്റ്റ് നാലിന് ഒമ്പത് വർഷത്തെ തടവിനാണ് ബ്രിട്ട്‌നി ഗ്രൈനറെ ശിക്ഷിച്ചത്.
നേരത്തെ ബ്രിട്ട്‌നി ഗ്രൈനർക്കൊപ്പം, റഷ്യയിൽ ചാരവൃത്തിക്ക് പിടിയിലായ യുഎസ് നാവികൻ പോൾ വീലനെയും വിട്ടയയ്ക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പോൾ ചാരവൃത്തി നടത്തിയെന്ന ആരോപണം അമേരിക്ക നിഷേധിച്ചിരുന്നെങ്കിലും റഷ്യഅത് വകവച്ചുകൊടുത്തിരുന്നില്ല. എന്തായാലും, അന്തിമ കരാറിൽ, പോളിനെ ഒഴിവാക്കി. അബുബാദിയിൽ വച്ച് വിക്ടർ ബൗട്ടിനെ റഷ്യക്കും, ബ്രിട്ട്‌നിയെ അമേരിക്കയ്ക്കും പരസ്പരം കൈമാറി. പോളിന്റെ 16 വർഷത്തെ ജയിൽ വാസം തുടരും.
കഴിഞ്ഞദിവസം പ്രൈവറ്റ് ജെറ്റുകളിലാണ് ഇരുവരെയും അബുദാബിയിൽ എത്തിച്ചത്. മോസ്‌കോയിൽനിന്ന് ബ്രിട്ട്നിയുമായി റഷ്യയുടെ വിമാനവും വാഷിങ്ടണിൽനിന്ന് വിക്ടറുമായി യു.എസിന്റെ വിമാനവും അബുദാബി വിമാനത്താവളത്തിലെത്തി.
മരണത്തിന്റെ വ്യാപാരി
1930 കളിൽ അമേരിക്കയിലാണ് ഇങ്ങനെയൊരു പ്രയോഗം നിലവിൽ വന്നത്. ഒന്നാം ലോകമഹായുദ്ധത്തിന് തുക നൽകി സഹായിച്ച വ്യവസായങ്ങളെയും, ബാങ്കുകളെയും വിശേഷിപ്പിക്കാനാണ് ഈ പ്രയോഗം അന്നുപയോഗിച്ചത്. അമേരിക്കക്കാരെ വകവരുത്താൻ രഹസ്യദൗത്യവുമായി പുറപ്പെട്ട മുൻ സോവിയറ്റ് സൈനിക ഉദ്യോഗസ്ഥനാണ് വിക്ടർ ബൗട്ട്. ഇയാൾ വിമാനവേധ മിസൈലുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തുവെന്നുമാത്രമല്ല, ഒരു ഭീകര സംഘടനയ്ക്ക് ആയുധങ്ങൾ വിതരണം ചെയ്തതായും ആരോപണം ഉയർന്നിരുന്നു.
ആരാണ് വിക്ടർ ബൗട്ട്?
2008 ലാണ് ആയുധ കച്ചവടത്തിന് വിക്ടർ ബൗട്ട് പിടിയിലാകുന്നത്. 55 കാരനായ ഇയാൾ ലോകത്തിലെ ഏറ്റവും വലിയ പിടികിട്ടാപുള്ളികളിൽ ഒരാളായിരുന്നു. തെമ്മാടി രാഷ്ട്രങ്ങൾക്കും, വിമതഗ്രൂപ്പുകൾക്കും, ആഫ്രിക്കയിലെയും, ഏഷ്യയിലെയും, ദക്ഷിണ അമേരിക്കയിലെയും കൊലയാളികളായ യുദ്ധ പ്രഭുക്കന്മാർക്കും ആയുധം വിറ്റിരുന്ന ബൗട്ട് അക്ഷരാർത്ഥത്തിൽ മരണത്തിന്റെ വ്യാപാരിയായിരുന്നു. തായ്ലാൻഡിലെ ബാങ്കോക്കിൽ നിന്നാണ് ഇയാളെ യു.എസ്. പിടികൂടുന്നത്. രഹസ്യഓപ്പറേഷനിലൂടെ യു.എസ്. സംഘം വിക്ടറിനെ പിടികൂടിയത് റഷ്യൻ സർക്കാരിനെ വല്ലാതെ പ്രകോപിച്ചിരുന്നു. പിന്നീട് രണ്ടുവർഷത്തിന് ശേഷം യു.എസിലേക്ക് നാടുകടത്തി. കഴിഞ്ഞ 12 വർഷമായി അമേരിക്കൻ ജയിലിൽ തടവിൽ കഴിഞ്ഞുവരികയായിരുന്നു വിക്ടർ.
25 വർഷം തടവിന് ശിക്ഷിച്ച വിക്ടറിനെ വിട്ടയച്ചതിനെതിരേ അമേരിക്കയിൽ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ഇത് കൈമാറ്റമെല്ലെന്നും ബൈഡൻ ഭരണകൂടത്തിന്റെ കീഴടങ്ങലാണെന്നും വൈറ്റ് ഹൗസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ കുറ്റപ്പെടു്തി. വിക്ടറിനെ പിടികൂടുന്നതിൽ മുഖ്യപങ്കുവഹിച്ച യു.എസ്. ഡ്രഗ് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ മുൻ ഏജന്റ് റോബർട്ട് സക്കറിയാഷീവ്സും ബൈഡന്റെ നടപടിയെ വിമർശിച്ചു. തീവ്രവാദസംഘങ്ങൾക്ക് റഷ്യ നൽകുന്ന സഹായങ്ങളെക്കുറിച്ച് വെളിപ്പെടുത്തുമെന്ന ഭയമാണ് പ്രസിഡന്റ് വ്ളാഡിമിർ പുതിൻ വിക്ടറിനെ തിരിച്ചെത്തിക്കാൻ കാരണമെന്ന് മുൻ റഷ്യൻ എംപി. വ്ളാഡിമിർ ഒഷേക്കിനും കുറ്റപ്പെടുത്തി.
എന്തായാലും, വിക്ടർ ബൗട്ടിന്റെ ആദ്യകാല ജീവിതം തീർത്തും ദുരൂഹമാണ്. സോവിയറ്റ് താജികിസ്ഥാന്റെ തലസ്ഥാനമായിരുന്ന ദുഷാൻബെയിൽ 1967 ൽ ആയിരുന്നു ഇയാളുടെ ജനനം എന്ന് ജീവചരിത്രകാരന്മാർ പൊതുവെ സമ്മതിക്കുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, അറബി, പേർഷ്യൻ എന്നീ ഭാഷകൾ നന്നായി അറിയാമായിരുന്ന വിക്ടർ, ആ കഴിവ് ആയുധ കച്ചവടത്തിനും ഉപയോഗിച്ചു. സോവിയറ്റ് സൈന്യത്തിൽ ചേർന്ന ഇയാൾ ലെഫ്റ്റനന്റ് റാങ്ക് വരെ ഉയർന്നു. അങ്കോളയിൽ അടക്കം സൈനിക പരിഭാഷകനായി ജോലി നോക്കി. അങ്കോളയാണ് പിന്നീട് ഇയാളുടെ ആയുധ കച്ചവടത്തിന്റെ കേന്ദ്രമായി മാറിയത്.
1989-91 ൽ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ താഴെ വീണപ്പോൾ, ഇയാൾ ആ സന്ദർഭം നന്നായി മുതലെടുത്തു. സോവിയറ്റ് കാലത്തെ ഉപേക്ഷിക്കപ്പെട്ട ആയുധങ്ങൾ വിറ്റഴിച്ച് ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒക്കെ നിരവധി ആഭ്യന്തര യുദ്ധങ്ങൾക്കാണ് വിക്ടർ ബൗട്ട് തിരി കൊളുത്തിയത്. സോവിയറ്റ് യൂണയിൻ ഇല്ലാതായതോടെ, വിശാലമായ സൈനിക വിമാനശേഖരവും പലതായി ചിതറി പോയി. യുഎഇ കേന്ദ്രമാക്കിയിരുന്ന 60 സോവിയറ്റ് സൈനിക വിമാനങ്ങൾ ഇയാൾ വാങ്ങി കൂട്ടി. ഈ വിമാനങ്ങൾ വഴിയായിരുന്നു ലോകമെമ്പാടും ഇയാളുടെ ആയുധ കച്ചവടം പൊടിപൊടിച്ചത്.
വിക്ടർ ബൗട്ടിന്റെ പല രഹസ്യ കച്ചവടങ്ങളുടെയും വിശദാംശങ്ങൾ 2007 ൽ പുറത്തിറങ്ങിയ 'മെർച്ചന്റ് ഓഫ് ഡെത്ത്: ഗൺസ്, പ്ലെയിൻസ് ആൻഡ് ദ മാൻ ഹു മെയിക്‌സ് വാർ പോസിബിൾ' എന്ന ഡഗ്ലസ് ഫറയും, സ്റ്റീഫൻ ബ്രോണും എഴുതിയ ജീവചരിത്രത്തിൽ ഉണ്ട്. ഷാർജയിലെ ഒരു ലോജിസ്റ്റിക്‌സ് ബിസിനസിന്റെ മറവിലാണ് വിക്ടർ ബൗട്ട് തന്റെ ആയുധ കച്ചവടസാമ്രാജ്യം കെട്ടിപ്പടുത്തതെന്ന് ജീവചരിത്രത്തിൽ പറയുന്നു. ആഫ്രിക്കയിൽ ആയുധ കച്ചവടം നടത്തുന്ന റഷ്യൻ പൗരൻ എന്ന നിലയിലാണ് ബൗട്ട് ആദ്യം അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ശ്രദ്ധയിൽ പെടുന്നത്.
മുൻ ലൈബീരിയൻ പ്രസിഡന്റും, യുദ്ധ പ്രഭുവും ആയിരുന്ന ചാൾസ് ടെയ്‌ലർക്ക് ആയുധങ്ങൾ വിതരണം ചെയ്തിരുന്ന ആളാണ് വിക്ടർ ബൗട്ട് എന്ന വിവരവും പുറത്തുവന്നിരുന്നു. ചാൾസ് ടെയ്‌ലർ ഇപ്പോൾ, കൊലപാതകം, ബലാൽസംഗം, ഭീകരവാദം എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട് 50 വർഷത്തെ ജയിൽ വാസത്തിലാണ്. ടെയ്‌ലർക്ക് മാത്രമല്ല, ലിബിയൻ ഏകാധിപതി ഗദ്ദാഫിക്കും ഇയാൾ ആയുധങ്ങൾ വിതരണം ചെയ്തിരുന്നു. 2008 ൽ ബാങ്കോക്കിലെ ഒരു ആഡംബര ഹോട്ടലിൽ നിന്ന് ്അമേരിക്കൻ ഡ്രഗ് എൻഫോഴ്‌മെന്റ് പിടികൂടും വരെ വിക്ടർ ബൗട്ട് തന്റെ ലീലാ വിലാസങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു.
സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി
അതിന് മുമ്പ് ഒരു സ്റ്റിങ് ഓപ്പറേഷനിലും, വിക്ടർ ബൗട്ട് കുടുങ്ങിയിരുന്നു. കൊളംബിയയിലെ ഫാർക് ഗറില്ലകളെന്ന വ്യാജേന തന്നെ സമീപിച്ച അമേരിക്കൻ രഹസ്യ ഏജന്റുമാരോട്, താൻ 100 ഭൂതല-വ്യോമതല മിസൈലുകൾ വിൽക്കാൻ തയ്യാറാണെന്ന് സമ്മതിക്കുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു. ഫാർക് ഗറില്ലകൾ അമേരിക്കൻ സൈനികർക്ക് നേരെയാണ് ഈ മിസൈലുകൾ ഉപയോഗിച്ചുവന്നിരുന്നത്. ഇതിനെ തുടർന്ന് തായ് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
വിക്ടർ ബൗട്ട് അകത്തായെങ്കിലും റഷ്യ വെറുതെയിരുന്നില്ല. രണ്ടുവർഷത്തിലേറെ നീണ്ട നയതന്ത്ര പോരാട്ടത്തിൽ ബൗട്ട് നിരപരാധി എന്ന വാദമാണ് അവർ ഉയർത്തിയത്. കേസ് രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു രണ്ടാമത്തെ വാദം. എതായാലും, ബൗട്ടിനെ അമേരിക്കയിലേക്ക് നാടുകടത്തി. ഭീകരർക്ക് ആയുധങ്ങൾ നൽകി സഹായിച്ചു. അമേരിക്കക്കാരെ വകവരുത്താൻ ഗൂഢാലോചന നടത്തി, കള്ളപ്പണം വെളുപ്പിക്കൽ അങ്ങനെ നിരവധി കുറ്റങ്ങൾ ചുമത്തി ജയിലിൽ അടച്ചു. ഫാർക്കുമായി ബന്ധപ്പെട്ട കുറ്റങ്ങളും ചുമത്തിയെങ്കിലും ബൗട്ട് അത് നിഷേധിച്ചു. 2012 ൽ മാൻഹാട്ടൻ കോടതിയാണ് 25 വർഷത്തേക്ക് ജയിൽ വാസം വിധിച്ചത്. അന്നുമുതൽ ഇയാളെ മോചിപ്പിക്കാൻ റഷ്യൻ സർക്കാർ തിടുക്കം കൂട്ടുകയായിരുന്നു. വിക്ടർ ബൗട്ടിന്റെ ജീവിതത്തെ ചുറ്റിപ്പറ്റി 2005-ൽ നിക്കൊളാസ് കേജിന്റെ 'ലോർഡ് ഓഫ് വാർ' എന്ന ഹോളിവുഡ് ചിത്രവും പുറത്തുവന്നു.
മോചിതനായ ശേഷം മോസ്‌കോയിലെ നുകോവോ വിമാനത്താവളത്തിൽ വിക്ടർ ബൗട്ട് വന്നിറങ്ങുന്നതിന്റെയും ഭാര്യയും അമ്മയും സ്വീകരിക്കുന്നതിന്റെയും ദൃശ്യങ്ങൾ റഷ്യൻ ടിവി പുറത്തുവിട്ടിട്ടുണ്ട്.
തന്നെ പെട്ടെന്ന് വിളിച്ച് എഴുന്നേൽപ്പിച്ച് തയ്യാറാകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ഒരു സൂചന പോലും അമേരിക്കക്കാർ തന്നില്ലെന്നും വിക്ടർ പിന്നീട് പറഞ്ഞു. ഹീനമായ ആയുധ കച്ചവടക്കാരൻ എങ്കിലും, ഉള്ളിൽ കലാകാരനാണ് വിക്ടർ ബൗട്ട്. ചിത്രകലയിൽ മിടുക്കനാണ്. ജയിലിൽ വരച്ച സ്റ്റാലിന്റേത് അടക്കമുള്ള ചിത്രങ്ങൾ അടുത്തിടെ പ്രദർശനത്തിന് വച്ചിരുന്നു. ഇയാൾ പൂർണമായും സസ്യഭുക്കാണ്. വലിയ ശാസ്ത്രീയ സംഗീത ആരാധകൻ. ആറ് ഭാഷകൾ സംസാരിക്കും. ഇയാളെ 2012ൽ ജയിലിൽ അടച്ച ജഡ്ജി പോലും പറഞ്ഞത് വിക്ടറിന് 11 വർഷം മതിയായ ശിക്ഷ എന്നാണ്. ബാങ്കോക്കിൽ അറസ്റ്റിലാകുമ്പോൾ, 6 ബില്യൻ ഡോളറിന്റെ സ്വത്തിന് ഉടമയായിരുന്നു വിക്ടർ ബൗട്ട്.
മറുനാടന് മലയാളി ബ്യൂറോ