- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെക്കൻ കേരളം അടക്കിവാണ മദ്യരാജാവിനെ ചതിച്ചത് ആര്? താൻ വിഷമദ്യം വിതരണം ചെയ്തിരുന്നെങ്കിൽ നൂറുകണക്കിന് ആളുകൾ പിടഞ്ഞുവീണ് മരിക്കുമായിരുന്നെന്ന് മണിച്ചൻ; വിഷമദ്യം വിതരണം ചെയ്തത് മണിച്ചനെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മുൻ ഡി.ജി.പി സെൻകുമാറും; ആ വിഷമദ്യം വന്ന വഴി ഇന്നും അജ്ഞാതം; മണിച്ചൻ ജയിൽ മോചിതനാകുമ്പോൾ
തിരുവനന്തപുരം: ഒരുകാലത്ത് കേരളത്തിലെ അറിയപ്പെടുന്ന മദ്യരാജാവായിരുന്ന മണിച്ചനെ ഡോൺ ആയി വാഴിച്ചതിൽ രാഷ്ട്രീയ നേതാക്കളുടെ പങ്ക് ചെറുതല്ല. 1995 നവംബർ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി സംസ്ഥാനത്ത് ചാരായ നിരോധനം നടപ്പാക്കിയതോടെ തുടങ്ങിയതാണ് ഈ ദുരന്തത്തിന്റെ നാൾവഴി. അതോടെ ചാരായഷാപ്പുകൾ അടച്ചുപൂട്ടി. എന്നാൽ ബാറുകളുടെ എണ്ണം കൂട്ടി വിദേശമദ്യം ആവശ്യാനുസരണം ലഭ്യമാക്കി. വിദേശമദ്യ വ്യാപാരം സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ കുത്തകയായി. സാധാരണക്കാരന്റെയും പാവങ്ങളുടെയും ആശ്രയമായിരുന്ന ചാരായം ഇല്ലാതാകുകയും വിദേശമദ്യം വ്യാപകമാകുകയും ചെയ്തതോടെ ചാരായനിരോധനം ഉദ്ദേശിച്ച ഒരു ഫലവും നൽകിയില്ല. തുച്ഛവിലയ്ക്ക് ചാരായം കുടിച്ചവർ വലിയവില നൽകി വിദേശമദ്യം കഴിക്കാൻ തുടങ്ങിയതോടെ മദ്യമുതലാളിമാരുടെയും കീശവീർത്തു.
1996 ൽ ചാരായനിരോധനം ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫ് സർക്കാർ പരാജയപ്പെട്ടു. ഇടതുമുന്നണി അധികാരത്തിലെത്തി. ഇ.കെ നായനാർ മുഖ്യമന്ത്രിയായി. നിരോധിച്ച ചാരായം കള്ളുഷാപ്പുകളിലൂടെ യഥേഷ്ടം വിറ്റുതുടങ്ങിയതോടെ ഇതരസംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് സ്പിരിറ്റിന്റെ ഒഴുക്ക് തന്നെയുണ്ടായി. സർക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമെല്ലാം അതിന്റെ ഗുണഭോക്താക്കളായതോടെ സംസ്ഥാനത്ത് അനധികൃത സ്പിരിറ്റ് കച്ചവടവും കള്ളിൽ ചാരായം കലർത്തി വില്പനയും വ്യാപകമായി. അങ്ങനെ ഉയർന്നുവന്ന മദ്യരാജാവായിരുന്നു ചിറയിൻകീഴ് സ്വദേശി മണിച്ചൻ എന്ന ചന്ദ്രൻ. തിരുവനന്തപുരം റേഞ്ചിലെ കള്ളുഷാപ്പുകൾ മുഴുവൻ ലേലത്തിൽ പിടിച്ച മണിച്ചൻ തന്റെ ഷാപ്പുകളിലൂടെ യഥേഷ്ടം സ്പിരിറ്റൊഴുക്കി. പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ഭരണകക്ഷി നേതാക്കൾക്കുമെല്ലാം മണിച്ചൻ വാരിക്കോരി പണം നൽകി. മണിച്ചനെ മദ്യരാജാവെന്ന പദവിയിലെത്തിച്ചതിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വ്യവസ്ഥിതിയും ഭരണകൂടങ്ങളുമൊക്കെ പ്രതിക്കൂട്ടിലാണ്. മണിച്ചനിൽ നിന്ന് കോടികൾ മാസപ്പടിയായി വാങ്ങിയതായി ആരോപണം ഉയർന്ന പല മാന്യന്മാരും പിന്നീട് എംഎൽഎ മാരും മന്ത്രിമാരുമൊക്കെയായി മാറിയതും മറ്റൊരു ചരിത്രം. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കും ഒന്നും സംഭവിച്ചില്ല.
എല്ലാവരും ആനന്ദത്തിലാറാടി നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ദുരന്തം വിഷമദ്യത്തിന്റെ രൂപത്തിൽ ഫണം വിടർത്തിയത്. 2000 ഒക്ടോബർ 20, 21, 22 ദിവസങ്ങളിലായി കല്ലുവാതുക്കൽ, പട്ടാഴി, തിരുവനന്തപുരം പള്ളിപ്പുറം എന്നിവിടങ്ങളിലായി 33 പേർ പിടഞ്ഞു വീണു മരിച്ചു. 20 ന് പ്രഭാകരൻ എന്നയാൾ കല്ലുവാതുക്കൽ ജംഗ്ഷനിൽ കുഴഞ്ഞുവീണ് മരിച്ചിടത്താണ് തുടക്കം. പിന്നീട് മൂന്ന് ദിവസങ്ങളിലായി നിരവധി പേർ കുഴഞ്ഞുവീണ് മരിച്ചു. രക്ഷപ്പെട്ട നിരവധി പേരുടെ കാഴ്ചശക്തി നശിച്ചു. അതോടെ കല്ലുവാതുക്കൽ ജംഗ്ഷനിലെ വീട്ടിൽ ചാരായക്കച്ചവടം നടത്തിയിരുന്ന 'താത്ത' എന്നറിയപ്പെടുന്ന ഹയറുന്നിസ, ഭർത്താവ് രാജൻ എന്നിവർ ആദ്യമായി പിടിയിലായി. കൊച്ചനിയാണ് ഇവിടെ ചാരായം എത്തിച്ചിരുന്നതെന്നാണ് ഹയറുന്നിസ പൊലീസിനോട് പറഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിലാണ് മണിച്ചനടക്കം പ്രതികൾ പിടിയിലായത്. സംഭവത്തെ തുടർന്ന് ഒളിവിൽപോയ മണിച്ചൻ പിന്നീട് അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. മീഥൈൽ ആൽക്കഹോൾ കലർന്ന മദ്യം കഴിച്ചതാണ് മരണകാരണമായത്.
അന്ന് ഐ.ജി ആയിരുന്ന സിബിമാത്യൂസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതികളെല്ലാം കൊല്ലം ജില്ലാ ജയിലിൽ കിടന്നാണ് വിചാരണ നേരിട്ടത്. 2002 ജൂലായ് 16 ന് മണിച്ചനടക്കം 13 പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും മറ്റു 14 പേർക്ക് 7 മുതൽ 10 വർഷം വരെ തടവും കൊല്ലം ജില്ലാ സെഷൻസ് ജഡ്ജിയായിരുന്ന ചന്ദ്രദാസ നാടാർ വിധിപ്രസ്താവിച്ചു. മണിച്ചന് വിവിധ വകുപ്പുകളിലായി 30.45 ലക്ഷം പിഴയും ജീവപര്യന്തം അടക്കം 43 വർഷത്തെ തടവുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് പറഞ്ഞിരുന്നു. താത്തയും ഭർത്താവ് രാജനും ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ മരണമടഞ്ഞു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമൊക്കെ മണിച്ചൻ അപ്പീൽ പോയെങ്കിലും ജില്ലാ കോടതി നൽകിയ ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
കല്ലുവാതുക്കൽ മദ്യ ദുരന്തത്തിൽ മണിച്ചന് പങ്കുള്ളതായി താൻ കരുതുന്നില്ലെന്ന് മുൻ പൊലീസ് മേധാവി ടി.പി സെൻകുമാർ വെളിപ്പെടുത്തിയിരുന്നു.' ഞാൻ വിശ്വസിക്കുന്ന കാര്യമാണത്. അതായത് മണിച്ചൻ വിഷമദ്യം വിതരണം ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കോടതി കണ്ടെത്തി ശിക്ഷിച്ചതാണ്. അതുവേറെ കാര്യം. നിയമം അനുസരിച്ചേ പറ്റൂ. പക്ഷേ എന്റെ വിശ്വാസം, എന്റെ അറിവ് വച്ച് മണിച്ചനാണ് വിഷ മദ്യം വിതരണം ചെയ്തതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.''- സെൻകുമാർ പറയുന്നു. മണിച്ചനെന്ന മദ്യ വ്യാപാരിയുടെ വേരുകൾ മറ്റ് ജില്ലകളിൽ പടരാൻ തുടങ്ങിയപ്പോൾ ചിലർ ബുദ്ധിപൂർവം അദ്ദേഹത്തെ ചതിച്ചതാണെന്ന് അന്നേ അടുത്ത് അറിയുന്നവർ പറഞ്ഞിരുന്നു. എന്നാൽ തെളിവുകൾ മണിച്ചന് എതിരായതിനാൽ കുതന്ത്രക്കാർ വിജയിക്കുകയായിരുന്നു. 31 പേർ മരിക്കുകയും 6പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്ത വലിയ ദുരന്തമാണ് അന്ന് കേരളം കണ്ടത്. 150 പേരാണ് മരണാസന്നരായി അന്ന് ചികിത്സയിലായത്.
പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനായ മണിച്ചൻ മര്യാദക്കാരനായതോടെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റി. ഇപ്പോൾ അവിടെ മികച്ച കർഷകനാണ് മണിച്ചൻ. ഇടയ്ക്കിടെ പരോളിലിറങ്ങുന്ന മണിച്ചൻ ആറ്റിങ്ങലിൽ ബന്ധു നടത്തുന്ന ജ്യൂസ് കടയിൽ പോയിരിക്കും. മണിച്ചനെ മോചിപ്പിക്കുന്നതിൽ ഭിന്നാഭിപ്രായമുള്ളവർ ഉണ്ടെങ്കിലും കല്ലുവാതുക്കൽ മദ്യദുരന്തത്തിനു കാരണമായ മീഥൈൽ ആൽക്കഹോൾ എവിടെ നിന്നാണെത്തിയതെന്ന കാര്യം തനിക്കറിയുകയേ ഇല്ലെന്നാണ് ജ്യൂസ് കടയിൽ അടുത്തിടെ മണിച്ചനെ കണ്ടമുട്ടിയ മാധ്യമ പ്രവർത്തകനോട് അദ്ദേഹം പറഞ്ഞത്. തന്റെ ഷാപ്പുകളിൽ നിന്ന് മദ്യപിച്ച ഒരാൾ പോലും മരിച്ചില്ല. താൻ വിഷമദ്യം വിതരണം ചെയ്തിരുന്നെങ്കിൽ നൂറുകണക്കിന് ആളുകൾ പിടഞ്ഞുവീണ് മരിക്കുമായിരുന്നുവെന്നും മണിച്ചൻ പറഞ്ഞു. മണിച്ചൻ പറഞ്ഞത് സത്യമായാലും കള്ളമായാലും കല്ലുവാതുക്കലിൽ മരിച്ച 19 പേരുടേയും പട്ടാഴിയിൽ മരിച്ച ഒൻപത് പേരുടേയും പള്ളിപ്പുറത്ത് മരിച്ച രണ്ട് പേരുടെയും മരണകാരണമായ മീഥൈൽ ആൽക്കഹോൾ എവിടെനിന്നെത്തിയെന്നത് അന്നും ഇന്നും ദുരൂഹമായി തുടരുന്നു.
കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തലവൻ സിബിമാത്യൂസും സംഘത്തിലെ പ്രധാനിയായിരുന്ന ഡിവൈ.എസ്‌പി കെ.കെ ജോഷ്വയും തമ്മിൽ പോരടിക്കുന്ന കാഴ്ചയും പിന്നീടുണ്ടായി. വിവരാവകാശ കമ്മിഷണറായി വിരമിച്ച ശേഷം സിബി മാത്യൂസ് 'നിർഭയം' എന്ന പേരിൽ എഴുതിയ സർവീസ് സ്റ്റോറിയിൽ തന്നെക്കുറിച്ചുള്ള പരാമർശമാണ് ജോഷ്വയുടെ പരസ്യ പ്രതികരണത്തിലേക്കെത്തിച്ചത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ മണിച്ചൻ പൂജപ്പുര സെൻട്രൽ ജയിലിൽവച്ച് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നൊരു പരാതി സിബി മാത്യൂസ് നൽകിയിരുന്നു. കേസന്വേഷണ സംഘത്തലവനായ തന്നെ മാത്രം മണിച്ചൻ ലക്ഷ്യമിട്ടതിനു കാരണം ജോഷ്വയും മണിച്ചനുമായി ഒരു 'ഡീൽ' ഉണ്ടാക്കിയിരുന്നോ എന്ന് സംശയിക്കുന്നെന്നാണ് പുസ്തകത്തിൽ പരാമർശിച്ചത്. എസ്‌പി യായി വിരമിച്ച ജോഷ്വ ഇതിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി.
ഭർത്താവിന്റെ മോചനത്തിനായി ഉഷ വർഷങ്ങളായി നടത്തിയ നിയമപോരാട്ടമാണ് ഒടുവിൽ ഫലം കണ്ടുതുടങ്ങിയതും ഗവർണർ മോചനത്തിനുള്ള ഫയലിൽ ഒപ്പിടാനിടയാക്കിയതും. കേസിൽ കുടുങ്ങി ജീവിതം അപ്പാടെ തകർന്നെങ്കിലും മണിച്ചന്റെ കുടുംബം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള പ്രാർത്ഥനയിലും കാത്തിരിപ്പിലുമായിരുന്നു. മൂത്തമകൻ പ്രവീണിന്റെ ബി.ബി.എ പഠനകാലത്താണ് മണിച്ചൻ കേസിൽ ശിക്ഷിക്കപ്പെട്ട് അകത്തായത്. അതോടെ, ബംഗളൂരുവിലെ ബി.ബി.എ പഠനം മതിയാക്കി പ്രവീൺ നാട്ടിലെത്തി. പത്താം ക്‌ളാസിൽ സഹോദരിയുടെ പഠനവും അവസാനിച്ചു. മദ്യദുരന്തക്കേസിലെ പ്രതിയുടെ മകളെന്ന പേരുദോഷം വിവാഹത്തിനും തടസമായി.
ആദ്യവിവാഹം തെറ്റിപ്പിരിഞ്ഞ മകളുടെ രണ്ടാം വിവാഹത്തിനാണ് വർഷങ്ങൾക്ക് ശേഷം മണിച്ചൻ പതിനഞ്ച് ദിവസത്തെ പരോളിലെത്തിയത്. മകളുടെ വിവാഹ ശേഷം ജയിലിലേക്ക് മടങ്ങിയ മണിച്ചൻ പിന്നീട് കോവിഡ് കാലത്ത് തടവുകാരുടെ പരോൾ സമയത്ത് കഷ്ടിച്ച് രണ്ടുവർഷത്തോളം വീട്ടിലുണ്ടായിരുന്നു. ജയിലിലെ അറിയപ്പെടുന്ന കർഷകനായ മണിച്ചൻ കോവിഡ്കാല പരോളിൽ വീട്ടിലും നല്ല കർഷകനായി. പരോൾ കാലാവധി അവസാനിച്ചപ്പോഴാണ് മടങ്ങിയത്. കേസിന്റെ ശിക്ഷാകാലാവധി അവസാനിച്ചിട്ടും കേസിൽ അകപ്പെട്ടതിന്റെ ശനിദശ മണിച്ചന്റെ കുടുംബത്തിന് തീർന്നിട്ടില്ല.
ചിറയിൻകീഴ് പണ്ടകശാലയ്ക്ക് സമീപത്തെ വീടും വസ്തുക്കളുമെല്ലാം ഇപ്പോഴും അറ്റാച്ച്‌മെന്റിലാണ്. കേസും കുടുംബത്തിന്റെ നിത്യ ചെലവുകളും മക്കളുടെ പഠനവും വിവാഹവുമൊക്കെയായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെട്ട ഉഷയ്ക്കും കുടുംബത്തിനും കുടുംബവക വസ്തുക്കൾ പോലും തുണയായില്ല. മക്കൾ പ്രായപൂർത്തിയാകുംവരെ ഇരട്ടക്കലുങ്കിന് സമീപത്തെ ബന്ധുവീട്ടിലാണ് ഉഷ കഴിഞ്ഞത്. ബി.ബി.എ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പ്രവീൺ ഇടയ്ക്ക് വിദേശത്തേക്ക് പോയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. കല്ലുവാതുക്കൽ ദുരന്തമുണ്ടായി വർഷങ്ങൾക്ക് ശേഷവും അതിന്റെ പേരുദോഷം പേറി ജീവിക്കുന്ന ഈ കുടുംബത്തിന് ഒരപേക്ഷ മാത്രം. ജയിലിൽ നിന്ന് മടങ്ങിയെത്തുന്ന മണിച്ചനെ ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്