- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഖ്യാപനം വരും മുന്‍പേ ചുവരെഴുത്ത്; വോട്ടെണ്ണിയപ്പോള്‍ റെക്കോഡ് ഭൂരിപക്ഷം! എതിരാളികളെ നിഷ്പ്രഭമാക്കി അംബികാ വേണുവിന്റെ ഹാട്രിക് കുതിപ്പ്! പത്തനംതിട്ടയുടെ മനസ്സ് കീഴടക്കിയ ഈ 'സാധാരണക്കാരി' ഇനി നഗരസഭ ഭരിക്കുമോ? ജനസമ്മതിയില്‍ ഒന്നാമതായ അംബികയുടെ പേരുവെട്ടുമെന്ന് ആശങ്ക; നാട്ടുകാര്‍ നെഞ്ചിലേറ്റിയ ഈ 'ജനപ്രിയ'യെ തഴയുമോ?
അംബിക വേണു പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ ആകുമോ?
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പോ, ലോക്‌സഭാ തിരഞ്ഞെടുപ്പോ പോലെയല്ല, തദ്ദേശ തിരഞ്ഞെടുപ്പ്. പൊതുജനങ്ങള്‍ എന്ന വലിയ വാക്കിനേക്കാള്‍, നാട്ടുകാര്‍ എന്ന വാക്കാണ് വാര്‍ഡ് തല തിരഞ്ഞെടുപ്പിലും മറ്റും യോജിക്കുക. കാരണം രാജ്യാന്തര പ്രശ്‌നങ്ങളോ, ദേശീയ പ്രശ്‌നങ്ങളോ അല്ല അവിടെ വിഷയം. നാട്ടുകാരുടെ വിളിപ്പുറത്തുണ്ടാകുന്ന, സദാ സേവന സന്നദ്ധരായ കൗണ്‍സിലര്‍മാരെയാണ് പ്രതീക്ഷിക്കുക. ആ പ്രതീക്ഷ നിറവേറ്റുമെന്ന് ജനത്തിന് തോന്നിയാല്‍ അവരെ ജയിപ്പിച്ചു വിടും. ആരെപ്പോള്‍ വിളിച്ചാലും, അവിടെയെല്ലാം ഓടിയെത്തുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ജനപ്രതിനിധിയെ നാട്ടുകാര്‍ നെഞ്ചിലേറ്റുമെന്ന് പറയേണ്ടതില്ല. അതുകൊണ്ടാകണം പത്തനംതിട്ട നഗരസഭ ഒന്‍പതാം വാര്‍ഡിലെ അംബിക വേണുവിനെ (കോണ്‍ഗ്രസ്) മൂന്നാം വട്ടവും നാട്ടുകാര്‍ വിജയശ്രീലാളിതയാക്കിയത്.
വെറുതെയങ്ങ് ജയിക്കുകയായിരുന്നില്ല അംബിക. നഗരസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസിലെ അംബികാ വേണു നാട്ടുകാരുടെ പൊന്നോമനയായി വീണ്ടും വിജയക്കൊടി പാറിച്ചത്. വലിയ ഭൂരിപക്ഷം മാത്രമല്ല ഏറ്റവും കൂടുതല്‍ വോട്ടും നേടി അംബിക. സ്വന്തം വാര്‍ഡിലെ മാത്രമല്ല, മറ്റു വാര്‍ഡുകളിലെ ആവശ്യക്കാരുടെ പ്രശ്‌നങ്ങള്‍ കേട്ടും കണ്ടുമറിഞ്ഞ് പരിഹരിക്കാനും സദാ മുന്നിലുണ്ട് അംബിക. അതിനുള്ള സമ്മാനമാണ് അംബികയ്ക്ക് മൂന്നുവട്ടം തുടര്‍ച്ചയായി നല്‍കിയത്. ഇപ്പോള്‍ നാട്ടുകാര്‍ തന്നെ പറയുന്നു സര്‍വ്വ സമ്മതയും, ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ ജനപ്രതിനിധിയുമായ അംബിക വേണുവിനെ തന്നെ നഗരസഭാ ചെയര്‍പേഴ്‌സണാക്കണം എന്ന്. എന്നാല്‍, അതത്ര എളുപ്പമാണോ?
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നേ അംബികയെ സ്വാഗതം ചെയ്ത് ചുവരെഴുത്ത്
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നേ തന്നെ അംബികയെ നാട്ടുകാര്‍ സ്വാഗതം ചെയ്തു എന്നതാണ് കൗതുകകരം. കുമ്പഴ ഈസ്റ്റ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്‍പ് തന്നെ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ചുവരെഴുത്തുകളും പ്രചാരണ പരിപാടികളും ആരംഭിച്ചിരുന്നു.
സാധാരണയായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമാണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കാറുള്ളത്. എന്നാല്‍ ഇവിടെ പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ തന്നെ തങ്ങളുടെ പ്രതിനിധിയെ സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറെടുക്കുന്ന കൗതുക കാഴ്ചയായിരുന്നു. അങ്ങനെ അംബിക മത്സരം തുടങ്ങും മുമ്പേ തന്നെ ജയിച്ചിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
നഗരസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷം
കുമ്പഴ ഈസ്റ്റ് വാര്‍ഡില്‍ ആകെ പോള്‍ ചെയ്ത 842 വോട്ടുകളില്‍ 663 വോട്ടുകള്‍ അംബിക വേണു നേടി. എതിര്‍ സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫ് സ്വതന്ത്ര ബിജി ജോസഫ് 98 വോട്ടുകളാണ് നേടിയത്. പ്രീതാ കുമാരി (ബിജെപി) 81 വോട്ടുമാണ് നേടിയത്. അംബികയുടെ ഭൂരിപക്ഷം 565 വോട്ടുകള്‍. നഗരസഭയില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ചത് കളക്ടറേറ്റ് വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ അര്‍ജുനനാണ്. സി.പി.എമ്മിലെ മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രനെ നാല് വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.
മുണ്ടുകോട്ടയ്ക്കല്‍ വാര്‍ഡില്‍ കോണ്‍ഗ്രസിലെ സജി.കെ.സൈമണ്‍ 419 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്്. സജി.കെ.സൈമണിന് 521 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജനതാദള്‍ സെക്യുലര്‍ പ്രിനു ടി. മാത്യുസിന് 102 വോട്ടാണ് ലഭിച്ചത്. നഗരസഭയില്‍ ഭൂരിപക്ഷത്തില്‍ 3-ാം സ്ഥാനത്ത് കൊടുന്തറ വാര്‍ഡിലെ ലിയോ അഖിലാണ്. 417 വോട്ടിന്റെ ഭൂരിപക്ഷം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ അഴൂര്‍ വെസ്റ്റ് വാര്‍ഡിലെ ആശ മോഹന്‍ രാജ്, കുലശേഖരപതി വാര്‍ഡിലെ അന്‍സര്‍ മുഹമ്മദ് എന്നിവര്‍ക്ക് 362 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.
ആരാകും ചെയര്‍പേഴ്‌സണ്‍?
നഗരസഭ ഭരണം ഇക്കുറി യുഡിഎഫിനാണ്. 33 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 17 സീറ്റ് ഉറപ്പിച്ചു. എല്‍ഡിഎഫിന് 13, ബിജെപി, എസ്ഡിപിഐ സ്വത. ഒന്നു വീതം, കോണ്‍ഗ്രസ് വിമതന്‍ - 1 എന്നിങ്ങനെയാണ് വിജയിച്ചത്. എല്‍ഡിഎഫ് ഭരണത്തിലായിരുന്ന നഗരസഭ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.
പത്തനംതിട്ട നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍മാരായ എ. സുരേഷ് കുമാറും ഭാര്യ ഗീതാ സുരേഷും വിജയിച്ചു. പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടിയും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സും തോറ്റവരില്‍ പെടുന്നു.
ആരാകും ചെയര്‍പേഴ്‌സണ്‍ എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. 12 വര്‍ഷമായി ഡിസിസി ജനറല്‍ സെക്രട്ടറിയായ സിന്ധു അനില്‍, ഗീത സുരേഷ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുമ്പോഴും, ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ അംബിക വേണുവിന്റെ പേര് വെട്ടുകയാണോ ? യാതൊരു അഹന്തയും കാട്ടാതെ സാധാരണക്കാരില്‍, സാധാരണക്കാരിയായി കുമ്പഴ ഈസ്റ്റ് വാര്‍ഡുകാരുടെ പ്രിയപ്പെട്ട അംബിക മൂന്നാം വട്ടം ജയിച്ചുകയറിയിട്ടും ചെയര്‍പേഴ്‌സണ്‍ പദവിയിലേക്ക് പരിഗണിക്കാതിരിക്കുമോ? മൂന്നുവര്‍ഷം മുമ്പ് ഭര്‍ത്താവ് വേണു നായര്‍ ഈ ലോകത്തോട് വിടവാങ്ങിയെങ്കിലും അംബിക തളര്‍ന്നില്ല. നാട്ടുകാരുടെ വിളിപ്പുറത്ത് എപ്പോഴും സേവനസന്നദ്ധയായി ഉണ്ടാവുന്നത് കൊണ്ട് കുമ്പഴ ഈസ്റ്റില്‍ മറ്റൊരു പേരിന് പ്രസക്തിയുണ്ടായതുമില്ല.
നഗരസഭ അദ്ധ്യക്ഷ സ്ഥാനം വനിതാ സംവരണം ആയതിനാല്‍, ഇക്കുറി ആരാകും അദ്ധ്യക്ഷ എന്ന ആകാംക്ഷ ഏറുകയാണ്. സീനിയോറിറ്റി, പരിചയ സമ്പത്ത് എന്നിവയില്‍ ആരേക്കാളും പിന്നിലല്ലാത്ത അംബിക വേണുവിനെ പരിഗണിക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ അത് അനീതിയാകുമെന്നാണ് കുമ്പഴ ഈസ്റ്റ് വാര്‍ഡുകള്‍ പറയുന്നത്




