തിരുവനന്തപുരം: കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ അതിവേഗ റെയില്‍ ഇടനാഴി ഇത്തവണത്തെ കേന്ദ്രബജറ്റിലും ഇടംപിടിക്കാത്തത് വലിയ രാഷ്ട്രീയ വിവാദമായി മാറുന്നു. രാജ്യത്ത് ഏഴ് പുതിയ അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോഴും കേരളം തഴയപ്പെട്ടതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെയും മെട്രോമാന്‍ ഇ. ശ്രീധരന്റെയും ഭാഗത്തുനിന്നുണ്ടായ സാങ്കേതിക കാലതാമസമാണെന്ന വിമര്‍ശനമാണ് ശക്തമാകുന്നത്. എന്നാല്‍ ശ്രീധരന്റെ പദ്ധതിയെ കേന്ദ്രം സ്വീകരിക്കുമെന്നാണ് സൂചന.

അതിവേഗ റെയില്‍വേ പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ പഠന റിപ്പോര്‍ട്ട് ബജറ്റിന് മുന്‍പ് കേന്ദ്രത്തിന് മുന്നിലെത്തിക്കാന്‍ കഴിയാതിരുന്നതാണ് പ്രധാന തടസ്സമായത്. ഇ. ശ്രീധരന്‍ തയ്യാറാക്കിയ അതിവേഗ പാതയുടെ റിപ്പോര്‍ട്ട് ബജറ്റിന് തൊട്ടുപിന്നാലെ മാത്രമാണ് കേന്ദ്രത്തിന് സമര്‍പ്പിക്കാനായത്. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തനിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് ശ്രീധരന്‍ വ്യക്തമാക്കിയെങ്കിലും, ബജറ്റ് പ്രഖ്യാപനത്തിന് മുന്‍പ് ഇതില്‍ ഔദ്യോഗിക തീരുമാനം ഉണ്ടാക്കാന്‍ സാധിച്ചില്ല. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തും.

മറുഭാഗത്ത്, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ഞഞഠട) ബജറ്റിന് തൊട്ടുമുന്‍പ് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തത്വത്തില്‍ അംഗീകരിച്ചത്. കെ-റെയില്‍ പദ്ധതി കേന്ദ്രം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി അവകാശപ്പെടുമ്പോഴും, വിവാദമായ കെ-റെയില്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് കേന്ദ്രത്തിന് നല്‍കാത്തതാണ് വലിയ തിരിച്ചടിയായത്.

പഴയ പദ്ധതി ഉപേക്ഷിക്കാതെ പുതിയ പദ്ധതിയെ കേന്ദ്രത്തിന് ഗൗരവമായി കാണാന്‍ കഴിയില്ലെന്നതാണ് വാസ്തവം. ഇ. ശ്രീധരന്‍ നിര്‍ദ്ദേശിച്ച 200 കിലോമീറ്റര്‍ വേഗതയുള്ള പാതയും സര്‍ക്കാര്‍ വിഭാവനം ചെയ്ത 160-180 കിലോമീറ്റര്‍ വേഗതയുള്ള ആര്‍ആര്‍ടിസിയും തമ്മിലുള്ള വൈരുധ്യവും കേന്ദ്രത്തെ ആശയക്കുഴപ്പത്തിലാക്കി. രണ്ട് പദ്ധതികളും ബജറ്റിന് മുന്‍പ് കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് എത്താത്തതും കൃത്യമായ ഒരു പ്ലാന്‍ മുന്നോട്ടുവെക്കാന്‍ കഴിയാത്തതുമാണ് കേരളത്തിന് ഇത്തവണയും റെയില്‍വേ വികസനത്തില്‍ 'റെഡ് സിഗ്‌നല്‍' ലഭിക്കാന്‍ കാരണമായത്.

പൊതുബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ ഇടനാഴിയുടെ ഗുണം കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറയുന്നു. എന്നാല്‍ റെയില്‍വേ ഇടനാഴി കേരളത്തിലൂടെ കടന്നുപോകുമോ എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. പകരം മലയാളികള്‍ മറ്റു സംസ്ഥാനങ്ങളില്‍ പോകില്ലേ എന്നും അപ്പോള്‍ അവര്‍ക്ക് അതിവേഗ റെയില്‍ ഇടനാഴിയുടെ ഗുണം ലഭിക്കില്ലേ എന്നുമാണ് മന്ത്രി ചോദിച്ചത്.

ബജറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കേരളത്തിലെ റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴ് റെയില്‍വേ ഇടനാഴികളെക്കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ അദ്ദേഹം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണിതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും പേരുപറഞ്ഞാണ് നേട്ടമുണ്ടാകുമെന്ന് പറഞ്ഞത്.

ഇതോടെ കേരളത്തിന് ഇതെങ്ങനെ നേട്ടമാകുമെന്നും കേരളത്തിലൂടെ ഇടനാഴി കടന്നുപോകുമോ എന്നും അദ്ദേഹത്തോട് ചോദിച്ചു. അതിനാണ് അദ്ദേഹം മലയാളികള്‍ മറ്റു സംസ്ഥാനങ്ങളിലൊക്കെ പോകുമ്പോള്‍ അവര്‍ക്ക് ഇത് ഗുണം ചെയ്യുമെന്ന് മറുപടി നല്‍കിയത്. അതേസമയം കേരളത്തിലൂടെ ഈ റെയില്‍ ഇടനാഴി കടന്നുപോകില്ല എന്നാണ് റെയില്‍വേ കേന്ദ്രങ്ങളില്‍നിന്ന് വ്യക്തമാക്കുന്നത്. വീണ്ടും അശ്വനി വൈഷ്ണവ് ഡല്‍ഹിയില്‍ വിവിധ സംസ്ഥാനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ കാണുന്നുണ്ട്. കേരളത്തിലെ റെയില്‍ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇതില്‍ വ്യക്തത വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു.