തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ നികുതി വർധനവിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം ശക്തമാകുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും വിദ്യാർത്ഥി സംഘടനകളും നികുതി വർധനവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

കോൺഗ്രസ്, ബിജെപി, യൂത്ത് കോൺഗ്രസ്, യുവ മോർച്ച, കെ എസ് യു സംഘടനകൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരസ്യ പ്രതിഷേധം നടത്തി. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.ബജറ്റിനോടുള്ള പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലുവയിൽൽ വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത പൊലിസ് പിന്നീട് ഇവരെ വിട്ടയച്ചു.

അതിനിടെ ഇന്ധന വില വർദ്ധനക്കെതിരെ സിപിഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫും പ്രതികരണവുമായി രംഗത്തെത്തി. പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തിയത് തിരിച്ചടിയാണെന്ന് എ ഐ വൈ എഫ് പറഞ്ഞു. ഇന്ധന വില കുറക്കാത്ത കേന്ദ്ര സർക്കാർ നയം തന്നെ സംസ്ഥാന സർക്കാരും പിന്തുടരുന്നത് ശരിയല്ലെന്നും വില വർധന പിൻവലിക്കണമെന്നും എ ഐ വൈ എഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

ബജറ്റിൽ വിദ്യാർത്ഥികളോട് കടുത്ത അവഗണനയെന്ന് കെ എസ് യു . കേരളത്തിന്റെ വിദ്യാഭ്യാസ മേഖല നിരന്തരം പ്രശ്‌നവൽകൃതമാകുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിലുള്ള ഒരു ബജറ്റ് പ്രഖ്യാപനം നടന്നത്. അനേകായിരം വിദ്യാർത്ഥികൾ അനുദിനം ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായിരുന്നിട്ടും നിലവിലെ വിദ്യാഭ്യാസ രംഗത്തിന് ആശ്വാസമാകുന്നതല്ല ബജറ്റ്. അനിയന്ത്രിതമായ രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടും സ്വജന പക്ഷപാതം കൊണ്ടും കുത്തഴിഞ്ഞു കിടക്കുന്ന കേരളത്തിലെ സർവകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങളിൽ കൃത്യത വരുത്താനോ , നൂതന തൊഴിൽ സാധ്യതകൾക്ക് അനുസൃതമായ പുതിയ കോഴ്‌സുകൾ ആരംഭിക്കണമെന്ന നിർദ്ദേശങ്ങളോ ബജറ്റിൽ ഇല്ല.

ആയുർവേദ കോളജിൽ അടക്കം പരീക്ഷ ജയിക്കാത്തവർക്ക് ബിരുദം നൽകുന്ന സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സുതാര്യമാക്കാനുള്ള ക്രിയാത്മക നടപടികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ഇന്ധന സെസുകൾ കൂടുന്ന സാഹചര്യത്തിൽ വിലവർധനവിന് ആനുപാതികമായി യാത്ര കൺസഷൻ നിരക്ക് വർദ്ധിക്കുന്നതും ആശങ്കാജനകമാണ്.കഴിഞ്ഞ ബജറ്റിൽ സർവകലാശാലകളുടെ ട്രാൻസ്ലേഷനൽ റിസർച്ച് സെന്ററിനും അതിനോട് അനുബന്ധിച്ച് സ്റ്റാർട്ട് അപ്പ് കേന്ദ്രങ്ങൾക്കും 200 കോടി രൂപ നീക്കിവെച്ചിരുന്നു. ഇതിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് ഇതുവരെ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ഇത്തവണ പത്തു കോടി കൂടെ അനുവദിച്ചത്.

എൻജിനീയറിങ് കോളജുകളും പോളിടെക്‌നിക്കുകളും കേന്ദ്രീകരിച്ചുള്ള പൈലറ്റ് പ്രോജക്ടുകൾ ഐടി സ്ഥാപനങ്ങളിലും മറ്റു വ്യവസായ സ്ഥാപനങ്ങളുള്ള ഇന്ത്യൻ ഷിപ്പ് പദ്ധതി, അടക്കമുള്ള ചില പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ കുറവ്, നിലവാര തകർച്ച, സിലബസ് പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളിൽ ബജറ്റിൽ ഒന്നും മിണ്ടുന്നില്ല.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഒരു പോളിടെക്‌നിക് അനുവദിച്ചത് മാത്രമാണ് ആകെയുള്ളത്. നിലവിൽ നടത്തിയ പ്രഖ്യാപനങ്ങൾ പോലും നടപ്പാക്കാത്ത സാഹചര്യത്തിൽ ഇവയെല്ലാം കേവലം രാഷ്ട്രീയ ഗിമ്മിക്കുകളായി മാറുന്നു. പെട്രോളിനും ഡീസലിനും ചുമത്തിയ നികുതി വർധനവ് സർക്കാർ ഉടൻ പിൻവലിക്കണം. അല്ലാത്തപക്ഷം കെ.എസ്.യു ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നേട്ട് പോകുമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു

അതേസമയം ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെ പുകഴ്‌ത്തി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത മേഖലകൾക്കും കരുത്തേകുന്ന ബജറ്റാണിതെന്ന് മഖ്യമന്ത്രി പറഞ്ഞു. വികസന കുതിപ്പും സർവ്വതല സ്പർശിയായ ജനക്ഷേമവും സാധ്യമാക്കുന്നതാണ് ബജറ്റ്. കേന്ദ്ര അവഗണനയും സാമ്പത്തിക അസ്വമത്വും അതിജീവിക്കാൻ പര്യാപ്തവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു.

വിലക്കയറ്റം നേരിടാൻ നീക്കിവെച്ച 2000 കോടി രൂപയും കേന്ദ്രം അവഗണിച്ച റബർ കർഷകരെ സഹായിക്കാനായി 600 കോടി രൂപ സബ്സിഡിയായി അനുവദിച്ചതും അടക്കമുള്ള ബജറ്റ് നിർദ്ദേശങ്ങൾ ജനങ്ങളുടെ ജീവിത ഭാരം കുറയ്ക്കാനുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും പിണറായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കേന്ദ്ര ഗവൺമെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റെന്നും പിണറായി അവകാശപ്പെട്ടു. കേരളത്തിന്റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് കേരളത്തിന്റേതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രയാസങ്ങൾക്കും പ്രതിബന്ധങ്ങൾക്കുമിടയിൽ വികസനക്കുതിപ്പും സർവ്വതല സ്പർശിയായ ജനക്ഷേമവും സാധ്യമാക്കാനുള്ള വിഭവസമാഹരണത്തിന്റെ വഴികളും ബജറ്റിൽ തേടിയിട്ടുണ്ട്. നികുതി പിരിവിലെ കാര്യക്ഷമത ജി.എസ്.ടി.വരുമാനത്തിലെ 24 ശതമാനം വളർച്ചയിൽ പ്രതിഫലിക്കുന്നു. ധനദൃഢീകരണം സൂചികകളിൽ വ്യക്തമാണെന്നും അദ്ദേഹം ഫേസബുക്കിൽ കുറിച്ചു.