- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം കാട്ടാന, പിന്നെ കടുവ, ഇപ്പോൾ പുലിയും; കണ്ണൂരിലെ മലയോരജനതയെ വിറപ്പിച്ച് വന്യജീവികൾ; വളർത്തുമൃഗങ്ങളെ ഉപദ്രവിച്ചും ഭീതി പരത്തുന്നു; ആറളം ഫാമിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ജോലിക്ക് പോകാനും പേടി; ആധുനിക ഡ്രോണുകൾ പറത്തി വന്യമൃഗങ്ങളെ കണ്ടുപിടിക്കാൻ വനംവകുപ്പ്
ശ്രീകണ്ഠാപുരം: കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ വസിക്കുന്ന ജനങ്ങളെ വിറപ്പിച്ചു കൊണ്ടു കടുവയ്ക്കു പുറകെ പുലിയും ഇറങ്ങിയതായി അഭ്യൂഹം. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ എരുവേശിയിൽ പുലി ഇറങ്ങിയതായുള്ള അഭ്യൂഹത്തെ തുടർന്ന് ഈ മേഖലയിലെ ജനജീവിതം സ്തംഭിച്ചു. ഏരുവേശ്ശി പുറഞ്ഞാണിലും വഞ്ചിയം പഞ്ഞിക്കവല അങ്കണവാടിക്ക് സമീപവുമാണ് പുലിയിറങ്ങിയതായി പ്രദേശവാസികൾ പറയുന്നത്.
തിങ്കളാഴ്‌ച്ച പുലർച്ചെയോടെയാണ് വഞ്ചിയം പഞ്ഞിക്കവലയിലെ കോട്ടി രാഘവന്റെ വീട്ടിലെ ഗർഭിണിയായ ആടിനെ കടിച്ചുകൊന്നത്. വീട്ടുമുറ്റത്തെ കൂട്ടിൽ നിന്ന് കടിച്ചുകൊണ്ടുപോയി കുന്നിന്മുകളിലെ പറമ്പിൽവെച്ച് തലഭാഗം കഴിച്ചശേഷം ഉടൽ ഉപേക്ഷിക്കുകയായിരുന്നു. കൂട്ടിലുണ്ടായിരുന്ന മറ്റ് ആടുകളെ ഉപദ്രവിച്ചിട്ടില്ല. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരും കുടിയാന്മല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇത്രയും വലിയ ആടിനെ കൂട്ടിൽ നിന്ന് കടിച്ചെടുത്തുകൊണ്ടുപോയതിനാൽ പുലിയോ തുല്യശക്തിയുള്ള മറ്റ് ജീവിയോ ആവാമെന്നാണ് വനപാലകരുടെ നിഗമനം. കാൽപ്പാടുകളൊന്നും കണ്ടെത്തിയിട്ടുമില്ല. പിന്നാലെ ചെമ്പേരി പുറഞ്ഞാണിലെ ഈട്ടിക്കൽ ബിജുവിന്റെ വീടിനടുത്ത പറമ്പിൽ പുലിയെ കണ്ടതായും പറയുന്നുണ്ട്. ബിജുവിന്റെ ഭാര്യയാണ് പുലിയെ കണ്ടത്. ഇവിടെയും വനപാലകർ പരിശോധന നടത്തി. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവലും സ്ഥലം സന്ദർശിച്ചു. ഭീതി വേണ്ടെന്നും ജാഗ്രത കാട്ടണമെന്നും മറ്റ് നടപടികൾ അധികൃതർ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഭീതി പടരുന്ന സാഹചര്യത്തിൽ വലിയ കൂടുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ ഉളിക്കൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ആറളം ഫാമിലേക്ക് ചേക്കേറിയത് വനം വകുപ്പിന് വീണ്ടും തലവേദനയായിട്ടുണ്ട്. ആറളം ഫാമിൽ കയറിയ കടുവ അവിടെ തന്നെ തങ്ങുന്നത് വനം വകുപ്പിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇടതൂർന്ന വനത്തിൽ ഒളിച്ചു നിൽക്കുന്ന കടുവയുടെ ചിത്രം കഴിഞ്ഞ ദിവസം ആറളം ഫാമിലെ ചെത്തുതൊഴിലാളി പകർത്തിയിരുന്നു. ഫാമിലെ ചെത്തുതൊഴിലാളിയായ അനൂപ് ഗോപാലാണ് കഴിഞ്ഞ ദിവസം തെങ്ങിൻ മുകളിൽ കയറിയപ്പോൾ കാട്ടിനകത്ത് കണ്ട കടുവയുടെ ചിത്രം പകർത്തിയത്.
ഇതോടെ കടുവ ആറളം ഫാം വഴി കർണാടക വനത്തിലേക്ക് പ്രവേശിക്കുമെന്ന വനം വകുപ്പിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്. മുണ്ടയാം പറമ്പിൽ കടുവയെ കണ്ടതിനു ശേഷം ചേടിക്കുളം വയൽ വഴി ആറളം ഫാമിലേക്ക് പോയെന്നു വിശ്വസിച്ചിരുന്ന വനം വകുപ് കഴിഞ്ഞ ദിവസം തെരച്ചിൽ നിർത്തിയിരുന്നു ഈ സാഹചര്യത്തിൽ ആറളം ഫാമിൽ നിന്നും കടുവ പുറത്തിറങ്ങാതായതോടെ ഇതു ഫാം തൊഴിലാളികൾക്കും ആദിവാസി കുടുംബങ്ങൾക്കും കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ്.
ഫാം തൊഴിലാളികളിൽ പലർക്കും കള്ളുചെത്താൻ പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത് ഇതു കൂടാതെ ആറളം ഫാം ബ്ളോക്കിലെ വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും ഇവിടെ മുടങ്ങിയിരിക്കുകയാണ്. ആറളത്തുള്ള കടുവയെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിക്കാൻ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡ്രോൺ ക്യാമറയാണ് ആറളം മേഖലയിൽ തമ്പടിച്ച കടുവയെ കണ്ടെത്തുന്നതിനായി കൊണ്ടുവരുന്നത്. മൃഗങ്ങളെ കണ്ടെത്തുന്നതിനായി ആധുനിക ക്യാമറാ സംവിധാനമുള്ള ഡ്രോണുകൾ ഉപയോഗിക്കുന്നത് കേരളത്തിൽ ആദ്യമായാണ്.
അഞ്ചുകിലോ മീറ്റർ പരിധിയിൽ പ്രവർത്തിക്കുന്ന ഡ്രോൺ രാത്രിയിലും സെർച്ച് ലൈറ്റ് ഉപയോഗിച്ചു തെരച്ചിൽ നടത്തും. തെർമൽ ക്യാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്‌കൈ കോപ്റ്റർ എ സിക്സ്, കോഡാ കോപ്്റ്റ എന്നീ രണ്ടു ഡ്രോണുകളും 40 എക്സസസ് ക്യാമറയും തെർമൽ ക്യാമറയുമാണ് ഡ്രോണിൽ ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ ചൂട് തിരിച്ചറിഞ്ഞു കണ്ടെത്തുന്ന സംവിധാനം തെർമൽ ക്യാമറയിലുണ്ട്. കല്യാൺ സോമൻ ഡയറക്ടറായിട്ടുള്ള ടീമിൽ മൂന്നംഗ സംഘമാണുള്ളത്. ഇവർ അടുത്ത ദിവസം ആറളം ഫാമിലെത്തുമെന്നാണ് സൂചന.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്