കണ്ണൂർ: ഉളിക്കൽ ടൗണിലിറങ്ങിയ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്ന് പേർക്ക് പരുക്കേറ്റു. ബുധനാഴ്‌ച്ച പുലർച്ചെ നാലുമണിയോടെയാണ് എരുതുകടവിന് സമീപത്തെ റോഡിൽ വെച്ചു ആനയെ മത്സ്യവിൽപനക്കാർ കണ്ടത്. പിന്നീട് ആന കേയാപ്പറമ്പ് വഴി ടൗണിലെത്തുകയായിരുന്നു. ടൗണിനോട് അൻപതുമീറ്റർ ദൂരത്തിൽ ലത്തീൻ പള്ളിക്ക്സമീപം നിലയുറപ്പിച്ച ആന അവിടെ തമ്പടിച്ചു നിൽക്കുകയാണ്.

ഇതോടെ രാവിലെ പതിനൊന്നുമണിയോടെ ഉളിക്കൽ ടൗണിൽ കടകൾ അടച്ചിട്ടു. വയത്തൂർ വില്ലേജിലെ അംഗൻവാടികൾ, സ്‌കൂളുകൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉളിക്കലിലേക്ക് എത്തുന്ന വഴികൾ പൂർണമായും പൊലീസ് അടച്ചിട്ടുണ്ട്. ആന ഓടിച്ച ഉളിക്കൽ സ്വദേശികളായ തോർത്ത് പുത്തൻ പുരയിൽ സജീവനെ (55) പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന മണിപ്പാറ സ്വദേശി സജീർ, ബോബി കല്ലുവയൽ എന്നിവർക്ക് നിസാരപരുക്കേറ്റു. ആനയുടെ മുൻപിൽ നിന്നും ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഉളിക്കൽ ടൗണിൽ നിലയുറപ്പിച്ച ആനയെ കൂടുതൽ പ്രകോപിതനാക്കാതിരിക്കാൻ ജനങ്ങൾ വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആന ടൗണിന് സമീപം നിലയുറപ്പിച്ച പ്രത്യേക സാഹചര്യത്തിൽ ഉളിക്കലിലേക്കുള്ള റോഡ് അടച്ചതായി ഉളിക്കൽ പൊലീസ് ഇൻസ്പെക്ടർ സുധീർ കൊല്ലൻ അറിയിച്ചു. അടുത്ത പ്രദേശങ്ങളിൽ നിന്നു പോലും ജനങ്ങൾ ഉളിക്കലിലേക്ക് എത്തുന്നത് കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതു കൊണ്ടാണ് ഉളിക്കലിലേക്ക് വരുന്ന പ്രധാനവഴികൾ എല്ലാം പൊലിസ് ബാരിക്കേഡ് വെച്ചു അടച്ചിട്ടത്.
കൂട്ടം തെറ്റിയ കാട്ടാനയാണ് ഉളിക്കൽ ടൗണിന് സമീപം നിലയുറപ്പിച്ചിരിക്കുന്നത്. കർണാടക വനത്തിൽ നിന്നും പെരുങ്കരി വഴിയാണ് കൊമ്പനാന ഉളിക്കലിലേക്ക് എത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്തിരിക്കുകയാണ്. ഇരിക്കൂർ മണ്ഡലം എംഎൽഎ സജീവ് ജോസഫും മറ്റുജനപ്രതിനിധികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഉളിക്കൽ ടൗണിൽ ഇറങ്ങിയ കാട്ടാനയെ ജനവാസ മേഖലയിൽ നിന്നും കാട്ടിലേക്ക് തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞുയ ജനങ്ങളുടെ ആശങ്ക അകറ്റാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുള്ള നടപടികളാണ് സ്വീകരിക്കുക. ഇതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

ആനയെ അവിടെ നിന്നും തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തടസ്സമാകുന്ന വിധത്തിൽ ജനക്കൂട്ടം ഉണ്ടാവരുത്. ആളുകൾ കൂടുന്നത് ഈ ഓപ്പറേഷൻ നടത്തുന്നതിന് പ്രയാസം ഉണ്ടാക്കുന്നതിനും ആന പ്രകോപിതനാകാനും ഇടവരുത്തും. ആനയെ തുരത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കും. എന്നാൽ പിടികൂടാൻ സാധ്യമല്ലാതെ വന്നാൽ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മയക്കുവെടി വെച്ച് പിടികൂടുന്ന കാര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടുവർഷം മുൻപ് പെരുങ്കരിയിൽ വെച്ചു ജസ്റ്റിനെന്ന യുവാവിനെ കാട്ടാന അതിക്രൂരമായി ചവുട്ടിക്കൊന്നിരുന്നു. ഇതിന്റെ ഭീതിമാറും മുൻപെയാണ് മറ്റൊരുകൊമ്പൻ കൂടി ഈ പ്രദേശത്ത് ഭീതിവിതയ്ക്കുന്നത്.