- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭരതും' 'വിക്രമും' വീറോടെ കാട്ടാനക്കൂട്ടങ്ങളെ തുരത്തി; തീ തിന്നു കഴിഞ്ഞിരുന്ന പാലപ്പിള്ളി നിവാസികൾക്ക് കുങ്കിയാനകളുടെ വരവോടെ ആശ്വാസം; ആറ് മാസത്തിന് ശേഷം റേഞ്ചിന് കീഴിൽ ജീവിക്കുന്നവർക്ക് സമാധാനമായി ഉറങ്ങാം
തൃശൂർ: നിരന്തരം കാട്ടാനശല്യത്താൽ പൊറുതിമുട്ടിയ പാലപ്പിള്ളി റേഞ്ചിന് കീഴിൽ ജീവിക്കുന്നവർക്ക് ഇനി സ്വസ്ഥമായി ഉറങ്ങാം. ചാലക്കുടി ഫോറസ്റ്റ് ഡിവിഷന് കീഴിലെ പാലപ്പിള്ളിയിലെ വനത്തോടു തൊട്ടുകിടക്കുന്ന പുലിക്കണ്ണി, കവരംപ്പിള്ളി, കുന്നത്തുപാടം. പാത്തിക്കിരിച്ചിറ, കുട്ടൻചിറ, വേപ്പൂർ പ്രദേശങ്ങളിലെ ജനങ്ങളാണ് പഴയ സ്വസ്ഥതയിലേക്കും സമാധാനത്തിലേക്കും മടങ്ങിയിരിക്കുന്നത്.
കാട്ടാന ശല്യം പ്രദേശത്തെ ജനങ്ങൾക്ക് ജീവൻ മരണ പോരാട്ടമായി മാറിയതോടെയാണ് വയനാട്ടിൽ നിന്നു ഈ മാസം മൂന്നിന് കുങ്കിയാനകളെ എത്തിച്ചതും ഒരാഴ്ചയോളം പണിപ്പെട്ട് കാട്ടാനക്കൂട്ടങ്ങളെ കാട്ടിലേക്കു തുരത്തിയോടിച്ചതും. കഴിഞ്ഞ ആറു മാസത്തിലധികമായി പ്രദേശവാസികൾ രാവും പകലും കാട്ടാനക്കൂട്ടത്തെ ഭയന്ന് തീ തിന്നു കഴിയുന്ന സ്ഥിതിയിലായിരുന്നു.
മലയോര പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്കു എത്തുന്ന ആനക്കൂട്ടം സമീപത്തെ ടൗണുകളായ വരന്തരപ്പിള്ളി, വരാക്കര, പയ്യാക്കര തുടങ്ങിയ ഇടങ്ങളിലും മദിച്ചുനടക്കുന്ന സ്ഥിതിയായിരുന്നു. പകൽ പോലും ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെട്ട ദിനങ്ങൾ അവസാനിച്ചതിൽ ആശ്വസിക്കുകയാണ് പ്രദേശവാസികൾ. വയനാട് വന്യജീവി സങ്കേതത്തിൽനിന്നുള്ള ഭരത്, വിക്രം എന്നീ രണ്ട് കുങ്കിയാനകളെയാണ് പാലപ്പിള്ളിയിൽ എത്തിച്ചത്. വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 12 അംഗം ഉദ്യോഗസ്ഥ സംഘവും കുങ്കിയാനകൾക്കൊപ്പം പാലപ്പിള്ളിയിൽ മേൽനോട്ടത്തിനായി എത്തിയിരുന്നു.
കാട്ടാനശല്യം രൂക്ഷമായതോടെ സ്വത്ത് വകകൾ നഷ്ടമാവുന്നതിനൊപ്പം സാമൂഹിക ബന്ധങ്ങളിലും ആനക്കൂട്ടം വില്ലനാവുന്ന സ്ഥിതിയായതോടെയായിരുന്നു കവരംപിള്ളിയിലെ കർഷകർ കാട്ടാനക്കെതിരേ മലയോര കർഷക സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. ഇതോടെയാണ് പ്രശ്നത്തിന് പരിഹാരം കാണുന്ന കാര്യത്തിൽ വനം വകുപ്പ് ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. സമിതിയുടെ നേതൃത്വത്തിൽ കാട്ടാനശല്യത്തിന് പരിഹാരം തേടി ഫോറസ്റ്റ് റേഞ്ചർ കെ പി പ്രേം ശമീറിനെയും സി സി എഫിനെയുമെല്ലാം കണ്ടിരുന്നു. വനം വകുപ്പാണ് പ്രശ്ന പരിഹാരത്തിന് കുങ്കിയാനകളെ എത്തിക്കാമെന്ന് സംരക്ഷണ സമിതിക്ക് അന്ന് ഉറപ്പുനൽകിയത്. ആ ഉറപ്പ് പാലിക്കപ്പെട്ടതോടെയാണ് കാട്ടാനകൾ നാട്ടിൽനിന്നു കാട്ടിലേക്കു മടങ്ങിയിരിക്കുന്നത്.
റേഞ്ചിന് കീഴിൽ വനത്തോടു തൊട്ടുകിടക്കുന്ന പുലിക്കണ്ണി, കവരപ്പിള്ളി, കുന്നത്തുപാടം. പാത്തിക്കിരിച്ചിറ, കുട്ടൻചിറ, വേപ്പൂർ പ്രദേശങ്ങളിലാണ് വൈകുന്നേരമാവുന്നതോടെ കാട്ടാനക്കൂട്ടം സംഘടിച്ചെത്തിക്കൊണ്ടിരുന്നത്. ഇനി അത്തരം ഒരു ഭീകരാവസ്ഥ ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ആദ്യഘട്ടമായി സെപ്റ്റംബർ അഞ്ചിന് ദ്വീപുപോലുള്ള കുട്ടൻചിറയിലായിരുന്നു കുങ്കിയാനകൾ കാട്ടാനക്കൂട്ടത്തെ തുരത്തുന്ന പ്രക്രിയക്ക് തുടക്കമിട്ടത്. നടുക്കു കാടും മൂന്നുഭാഗവും വീടുകളും നിറഞ്ഞയിടമായതിനാൽ മാസങ്ങളായി പുറത്തുപോകാനാവാതെ മൂന്നാനകൾ ഇവിടെ തമ്പടിച്ച് കൃഷിനശിപ്പിക്കുന്ന സ്ഥിതിയായിരുന്നു.
ഈ ഓപറേഷൻ വിജയമായതോടെ കഴിഞ്ഞ ശനിയാഴ്ച എലിക്കോട് ഭാഗത്ത് കുങ്കിയാനകളെ തളച്ച പ്രദേശത്തേക്ക് കൂട്ടമായെത്തിയ ഒൻപത് കാട്ടാനക്കൂട്ടത്തെയും കുങ്കികൾ തുരത്തിയോടിച്ചു. വനംവകുപ്പ് സജ്ജമാക്കിയ താൽക്കാലിക ആനപന്തിയിലേക്കു ആനക്കൂട്ടം വരികയായിരുന്നു. ഉൾക്കാടായ കാഞ്ഞിരമുക്കുവരെ മൂന്നു കിലോമീറ്ററോളമാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്. ഇടതൂർന്നതും മുൾപ്പടർപ്പുകൾ നിറഞ്ഞതുമായ കാടായതിനാൽ കാട്ടാനകളെ തുരത്തുക മനുഷ്യസാധ്യമല്ലെന്ന് തിരിച്ചറിഞ്ഞാണ് വനം വകുപ്പ് കുങ്കിയാനകലെ കൊണ്ടുവരാൻ തീരുമാനിച്ചത്.
ചിമ്മിണി കാട്ടിൽ നിന്നാണ് കാട്ടാനക്കൂട്ടം എത്തുന്നത്. പാലപ്പിള്ളി വഴി നടാമ്പാടം, റബർ നിറഞ്ഞ പഴയ കൊച്ചിൻ മലബാർ എസ്റ്റേറ്റിലേക്കു കയറിയാണ് നടാമ്പാടത്തെ ആദിവാസികൾ വസിക്കുന്ന കള്ളിചിത്ര കോളനി, നടാമ്പാടം കോളനി കടന്ന് വക്കീൽ കുണ്ടിലെ ജനവാസ മേഖലയിലേക്കു എത്തുന്നത്. വരും ദിവസങ്ങളിൽ കൊച്ചിൻ മലബാർ എസ്റ്റേറ്റിലുള്ള കാട്ടാനക്കൂട്ടത്തെയും കാടു കയറ്റുമെന്ന് വനം വകുപ്പ് അറിയിച്ചു. ഈ എസ്റ്റേറ്റിൽ പലപ്പോഴും പത്തും നാൽപതും ആനകളടങ്ങുന്ന കൂട്ടമായിരുന്നു മദിച്ചു നടക്കാറുണ്ടായിരുന്നത്. ഇവയിൽ പലതും കുങ്കിയാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് കാടു കയറിയിരിക്കാമെന്നതിനാൽ ദൗത്യം വലിയ ബുദ്ധിമുട്ടില്ലാതെ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷയെന്ന് റേഞ്ചർ പ്രേം ശമീർ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്