- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനമായി കാണിച്ച ജനവാസമേഖല റവന്യൂഭൂമിയോ പട്ടയഭൂമിയോ ആണെന്നും രേഖപ്പെടുത്തലിൽ തെറ്റു പറ്റി; തെറ്റായി രഖപ്പെടുത്തിയ ഭൂമിയിൽ വനംവകുപ്പ് അവകാശവാദം ഉന്നയിക്കില്ലെന്ന് മന്ത്രി; കരുതൽ മേഖലയിലെ ഭൂപടത്തിലെ പിശകിൽ കുരുക്കഴിക്കാൻ വൈൽഡ് ലൈഫ് ബോർഡ് യോഗം; ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലയ്ക്കും ആശ്വാസം
കോട്ടയം: ബഫർസോൺ വിഷയത്തിൽ സർക്കാർ പുറത്തുവിട്ട ഭൂപടങ്ങളിൽ ജനവാസ മേഖലകൾ വനമായി രേഖപ്പെടുത്തിയതിന്റെ കുരുക്കഴിക്കാൻ പ്രയാസംവരില്ലെന്ന് സൂചന. ജനവാസ മേഖലയെ വനമായി കണക്കാക്കിയ സംഭവത്തിലെ കുരുക്കഴിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. വിഷയം പരിഗണിക്കാൻ വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന വൈൽഡ് ലൈഫ് ബോർഡ് യോഗം നടക്കും.
വനമായി കാണിച്ച ജനവാസമേഖല റവന്യൂഭൂമിയോ പട്ടയഭൂമിയോ ആണെന്നും രേഖപ്പെടുത്തലിൽ തെറ്റു പറ്റിയത് എങ്ങനെയെന്നും വൈൽഡ് ലൈഫ് ബോർഡിനെ ബോധ്യപ്പെടുത്തിയാൽ മതിയാകും. വനമായി തെറ്റായി രഖപ്പെടുത്തിയ ഭൂമിയിൽ വനംവകുപ്പ് അവകാശവാദം ഉന്നയിക്കില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പട്ടയവിവരങ്ങളും പതിറ്റാണ്ടുകളായി കരം അടയ്ക്കുന്നതും രേഖപ്പെടുത്തും. തെറ്റു തിരുത്താൻ സംസ്ഥാന ബോർഡിന്റെ ശുപാർശ കേന്ദ്ര വൈൽഡ് ലൈഫ് ബോർഡിന് നൽകും.
സംസ്ഥാനത്ത് ഇത്തരം കേസുകൾ രണ്ടു തരത്തിലുള്ളവയാണ്. ഭൂപടം നിർമ്മിക്കുമ്പോഴുണ്ടായ പിഴവ് കാരണം ജനവാസമേഖല വനമായി രേഖപ്പെടുത്തിപ്പോയതാണ് ഒന്ന്. എരുമേലി ഏയ്ഞ്ചൽവാലിയിലെ പിഴവ് ഈ വിഭാഗത്തിലാണ്. 2011-12 സമയത്തായിരുന്നു ഭൂപടനിർമ്മാണം. പട്ടയം നൽകിയ പ്രദേശങ്ങളുടെ ഭൂവിവരത്തിൽ മാറ്റം വരുത്താതെ കിടക്കുന്നതാണ് ചിലയിടത്തെ കുഴപ്പം. ആറളം, ചിറ്റാർ, സീതത്തോട് ഭാഗങ്ങളിൽ ഇതാണ് പ്രശ്‌നം.
ഭൂവിവരത്തിൽ മാറ്റം വരുത്താത്തതിനാലാണ് ചിലയിടത്ത് സർവേ നമ്പരുകൾ ഭൂപടത്തിൽ ഇല്ലാതെ വന്നത്. ഏയ്ഞ്ചൽവാലി പെരിയാർ വന്യജീവിസങ്കേതത്തിന്റെ പരിധിയിൽപ്പെട്ടുപോയത് ഗുരുതരമായ വീഴ്ചയാണ്. പെരിയാർ അടക്കമുള്ള വന്യജീവിസങ്കേതങ്ങളുടെ അന്തിമവിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിൽ നിൽക്കുകയുമാണ്. കരുതൽമേഖലാവിധി വന്നതിനാലാണ് ഇപ്പോൾ ഭൂപടം പരസ്യപ്പെടുത്തിയതും പിഴവ് വെളിപ്പെട്ടതും.
എരുമേലി പഞ്ചായത്തിലെ ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളാണ് പുതിയ ഭൂപടത്തിലും വനമേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധിച്ചെത്തിയ നൂറ് കണക്കിന് പ്രദേശ വാസികൾ ചേർന്ന് വനംവകുപ്പിന്റെ ബോർഡുകൾ പിഴുതുമാറ്റി. അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശമാണ് ഇവിടം. എന്നാൽ ഉപഗ്ര സർവേയിൽ ഏയ്ഞ്ചൽവാലിയിലെ പതിനൊന്നും പന്ത്രണ്ടും വാർഡുകൾ വനമേഖലയാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അതായത് ബഫർ സോൺ മേഖലയല്ല. പകരം വനമേഖലയെന്ന് രേഖപ്പെടുത്തി.
അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശത്തെ വനമേഖലയായി രേഖപ്പെടുത്തിയതിനെതിരെ പ്രദേശത്ത് വലിയ പ്രതിഷേധമുണ്ടായി. രേഖപ്പെടുത്തിയതിലെ പിഴവെന്നും പരിഹരിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രശ്‌ന പരിഹാരത്തിന് വനംമന്ത്രിക്ക് പ്രദേശവാസികൾ നേരിട്ട് പരാതി നൽകി. ഇതിന് പിന്നാലെയാണ് പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും ഈ മേഖലകൾ വനംമേഖലയിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം പരിഹരിക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ ശ്രമം.
മറുനാടന് ഡെസ്ക്