വാഷിങ്ടണ്‍: ഒരു വര്‍ഷത്തിലേറെ നീണ്ട പ്രവചനങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവില്‍ ബ്ലേസ്സ്റ്റാര്‍ വിസ്ഫോടനം ഇന്ന് രാത്രി കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ശാസ്ത്രലോകം. ബ്ലേസ് സ്റ്റാര്‍ എന്നും അറിയപ്പെടുന്ന ബൈനറി സ്റ്റാര്‍ സിസ്റ്റം ടി കൊറോണി ബോറിയാലിസ് (ടി സിആര്‍ബി) ആണ് ഇന്ന് രാത്രി സ്ഫോടനത്തിന് വിധേയമാകാന്‍ പോകുന്നുവെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഭൂമിയില്‍ നിന്ന് 3,000 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഈ നക്ഷത്രം 80 വര്‍ഷത്തിലൊരിക്കല്‍ ആവര്‍ത്തിച്ചുള്ള ഇത്തരത്തിലൊരു പ്രതിഭാസത്തിന് വിധേയമാകുന്നത്.

ഇത്രയും വര്‍ഷങ്ങളുടെ ഇടവേളയില്‍ ആയതിനാല്‍ തന്നെ മനുഷ്യായുസ്സിലെ തന്നെ അപൂര്‍വ്വ കാഴ്ചയ്ക്കാണ് ലോകം കാത്തിരിക്കുന്നത്. എന്നാല്‍ നക്ഷത്ര വിസ്ഫോടനം എപ്പോഴും അപ്രവചനീയമായതിനാല്‍ തന്നെ ഇന്ന് രാത്രിയുണ്ടാകുമെന്ന പ്രവചനം മാറാനും സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. കാരണം കഴിഞ്ഞ വര്‍ഷം തന്നെ വിവിധ ദിനങ്ങളില്‍ നോവ സ്ഫോടനം ഉണ്ടാകുമെന്ന് വാനശാസ്ത്രജ്ഞര്‍ കണക്കുകൂട്ടിയിരുന്നു. പക്ഷെ അപ്പോഴൊന്നും തന്നെ ശാസ്ത്രവിസ്മയം നടന്നുമില്ല. ഇന്ന് രാത്രിയില്‍ ഈ ശാസ്ത്രവിസ്മയം നടന്നാല്‍ നിരീക്ഷകര്‍ക്ക് അത് കാണാന്‍ ധാരാളം സമയം ലഭിക്കും. അതിശയകരമായ ഈ പ്രതിഭാസം ഒരു ആഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എന്താണ് നോവ വിസ്ഫോടനം?

ഭൂമിയില്‍ നിന്ന് 3000 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ടി കൊറോണെ ബോറിയാലിസ് എന്ന നക്ഷത്രസംവിധാനത്തിലാണ് ഇ കൗതുകക്കാഴ്ച്ചയ്ക്ക് അവസരം കിട്ടുക. പരസ്പരം ഭ്രമണം ചെയ്യുന്ന ഒരു ചുവന്നഭീമന്‍, വെള്ളക്കുള്ളന്‍ നക്ഷത്രങ്ങള്‍ അടങ്ങിയതാണ് ഈ സംവിധാനം. വെള്ളക്കുള്ളന്‍ നക്ഷത്രം ചുവന്നഭീമനില്‍ നിന്ന് നക്ഷത്രപിണ്ഡം ആര്‍ജിച്ചുകൊണ്ടിരിക്കും. ആവശ്യത്തിനു വസ്തുക്കള്‍ ആര്‍ജിച്ചുകഴിഞ്ഞാല്‍ താര ഉപരിതലത്തില്‍ കുറച്ചുനേരം നീണ്ടുനില്‍ക്കുന്ന പ്രകാശമുണ്ടാക്കും. ഇതാണ് നോവ വിസ്‌ഫോടനം.

നോര്‍ത്തേണ്‍ ക്രൗണ്‍ എന്നുമറിയപ്പെടുന്ന കൊറോണ ബോറിയലിസ് താരസംവിധാനത്തില്‍ ഈ വിസ്‌ഫോടനം കൃത്യമായി കാണാന്‍ സാധിക്കും. ഇത്തരം നോവ വിസ്‌ഫോടനങ്ങള്‍ ശരാശരി 80 വര്‍ഷങ്ങളുടെ ഇടവേളയിലാണ് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. അതായത്, ഇനി ഇതുപോലൊന്ന് കാണാന്‍ 80 വര്‍ഷം കാത്തിരിക്കണം. വാനനിരീക്ഷകര്‍ക്കും മറ്റും അസുലഭമായ ഒരു അവസരമാണ് വന്നിരിക്കുന്നതെന്ന് സാരം.




ഒരു നക്ഷത്രത്തിന്റെ പ്രതീതി സൃഷ്ടിച്ചാകും ഈ വിസ്‌ഫോടനം ആകാശത്തു പ്രത്യക്ഷപ്പെടുക. 1946ലാണ് ഈ നോവ വിസ്ഫോടനം ഒടുവിലുണ്ടായത്. ബൂട്ട്‌സ്, ഹെര്‍ക്കുലീസ് എന്നീ നക്ഷത്രസംവിധാനങ്ങളുടെ ഇടയിലായാണ് കൊറോണ ബൊറിയാലിസ് സ്ഥിതി ചെയ്യുന്നത്.

നക്ഷത്ര സ്ഫോടന തീയതി പ്രവചിക്കുന്ന പ്രബന്ധം

2024-ല്‍ അമേരിക്കന്‍ ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ഗവേഷണ കുറിപ്പുകളില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍, മാര്‍ച്ച് 27-ന് നക്ഷത്രം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നക്ഷത്രത്തിന്റെ സ്വഭാവം എപ്പോള്‍ പൊട്ടിത്തെറിക്കുമെന്ന് മനസ്സിലാക്കാന്‍ നാസ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജീന്‍ ഷ്നൈഡര്‍ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് പ്രബന്ധം ഒരുക്കിയിരിക്കുന്നത്. അദ്ദേഹം മുന്‍ സ്ഫോടനങ്ങളുടെ തീയതികള്‍ രേഖപ്പെടുത്തുകയും അവയെ നക്ഷത്രവ്യവസ്ഥയുടെ പരിക്രമണ ചലനാത്മകതയുമായി സംയോജിപ്പിക്കുകയും ചെയ്തു.

നക്ഷത്രങ്ങള്‍ പരസ്പരം ഒരു നിശ്ചിത എണ്ണം പരിക്രമണം പൂര്‍ത്തിയാക്കിയ ശേഷമാണ് നോവ സ്ഫോടനങ്ങള്‍ സംഭവിച്ചതെന്ന് അവര്‍ കണ്ടെത്തി. അവരുടെ ഡാറ്റ അനുസരിച്ച് കൊറോണി ബോറിയാലിസിന് ഏകദേശം 227 ദിവസത്തെ പരിക്രമണ കാലയളവ് ഉണ്ട്. അത് ഓരോ 128 ഭ്രമണപഥത്തിലും ഒരിക്കല്‍ പൊട്ടിത്തെറിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഫോടനത്തിന്റെ അടുത്ത തീയതി 2025 മാര്‍ച്ച് 27 ആണെന്ന് അവര്‍ കണക്കുകൂട്ടിയത്.

എന്നിരുന്നാലും, നക്ഷത്രം മാര്‍ച്ച് 27 ന് പൊട്ടിത്തെറിച്ചേക്കില്ല എന്ന സാധ്യതയുമുണ്ട്. അതിനാല്‍ തന്നെ അദ്ദേഹം മറ്റ് രണ്ട് തീയതികള്‍ കൂടി പറഞ്ഞിട്ടുണ്ട്. നവംബര്‍ 10 2025 നും ജൂണ്‍ 25 2026 നും സംഭവിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്ന്ു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12 ആയിരുന്നു ആദ്യം പരാമര്‍ശിച്ചതെങ്കിലും അന്ന് പക്ഷെ പ്രതിഭാസം നടന്നില്ല. തുടര്‍ന്നാണ് മാര്‍ച്ച് 27 പ്രവചിച്ചത്. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ പൂര്‍ണ്ണമായും സംഖ്യകളെ അടിസ്ഥാനമാക്കിയുള്ളതാണ്, നക്ഷത്രത്തിന്റെ മറ്റ് നിരീക്ഷണങ്ങളൊന്നുമില്ല.