- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽ ഡി എഫിനായി പി.കെ ശ്രീമതിയോ, കെ.കെ ശൈലജയോ കളത്തിലിറങ്ങിയാൽ മത്സരം കടുക്കും; കണ്ണൂരിൽ യുഡിഎഫിന് പ്രിയം സുധാകരനോട് തന്നെ; സിറ്റിങ് സീറ്റ് കയ്യിൽ നിന്ന് പോകാതിരിക്കാൻ കെപിസിസി അദ്ധ്യക്ഷൻ വേണം; കെ.ജയന്തിന് തിരിച്ചടിയായി പ്രാദേശികവാദം
കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള കാഹളം മുഴങ്ങുമ്പോൾ കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ.സുധാകരൻ തന്നെ വീണ്ടും കളത്തിലിറങ്ങണമെന്ന ആവശ്യം പ്രവർത്തകരിലും അണികളിലും ശക്തമാവുന്നു. മൂന്നാംസീറ്റിനായി കണ്ണൂരിനെ ലക്ഷ്യമിടുന്ന മുസ്ലിംലീഗും സിറ്റിങ് എംപിയായ കെ.സുധാകരൻ മത്സരിക്കുകയാണെങ്കിൽ തങ്ങൾ പിന്തുണയ്ക്കുമെന്ന വ്യക്തമായ സൂചന കോൺഗ്രസ് നേതൃത്വത്തിന് നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് സിറ്റിങ് എംപിമാരെ മത്സരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും കണ്ണൂരിൽ താൻ ഒരിക്കൽ കൂടി ജനവിധി തേടില്ലെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു. കണ്ണൂരും ആലപ്പുഴയിലും പുതുമുഖ സ്ഥാനാർതഥികളെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നുവെങ്കിലും സീറ്റു നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കണ്ണൂരിൽ കെ.സുധാകരനെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യമാണ് പാർട്ടി പ്രവർത്തകരിൽ നിന്നുയരുന്നത്.
കണ്ണൂർ ഡി.സി.സിക്കും കെ.സുധാകരൻ ഒരിക്കൽ കൂടി മത്സരിക്കണമെന്ന അഭിപ്രായമാണുള്ളത്. എൽ.ഡി. എഫിനായി പി.കെ ശ്രീമതിയോ, കെ.കെ ശൈലജയോ കളത്തിലിറങ്ങാൻ സാധ്യതയുള്ളപ്പോൾ സുധാകരനെല്ലെങ്കിൽ മറ്റൊരാൾ മത്സരിച്ചാൽ സിറ്റിങ് സീറ്റ് കൈയിൽ നിന്നും പോകുമെന്നാണ് ഇവർ പറയുന്നത്. കെ.സുധാകരനോളം പാർട്ടി പ്രവർത്തകരിലും പുറത്തും ആവേശമുണർത്താൻ പറ്റിയ നേതാവ് ഇല്ലെന്നാണ് ജില്ലാകോൺഗ്രസ് നേതാക്കൾ പറയുന്നത്.
സുധാകരന് പറയത്തക്ക ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അദ്ദേഹം തന്നെ തുറന്നുപറഞ്ഞ സാഹചര്യത്തിൽ ഒരിക്കൽ കൂടി മത്സരിക്കാൻ കെ.സുധാകരന് മേൽ സമ്മർദ്ദം ശക്തമായിരിക്കുകയാണ്. എന്നാൽ തനിക്ക് പകരം കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ കെ.ജയന്തിനെ മത്സരിപ്പിക്കാനാണ് സുധാകരന് താൽപര്യം. കെപിസിസി അധ്യക്ഷന്റെ അതീവവിശ്വസ്തരിലൊരാളാണ് ജയന്ത്. നേരത്തെ എം.ലിജുവിന്റെ പേര് പറഞ്ഞുകേട്ടിരുന്നുവെങ്കിലും കണ്ണൂരിൽ മത്സരിക്കാനില്ലെന്നു പറഞ്ഞു ലിജു സ്വയമേവെ പിൻവലിയുകയായിരുന്നു.
ജയന്തിന്റെ സ്ഥാനാർത്ഥിത്വത്തെ ജില്ലയിൽ ഗ്രൂപ്പുഭേദമില്ലാതെ നേതാക്കൾ എതിർക്കുന്ന സാഹചര്യമാണുള്ളത്. ഇടതുമുന്നണിയിൽ കടുത്ത പോരാട്ടം നടക്കുന്ന കണ്ണൂരിൽ ജില്ലയുമായി ബന്ധമില്ലാത്ത നേതാവിനെ മത്സരരംഗത്തിറക്കിയാൽ തിരിച്ചടിയാകുമെന്നാണ് ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എൽ.ഡി. എഫിനും യൂഡി എഫിനും തുല്യസാധ്യതയുള്ള കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ കണ്ണൂരുമായി ഏറെ ബന്ധമുള്ള ഒരാൾക്കു മാത്രമേ വിജയിക്കാൻ കഴിയുകയുള്ളൂവെന്നാണ് ഇവർ ഉന്നയിക്കുന്ന വാദം.
കെ.സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ സുധാകര വിഭാഗത്തിലെ നേതാവായ മുന്മേയർ ടി.ഒ മോഹനനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അതേ സമയം യൂത്ത് കോൺഗ്രസ് തീപ്പൊരി നേതാവായ വി.പി അബ്ദുൽ റഷീദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് എ വിഭാഗവും ചെന്നിത്തലയെ അനുകൂലിക്കുന്നവരും ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.വി ഗോവിന്ദനെതിരെ മികച്ച പോരാട്ടം കാഴ്ച്ചവെച്ച വി.പി അബ്ദുൽ റഷീദ് സി.പി. എം കോട്ടയായ ആന്തൂർ ഉൾപ്പെടുന്ന തളിപറമ്പ് മണ്ഡലത്തിൽ കോൺഗ്രസിന് സ്വപ്നം കാണാൻ പോലും കഴിയാത്ത വോട്ടുകൾ നേടിയിരുന്നു. മറ്റിടങ്ങളിൽ ഇടതുസ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം നാൽപതിനായിരം കടന്നപ്പോൾ വെറും ഇരുപതിനായിരം വോട്ടുകൾക്കാണ് എം.വി ഗോവിന്ദൻ ജയിച്ചത്. സി.പി. എം കോട്ടകളിൽ നിന്നു പോലും വി.പി അബ്ദുൽ റഷീദിന് വോട്ടുലഭിച്ചത് സി.പി. എമ്മിനെ ഞെട്ടിച്ചിരുന്നു. അതുകൊണ്ടു തന്നെ അബ്ദുൽ റഷീദിനെ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിപ്പിച്ചാൽ സിറ്റിങ് സീറ്റ് നിലനിർത്താൻ കഴിയുമെന്ന വാദവും ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നുണ്ട്.
എ. ഐ.സി.സി വക്താവും ചാനൽ ചർച്ചകളിൽ സജീവസാന്നിധ്യവുമായ ഷമാ മുഹമ്മദ്, മുന്മന്ത്രി എൻ.രാമകൃഷ്ണന്റെ മകളും യൂത്ത് കോൺഗ്രസ് നേതാവുമായ അമൃതാരാമകൃഷ്ണൻ, റിജിൽ മാക്കുറ്റി എന്നിവരാണ് കോൺഗ്രസ് പട്ടികയിലുള്ള മറ്റു മൂന്ന് സ്ഥാനാർത്ഥികൾ. കോൺഗ്രസ് ഹൈക്കമാൻഡിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥികളിലൊരാളാണ് ഷമാമുഹമ്മദ്. കഴിഞ്ഞകുറെക്കാലമായി ഇവർ കണ്ണൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചുവരുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ് ഷമാ മുഹമ്മദ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്