- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തമായി ലോട്ടറി കച്ചവടം ഉണ്ടെങ്കിലും മറ്റുള്ളവരിൽ നിന്ന് ടിക്കറ്റ് എടുക്കുന്നത് പതിവ്; രാജഗോപാലന് അടിച്ചത് 75 ലക്ഷത്തിന്റെ വിൻവിൻ; ചെറുപ്പത്തിലെ പൊള്ളൽ ജീവിതം തകർത്ത ലോട്ടറി കച്ചവടക്കാരന് കരുണാ കടാക്ഷമെത്തിയത് സഹജീവിയെ സഹായിച്ചതിന് പ്രതിഫലമായി
പത്തനംതിട്ട: സ്വന്തമായി ലോട്ടറി കച്ചവടം നടത്തുന്നുണ്ടെങ്കിലും അയിരൂർ വെള്ളിയറ വള്ളിയാട്ട് പി.രാജഗോപാലൻ മറ്റു കച്ചവടക്കാർ കൊണ്ടു വരുന്ന ലോട്ടറി വാങ്ങുന്നത് പതിവാണ്. പ്ലാങ്കമൺ ജങ്ഷനിൽ ലോട്ടറി വിൽപ്പന നടത്തുന്ന തട്ടുണ്ട് രാജഗോപാലിന്. കാൽനടയായി ലോട്ടറി വിൽക്കുന്നവർ അതാത് ദിവസത്തെ ടിക്കറ്റ് വിറ്റ് തീർക്കാൻ കഴിയാതെ രാജഗോപാലിന്റെ തട്ടിന് അടുത്തു വന്ന് സങ്കടം പറയുമ്പോഴാണ് അവരെ സഹായിക്കാൻ ഇദ്ദേഹം ടിക്കറ്റെടുക്കുന്നത്. അങ്ങനെ എടുത്ത ഒരു ടിക്കറ്റിന് 75 ലക്ഷം ഒന്നാം സമ്മാനം അടിച്ചിരിക്കുകയാണ് രാജഗോപാലിന്. സഹജീവിയെ സഹായിക്കാൻ കാണിക്കുന്ന നല്ല മനസിനാണ് ഈ ലോട്ടറി അടിച്ചിരിക്കുന്നത്.
കുട്ടിക്കാലത്ത് പൊള്ളലേറ്റതോടെ ഇരു കൈകൾക്കും സ്വാധീനക്കുറവുണ്ട് രാജഗോപാലന്. അതിനാൽ തന്നെ കഠിനമായ ജോലികൾക്ക് കഴിയില്ല. ഇതേ തുടർന്ന് ചെറിയ തൊഴിലുകൾ ചെയ്താണ് ജീവിച്ചിരുന്നത്. ഇടക്കാലത്ത് ഡൽഹിയിൽ ഇലട്രോണിക്സ് മെക്കാനിക്ക് ആയും പ്രവർത്തിച്ചു. കോവിഡ് കാലത്തോടെ നാട്ടിൽ എത്തിയ ശേഷം നാലു മാസം മുൻപ് ആണ് പ്ലാങ്കമൺ ജങ്ഷനിൽ ഭാഗ്യക്കുറി കച്ചവടം ആരംഭിച്ചത്.
ഏജൻസിയിൽ നിന്നും വാങ്ങി വിൽപ്പനക്ക് വയ്ക്കുന്ന ടിക്കറ്റുകൾ മിക്ക ദിവസങ്ങളിലും പൂർണമായും വിറ്റു പോകാറുണ്ട്. മറ്റുള്ള വിൽപ്പനക്കാർ വന്നാൽ അവരിൽ നിന്നും ടിക്കറ്റ് എടുക്കുന്നതിന് മടി കാണിക്കാറില്ല. കണക്കുകൾ കൂട്ടി നമ്പർ ഭാഗ്യമുള്ളതാണോ എന്ന് പരിശോധിക്കും. അങ്ങനെയാണ് ലോട്ടറിയുമായി വന്ന മറ്റൊരു
വില്പനക്കാരനിൽ നിന്നും താത്പര്യമുള്ള ഒരു നമ്പർ കണ്ടതിനാൽ രണ്ടു ടിക്കറ്റ് വാങ്ങിയത്.
അന്നും ലോട്ടറി തട്ട് അടക്കുമ്പോൾ മിച്ചമുള്ള സ്വന്തം ടിക്കറ്റിനൊപ്പം വാങ്ങിയതും സൂക്ഷിച്ചു. ഫലം വന്നപ്പോൾ അവസാനത്തെ നാല് അക്കങ്ങൾ ഓർമ്മ വന്നെങ്കിലും ഉറപ്പില്ലായിരുന്നു. വീട്ടിൽ നിന്നും വൈകുന്നേരം പ്ലാങ്കമൺ ജങ്ഷനിൽ എത്തി ടിക്കറ്റ് ഒത്തു നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ഉറപ്പിച്ചത്.
ഭാര്യ: റ്റിയ. മക്കൾ.രാഹുൽ,ഗോകുൽ,വിഷ്ണു,റിയ. ആകെ നാലു സെന്റ് ഭൂമിയിൽ ഷീറ്റ് മേൽക്കൂര ആക്കിയാണ് താമസം. സൗകര്യമുള്ള സ്ഥലത്ത അൽപ്പം നല്ലൊരു വീട് വൈക്കണമെന്നാണ് ആഗ്രഹമെന്ന് രാജഗോപാൽ പറയുന്നു. കുട്ടികളെ പഠിപ്പിക്കണം. ലോട്ടറി കച്ചവടവും തുടരാനാണ് പദ്ധതി. ഇനിയും മറ്റ് വിൽപ്പനക്കാരിൽ നിന്ന് ടിക്കറ്റ് എടുക്കുന്നത് തുടരുകയും ചെയ്യും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്