- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'രാഹുൽ, താങ്കൾ ഒരു വിവാഹം കഴിക്കണം, ഇനിയും സമയം വൈകിയിട്ടില്ല; അമ്മ ഞങ്ങളോടൊക്കെ വിഷമം പറയുന്നു; നിങ്ങളുടെ വിവാഹ ഘോഷയാത്രയുടെ ഭാഗം ആകാനായി ഞങ്ങളൊക്കെ കാത്തിരിക്കുകയാണ്; ഈ താടിയൊക്കെ വടിച്ചുകളയണം'; രാഹുൽ ഗാന്ധിയോട് കല്ല്യാണക്കാര്യം ഉപദേശിച്ചു ലാലു പ്രസാദ്; ചിരിയോടെ നേതാക്കൾ
പട്‌ന: ഇന്നലെ പട്‌നയിൽ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ത്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവാകുമോ എന്നറിയാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. ഇതിനിടെ ഇന്നലെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ബാച്ചിലറായ ഒരു രാഷ്ട്രീയക്കാരന്റെ വിവാഹകാര്യവും യോഗത്തിൽ ചർച്ചയായി. രാഹുൽ ഗാന്ധിയുടെ വിവാഹക്കാര്യമാണ് ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് എടുത്തിട്ടത്. ഇരുവരും തമ്മിൽ സംസാരിച്ചത് മറ്റ് നേതാക്കൾക്കിടയിലും ചിരിപടർത്തി. വീഡിയോ സൈബറിടത്തിൽ വൈറലാണ്.
രാഹുലിനോട് വിവാഹം കഴിക്കണം എന്നുള്ള ലാലുവിന്റെ അഭ്യർത്ഥനയാണ് നേതാക്കൾക്കിടയിൽ ചിരി പടർത്തിയത്. പ്രതിപക്ഷ നേതാക്കളുടെ, സംയുക്ത വാർത്താസമ്മേളനത്തിന് ശേഷമായിരുന്നു സംഭവം. 'രാഹുൽ, താങ്കൾ ഒരു വിവാഹം കഴിക്കണം. ഇനിയും സമയം വൈകിയിട്ടില്ല. വിവാഹത്തെക്കുറിച്ചു പറഞ്ഞാൽ താങ്കൾ കേൾക്കില്ലെന്ന് താങ്കളുടെ അമ്മ ഞങ്ങളോടൊക്കെ വിഷമം പറയുന്നു. നിങ്ങളുടെ വിവാഹ ഘോഷയാത്രയുടെ ഭാഗം ആകാനായി ഞങ്ങളൊക്കെ കാത്തിരിക്കുകയാണ്, ഈ താടിയൊക്കെ വടിച്ചുകളയണം'- ലാലു പറഞ്ഞു.
ഇതോടെ കൂടെയുണ്ടായിരുന്ന നേതാക്കൾ ചിരിയിൽ മുങ്ങി. എന്നാൽ വിവാഹകാര്യത്തിന് ഒരു ചിരിയിൽ മറുപടിയൊതുക്കിയ രാഹുൽ 'താടി വെട്ടിയൊതുക്കാം' എന്ന് ലാലുവിന് മറുപടി നൽകി. അതിനിടെ ലാലു പ്രസാദ് യാദവിന്റെ വിവാഹ കമന്റ് കൂടെയുണ്ടായിരുന്ന നേതാക്കളും ഏറ്റെടുത്തു. നിങ്ങളുടെ അമ്മ എന്നോട് പറഞ്ഞിരുന്നു ഇപ്പോൾ രാഹുലിന്റെ ശ്രദ്ധ എത്തുന്നില്ല എന്ന്, വേഗം വിവാഹം കഴിക്കൂ എന്നായിരുന്നു ഒരു കോൺഗ്രസ് നേതാവിന്റെ പ്രതികരണം, ഇനിയും സമയമുണ്ട്, വൈകിയിട്ടില്ല എന്നായിരുന്നു ഒരു നേതാവിന്റെ കമന്റ്.
അനാരോഗ്യം മൂലം ദീർഘനാൾ സജീവരാഷ്ട്രീയത്തിൽനിന്നു ലാലു പ്രസാദ് വിട്ടുനിൽക്കുകയായിരുന്നു. നാളുകൾക്ക് ശേഷമാണ് അദ്ദേഹം മാധ്യമപ്രവർത്തകർക്കു മുന്നിലെത്തുന്നത്. നിങ്ങളെയൊക്കെ കണ്ടിട്ട് കുറെ കാലമായി എന്ന വാചകത്തോടെയായിരുന്നു ലാലു മാധ്യമങ്ങളുടെ അടുത്തെത്തിയത്. വാർത്താ സമ്മേളനത്തിൽ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച അദ്ദേഹം, രാഹുൽ ഗാന്ധിയുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുകയും ചെയ്തു.
കന്യാകുമാരി മുതൽ കശ്മീർ വരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ പാർട്ടി നേതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കിയ പട്‌ന സമ്മേളനം ലോക്‌സഭ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രതിപക്ഷ ഐക്യത്തിലെ സുപ്രധാനമായൊരു ചുവടാണ്. ഇവിടെ നിന്നങ്ങോട്ട് ബിജെപിക്കെതിരായ കരുനീക്കം എങ്ങനെ വേണമെന്ന് വിശദമായി ചർച്ച ചെയ്യാൻ ഒരു മാസത്തിനകം രണ്ടു ദിവസത്തെ ഷിംല സമ്മേളനം നിശ്ചയിച്ചാണ് 17 പാർട്ടികളുടെ നേതാക്കൾ പട്‌നയിൽ നിന്ന് മടങ്ങിയത്.
സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് മാത്രമല്ല, അടിയന്തരാവസ്ഥക്കെതിരായ പടയൊരുക്കത്തിനും വലിയ സംഭാവന നൽകിയ സോഷ്യലിസ്റ്റ് ഭൂമികയാണ് ബിഹാർ. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുകയെന്ന പ്രമേയം മുന്നോട്ടുവെക്കുന്ന പുതിയ ജനകീയ പോരാട്ടം അവിടെ നിന്നു തന്നെ തുടങ്ങുന്നുവെന്ന പ്രത്യേകത പുതിയ നീക്കങ്ങളിലുണ്ട്.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരം പിടിച്ചവരിൽ പ്രധാനികളായ നിതീഷ് കുമാറും ലാലു പ്രസാദും ഒന്നിച്ചുനിന്ന് അത്തരമൊരു മുന്നേറ്റത്തിനാണ് ആതിഥേയത്വം വഹിച്ചത്. പട്‌നയിൽ യോഗം വിളിക്കണമെന്ന നിർബന്ധ ബുദ്ധി ആദ്യം പ്രകടിപ്പിച്ചത് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയാണ്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ യോഗം നടത്തുന്ന പതിവിൽ നിന്ന് മാറി ചിന്തിച്ചേ മതിയാവൂ എന്ന താൽപര്യമാണ് അതിൽ പ്രതിഫലിച്ചത്. കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കാൻ മടിയുള്ളവരെകൂടി ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്ന ദൗത്യം വിജയിപ്പിക്കാൻ അത് സഹായകമായിത്തീർന്നു. നേതൃപരമായ അവകാശവാദങ്ങൾ മാറ്റിവെക്കാൻ കോൺഗ്രസ് തയാറാവുകയും ചെയ്തു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ ശ്രമം നടത്തിയത്. ഏതാണ്ട് 32 പ്രതിപക്ഷ പാർട്ടികളിൽ 17 പാർട്ടികൾ സംഗമത്തിൽ പങ്കെടുത്തു. എന്നാൽ പ്രതിപക്ഷ സംഗമത്തിൽ പങ്കെടുക്കാനെത്തിയ ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ പെട്ടെന്നു തന്നെ തലസ്ഥാനത്തേക്ക് തന്നെ മടങ്ങിപ്പോയി. വിമാനം വൈകുമെന്നതിനാലാണ് കെജ്‌രിവാൾ പെട്ടെന്ന് മടങ്ങിയത്.
അതിനാലാണ് യോഗത്തിനു ശേഷം നടന്ന സംയുക്ത വാർത്ത സമ്മേളനത്തിൽ കെജ്രിവാളിന്റെ അസാന്നിധ്യമുണ്ടായതെന്ന് നിതീഷ് കുമാർ പറഞ്ഞു. അടുത്ത പ്രതിപക്ഷ സംഗമം ജൂലൈയിൽ ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടക്കുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്. ഡൽഹിയിലെ വിവാദ ഓർഡിനൻസ് വിഷയത്തിൽ എ.എ.പിയും കോൺഗ്രസും തമ്മിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. ഓർഡിനൻസിന്റെ കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കാത്തതാണ് എ.എ.പിയെ പ്രകോപിപ്പിച്ചത്.




