തിരുവനന്തപുരം: വഞ്ചിയൂരിൽ വീടിന് അരികിലായുള്ള മെഡിക്കൽ ഷോപ്പിലേക്ക് പോയി മടങ്ങി വരികയായിരുന്ന വീട്ടമ്മയെ നടുറോഡിൽ അജ്ഞാതൻ ആക്രമിച്ച സംഭവം അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാർക്ക് സസ്‌പെൻഷൻ. സീനിയർ സി പി ഒ ജയരാജ്, സി പി ഒ രഞ്ജിത്ത് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. മാർച്ച് 13ന് രാത്രി പത്തരയോടെ മരുന്നു വാങ്ങാൻ ജനറൽ ആശുപത്രി ജംക്ഷനിലെത്തിയ യുവതിക്കു നേരെയാണ് അതിക്രമമുണ്ടായത്.

പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് സ്ഥലത്തെത്തിയ രണ്ടു പൊലീസുകാർ, ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ മൊഴിയെടുക്കുകയോ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയോ ചെയ്തില്ല. പൊലീസിൽ വിവരമറിയിച്ച് നടപടിയുണ്ടായില്ലെന്നും വീട്ടമ്മ പറയുന്നു. കേസെടുത്തത് തന്നെ ദിവസങ്ങൾ കഴിഞ്ഞാണെന്നും ആക്ഷേപമുണ്ട്.

സംഭവം നടന്ന ഉടൻ പേട്ട പൊലീസിൽ വിവരം അറിയിച്ചു. പക്ഷെ പൊലീസ് അനങ്ങിയില്ല. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിന് ശേഷമാണ് കേസെടുത്തത്. സ്ത്രീ താൻ ആക്രമിക്കപ്പെട്ട വിവരം അറിയിച്ച ശേഷം സ്ഥലത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും എത്തിയിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് പോയ സ്ത്രീയെ കാണാനും മൊഴി രേഖപ്പെടുത്തി കേസെടുക്കാനും ഇവർ തയ്യാറായില്ലെന്നാണ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.

വഞ്ചിയൂർ മൂലവിളാകം ജംക്ഷനിൽവച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. മെഡിക്കൽ സ്റ്റോറിൽനിന്ന് മടങ്ങുമ്പോൾ അജ്ഞാതൻ പിന്തുടരുകയായിരുന്നു. ആക്രമിക്കാൻ ശ്രമിച്ചപ്പോൾ യുവതി വേഗത്തിൽ വാഹനം ഓടിച്ചുപോയി. വാഹനം വീട്ടുവളപ്പിലേക്കു കയറ്റാൻ ശ്രമിക്കുമ്പോൾ ബൈക്കിലെത്തിയയാൾ വാഹനം മുന്നിലേക്കു കയറ്റി തടഞ്ഞു. ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു. അക്രമി തലമുടി കുത്തിപ്പിടിച്ച് അടുത്തുള്ള കരിങ്കൽ ചുമരിലേക്ക് ഇടിച്ചു. ഇടതു കണ്ണിനും കവിളിലും പരുക്കേറ്റ യുവതി ചോരയൊലിക്കുന്ന മുഖവുമായി വീട്ടിലെത്തി മകളോട് വിവരം പറഞ്ഞു. മകളാണു പേട്ട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്.

അജ്ഞാതൻ വാഹനം ചേർത്തുനിർത്തി കടന്നാക്രമിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്തു.എതിർത്തപ്പോൾ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് തൊട്ടടുത്തുള്ള മതിലിൽ തല ഇടിക്കുകയും മുഖം നിലത്ത് ഉരയ്ക്കുകയും ചെയ്തു. പിന്നാല വസ്ത്രം വലിച്ചു കീറി പീഡന ശ്രമം നടത്തുകയായിരുന്നുവെന്നും വീട്ടമ്മ പറയുന്നു. ഉച്ചത്തിൽ നിലവിളിച്ചതിനെ തുടർന്ന് തിടുക്കത്തിൽ അയാൾ കടന്നുകളയുകയായിരുന്നു. എന്തുചെയ്യണമെന്ന് അറിയാതെ ആകെ ഷോക്കിൽ ആയിപോയതായി ആക്രമണത്തിനിരയായ വീട്ടമ്മ പറയുന്നു.

വീട്ടിലെത്തി മകളോട് ദുരനുഭവം പറഞ്ഞു. കണ്ണ് തുറക്കുവാൻ പോലും കഴിയാത്ത രീതിയിൽ കലങ്ങി പോയിരുന്നു.മകൾ ഭയന്നു ഗൂഗിളിൽ നിന്നും പേട്ട പൊലീസ് സ്റ്റേഷൻ നമ്പർ കണ്ടെത്തി. അമ്മയെ ഒരാൾ ആക്രമിച്ചന്നും സഹായത്തിനായി മറ്റാരും ഇല്ലെന്നും, ദയവായി സഹായിക്കണമെന്നു പറഞ്ഞെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. അമ്മയെ ഉടനെ ആശുപത്രിയിൽ എത്തിക്കണം ഒരു ആംബുലൻസ് പറഞ്ഞു വിടാമോ എന്നും ചോദിച്ചിരുന്നു. പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പിന്നീട് സ്‌കൂട്ടറിലാണ് അമ്മയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെന്ന് മകളും പറയുന്നു.

പിന്നാലെ സ്റ്റേഷനിൽ നിന്നും വിളിച്ച് നേരിട്ടെത്തി സ്റ്റേറ്റ്മെന്റ് നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്.അതിനാൽ തന്നെ ചികിത്സയ്ക്കുശേഷം കമ്മീഷണർ ഓഫീസിൽ എത്തി പരാതി നൽകുകയായിരുന്നു.അതിനുശേഷം ആണ് പൊലീസ് എത്തി സിസിടിവി പരിശോധനയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തത് എന്നും പറയുന്നു.സ്വന്തം അനുഭവത്തിൽ നിന്നും പറയാനുള്ളത് സ്ത്രീ സുരക്ഷയ്ക്കായി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു എന്ന് പറയുന്നുണ്ടെങ്കിലും എല്ലാം പ്രഹസനം മാത്രമാണ്. കാര്യത്തോട് അടുക്കുമ്പോൾ ഒരു ഡിപ്പാർട്ട്മെന്റ് നിന്നും സഹായം ലഭിക്കുമെന്ന് തോന്നുന്നില്ല.തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്നുമാണ് തനിക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായത് എന്നും വീട്ടമ്മ പറയുന്നു.

എന്ത് സംരക്ഷണമാണ് ഗവൺമെന്റ് പൊലീസും സ്ത്രീകൾക്കായി ഒരുക്കുന്നത്. വിളിച്ചപ്പോൾ തന്നെ പൊലീസ് എത്തിയിരുന്നു എങ്കിൽ പ്രതിയെ ഉറപ്പായും പിടിക്കാൻ സാധിക്കുമായിരുന്നു. നമ്മുടെ നിയമങ്ങളും ഒട്ടും ശക്തമല്ല അതുകൊണ്ടുതന്നെയാണ് വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. മയക്കുമരുന്ന് ഉപയോഗവും ഇതിനൊരു കാരണമാണ്. ലൈംഗികതയ്ക്കായി കൊല്ലാനും മടിയില്ല. ഞാനും മകളും മാത്രമാണ് താമസിക്കുന്നത്. മകളുടെ കാര്യത്തിലും ആശങ്കയുണ്ട്.എങ്ങനെ ജീവിക്കും എന്ന ഭയത്തിലാണ് ഇപ്പോഴുള്ളതെന്ന് അക്രമണത്തിനിരയായ സ്ത്രീ പറയുന്നു.

സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തതായി അധ്യക്ഷ പി.സതീദേവി പറഞ്ഞു. യുവതിയുടെ തലയിൽ നല്ല പരുക്കേറ്റിട്ടുണ്ട്. പൊലീസ് നിലപാട് ഒരിക്കലും അംഗീകരിക്കാനാകില്ല. വീട്ടമ്മ സ്റ്റേഷനിലെത്തി മൊഴി നൽകണമെന്നു പറഞ്ഞത് പൊലീസിന് ഭൂഷണമല്ല. പേട്ട പൊലീസിനോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നും സതീദേവി അറിയിച്ചു.

സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് വടകര എംഎൽഎയും ആർഎംപി നേതാവുമായ കെകെ രമ. മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പത്താണ് തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടാവുന്നത്. നാളെ സഭയിൽ ഈ വിഷയം ഉന്നയിക്കും. വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പൊലീസിനെ ന്യായീകരിച്ചതും തെറ്റാണെന്ന് കെകെ രമ വ്യക്തമാക്കി. തിരുവനന്തപുരത്ത് ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു പ്രതിപക്ഷ എംഎൽഎയുടെ പ്രതികരണം.

വിഷയത്തിൽ ജോലിയിൽ അലംഭാവവും ഗുരുതര കൃത്യവിലോപവും കാട്ടിയ പൊലീസ് ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന നിലപാടായിരുന്നു സംസ്ഥാന വനിതാ കമ്മീഷൻ പി സതീദേവിയുടെ ഭാഗത്ത് നിന്നുണ്ടായത്. പൊലീസ് സ്റ്റേഷനിൽ പരാതി എത്താൻ വൈകിയതുകൊണ്ടാണ് അന്വേഷണത്തിൽ കാലതാമസം ഉണ്ടായതെന്ന് അവർ പറഞ്ഞു. പരാതിക്കാരി വിളിക്കുക മാത്രമാണ് ആദ്യം ചെയ്തത്, പരാതി നൽകിയില്ലെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി വൈകാൻ കാരണമായി അവർ പറഞ്ഞു.