- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഷർ കൂടിയപ്പോൾ കൺട്രോൾ പോയി; സിപിഎം ലോക്കൽ കമ്മറ്റിയംഗം കൂടിയായ വനിതാ പഞ്ചായത്തംഗം തൊഴിലുറപ്പ് തൊഴിലാളി ഓഫീസ് അടിച്ചു തകർത്തു; മിണ്ടാതിരുന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരേ പ്രതിഷേധം; വിവാദമായപ്പോൾ പൊലീസിൽ പരാതി; സംഭവം കോന്നി അരുവാപ്പുലത്ത്
കോന്നി: സിപിഎം ലോക്കൽ കമ്മറ്റിയംഗം കൂടിയായ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻ എൻ.ആർ.ഇ.ജി ഓഫീസ് അടിച്ചു തകർത്തു. പഞ്ചായത്ത് സെക്രട്ടറി സംഭവം മൂടി വച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നതോടെ പൊലീസിൽ പരാതി. സെക്രട്ടറി പൊലീസിൽ നൽകിയ പരാതി വിഷയം ലഘൂകരിച്ചുള്ളതാണെന്നും ആക്ഷേപം.
അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ എൻ.ആർ.ഇ.ജി ഓഫീസിൽ ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം കല്ലേലി ലോക്കൽ കമ്മിറ്റി അംഗവും തോട്ടം തൊഴിലാളി യൂണിയൻ നേതാവുമായ കല്ലേലിത്തോട്ടം അഞ്ചാം വാർഡ് അംഗം സിന്ധു സന്തോഷാണ് ഗ്രാമപഞ്ചായത്ത് ഓഫീസിലെ എൻ.ആർ.ജി ഓഫീസിലെത്തി അതിക്രമം കാട്ടിയത്.
ഓഫീസിലെ ജീവനക്കാരുമായി വാക്കേറ്റത്തെ തുടർന്ന് ഫയലുകളും കസേരകളും വലിച്ചെറിയുകയും കമ്പ്യൂട്ടർ തള്ളിയിടുകയും നാശനഷ്ടം വരുത്തുകയുമായിരുന്നുവത്രേ. വിവരം പുറത്തറിയാതിരിക്കാനുള്ള ശ്രമം നടന്നു. വ്യാഴാഴ്ച രാവിലെ പ്രതിപക്ഷ അംഗം ജി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് ഓഫീസിൽ എത്തുകയും സെക്രട്ടറിയെ അടക്കം നിർബന്ധിച്ച ശേഷമാണ് അതിക്രമം നടന്ന എൻ.ആർ.ജിയുടെ ഓഫീസ് തുറന്നത്.
മാധ്യമ പ്രവർത്തകർ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതോടെ വിവരം പറുംലോകം അറിഞ്ഞു. പൊലീസിൽ പരാതി നൽകാതിരുന്ന
സെക്രട്ടറിക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചു. സിന്ധു രണ്ടാം തവണയാണ് കല്ലേലിത്തോട്ടം വാർഡിൽ നിന്നും വിജയിക്കുന്നത്. വനിതാ സംവരണമായ പഞ്ചായത്തിൽ സിന്ധു പ്രസിഡന്റാകുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങളിൽ ചിലർ ഇതിനു പ്രോത്സാഹനവും നൽകി. എന്നാൽ, സംസ്ഥാനത്തു തന്നെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി സിപിഎമ്മിലെ രേഷ്മ മറിയം റോയി വിജയിച്ചു വന്നതോടെയാണ് ചിത്രം മാറി. പാർട്ടി നേതൃത്വം രേഷ്മയെ പ്രസിഡന്റാക്കി.
രണ്ടര വർഷം വീതം രേഷ്മയ്ക്കും സിന്ധുവിനും അവസരം നൽകുമെന്ന പ്രതീക്ഷയും നടക്കാതെ വന്നതോടെ സിന്ധു പല ഘട്ടങ്ങളിലും പ്രതിപക്ഷത്തിനൊപ്പം നിന്നു. ഇതിന്റെ ഭാഗമാണ് ഇപ്പോൾ നടന്ന അതിക്രമമെന്ന് സിപിഎമ്മിലെ ഒരു വിഭാഗം ആരോപിക്കുന്നു. സിന്ധുവിനെതിരെ പാർട്ടി നടപടി ഉണ്ടായേക്കും. തനിക്ക് രക്തസമ്മർദ്ദം വർധിച്ചതാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് സിന്ധു പറയുന്നത്. വിഷയം വിവാദമായതോടെ പഞ്ചായത്ത് സെക്രട്ടറി കോന്നി പൊലീസിൽ പരാതി നൽകി.
എന്നാൽ, ഓഫീസ് അടിച്ചു തകർത്തുവെന്ന വിവരം മറച്ചു വച്ച് ലഘൂകരിച്ച പരാതിയാണ് പൊലീസിന് നൽകിയത് എന്നാണ് സൂചന. ഇതിൽ ജീവനക്കാരോട് തട്ടിക്കയറിയെന്ന് മാത്രമാണത്രേ പറയുന്നത്. പൊതുമുതൽ നശീകരണത്തിന് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കേണ്ടി വരുമെന്നതിനാലാണ് ഇത്തരമൊരു പരാതിയെന്നാണ് പറയുന്നത്. തങ്ങൾക്ക് പലപ്പോഴും അനുകൂല നിലപാട് എടുക്കുന്ന സിന്ധുവിന്റെ കാര്യമായതിനാൽ പ്രതിപക്ഷം നിലപാട് കടുപ്പിക്കാനും സാധ്യത കുറവാണ്.
പ്രതിഷേധവുമായി യുഡിഎഫ്
പഞ്ചായത്ത് ഓഫീസിൽ നടന്ന സിപിഎം അംഗത്തിന്റെ അതിക്രമത്തിൽ യു. ഡി. എഫ് പാർലമെന്ററി പാർട്ടി യോഗം പ്രതിഷേധിച്ചു. തൊഴിലുറപ്പു പദ്ധതി ഓഫീസിലെ കസേരകളും ഫയലുകളും കമ്പ്യൂട്ടറുകളുമാണ് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനും സിപിഎം പഞ്ചായത്ത് അംഗവും ആയ സിന്ധു അടിച്ചു തകർത്തത്. പഞ്ചായത്ത് കമ്മറ്റി എടുത്ത തീരുമാനത്തിന് വിരുദ്ധമായി സി പി. എം പ്രാദേശിക നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം മസ്റ്റർ റോൾ അടിച്ചു നൽകിയതാണ് പ്രശ്നങ്ങൾക്കു കാരണം.
സിപിഎം നേതൃത്വത്തിന്റ പിൻസീറ്റ് ഭരണംകാരണം ഗ്രാമ പഞ്ചായത്തിൽ അഴിമതിയും കെടുകാര്യ സ്ഥതയും ആണ് നടക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി സിപിഎം ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുന്നതിനാലാണ് യു.ഡി. എഫ് അംഗങ്ങളുടെ പ്രതിഷേധം ഉണ്ടാകുന്നതു വരെ പരാതി നൽകാൻ തയാറാകാതിരുന്നത്. പഞ്ചായത്ത് നിയമപരമായി നടപടി സ്വീകരിച്ചില്ലങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്നും, സിപിഎം പിൻസീറ്റ് ഭരണം അവസാനിപ്പിക്കണമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. ജി. ശ്രീകുമാർ, ടി.ഡി.സന്തോഷ്, മിനി ഇടുക്കുള, അമ്പിളിസുരേഷ്, സ്മിത സന്തോഷ്, ബാബു. എസ്. നായർ എന്നിവർ പങ്കെടുത്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്