പാലക്കാട്: സെറിബ്രൽ പാൾസി ബാധിച്ച മകന്റെ വിശപ്പടക്കാൻ അദ്ധ്യാപികയോട് 500 രൂപ കടം ചോദിച്ച അമ്മയ്ക്കുവേണ്ടി നാട് ഒന്നിച്ചതോടെ രണ്ട് ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ടിൽ ലഭിച്ചത് 51 ലക്ഷം രൂപ. പാലക്കാട് കൂറ്റനാട് സ്വദേശി സുഭദ്രയ്ക്കാണ് സുമനസുകളുടെ സഹായം ലഭിച്ചത്.

ആ അമ്മ നേരിടുന്ന നൊമ്പരങ്ങൾ അറിയിച്ച് വട്ടേനാട് സ്‌കൂളിലെ ഗിരിജ ടീച്ചറിട്ട ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടാണ് ആളുകൾ സഹായവുമായി എത്തിയത്. രോഗബാധിതനായ 17കാരൻ മകൻ ഉൾപ്പടെ മൂന്ന് കുട്ടികളാണ് സുഭദ്രയ്ക്കുള്ളത്. അഞ്ച് മാസം മുൻപ് ഭർത്താവ് മരിച്ചതോടെ ഇവരുടെ ഏക ആശ്രയവും ഇല്ലാതെയായി.

രണ്ട് മക്കളെയും മകന്റെ കാവൽ ഏൽപ്പിച്ചിട്ടാണ് സുഭദ്ര കൂലിപ്പണിക്ക് പോകുന്നത്. പൊളിഞ്ഞുവീഴാറായ കൂരയിലാണ് ഇവർ താമസിക്കുന്നത്. രോഗിയായ മകനൊപ്പം മറ്റ് രണ്ട് മക്കളെ കാവലിരുത്തിയാണ് സുഭദ്ര കൂലിപ്പണിക്ക് പോവുക. പണിക്ക് പോവാൻ പറ്റാതായതോടെ കുടുംബം മുഴു പട്ടിണിയിലായി.

മകന്റെ വിശപ്പടക്കാൻ മറ്റുവഴിയില്ലാതെ വന്നതോടെ സുഭദ്ര 500 രൂപയ്ക്കായി ഗിരിജ ടീച്ചറെ സമീപിക്കുകയായിരുന്നു . ആവശ്യമായ പണം അയച്ചു കൊടുത്തതിനൊപ്പം ടീച്ചർ സുഭദ്രയുടെ ദുരിതത്തെ കുറിച്ച് ഫെസ് ബുക്കിൽ പോസ്റ്റിട്ടു. ഇതിനെ തുടർന്ന് സുഭദ്രയ്ക്ക് പല വഴികളിൽ നിന്നും സഹായപ്രവാഹം എത്തുകയായിരുന്നു. പാതിവഴിയിലായ വീട് പണിയും മകന്റെ തുടർ ചികിത്സയും ഈ പണം കൊണ്ട് പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സുഭദ്ര.

പാതിവഴിയിലായ വീട് പണിയും മകന്റെ തുടർ ചികിത്സയും ഈ പണം കൊണ്ട് സുഭദ്രയ്ക്ക് പൂർത്തിയാക്കണം. ഒരിക്കൽ പോലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത മനുഷ്യരിൽ നിന്ന് ലഭിച്ച കൈത്താങ്ങിന്റെ ബലത്തിൽ മകനൊപ്പം ജീവിതത്തിൽ പുതിയ ചുവടുകൾ വെക്കാൻ ഒരുങ്ങുകയാണ് സുഭദ്ര.

അഞ്ഞൂറ് രൂപ ചോദിച്ചവർക്ക് അൻപത്തൊന്ന് ലക്ഷം കൊടുത്ത സുഹൃത്തുക്കളോട് ഗിരിജ ടീച്ചർ പ്രത്യേകം നന്ദി പറഞ്ഞു. ആ പോസ്റ്റിടുമ്പോൾ മനസിലുണ്ടായിരുന്നത് രണ്ടു കാര്യങ്ങളാണ്...1)ആ കുഞുങ്ങളെ പണി തീരാത്ത വീട് പൂർത്തിയാക്കി മാറ്റി താമസിപ്പിക്കണം. 2.മക്കളുടെ ആഹാരത്തിനും വസ്ത്രത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ആ അമ്മക്കിനി ആരെയും വിളിച്ച് കെഞ്ചേണ്ടി വരരുതെന്നും ടീച്ചർ കുറിപ്പിൽ പറയുന്നു.

ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ നൽകിയ പ്രിയപ്പെട്ടവരേ...നിങ്ങളെ കുറിച്ചോർക്കുമ്പോഴാണ് മനസറിഞ്ഞ് നന്മയുള്ള ലോകമേ..എന്ന് പാടുവാൻ തോന്നുന്നതെന്നും ടീച്ചർ പറഞ്ഞു.