പാലക്കാട്: നിരത്തിൽ പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം പുതിയ സംഗതിയല്ല. റോഡിൽകൂടി പോകുന്ന ചെറുവാഹനങ്ങൾക്കാണ് ബസുകളുടെ മത്സരയോട്ടം പലപ്പോഴും പണിയാകുന്നത്. എന്നാൽ, ഈ ബസുകാരുടെ മത്സരയോട്ടത്തിന് തടയിട്ടു കൊണ്ടു വീരപരിവേഷം നേടിയിരിക്കയാണ് കൂറ്റനാട് സ്വദേശിനിയായ യുവതി. കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് ഒറ്റയ്ക്ക് തടഞ്ഞിട്ട് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി.

ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂർ സ്വദേശി സാന്ദ്രയാണ് പാലക്കാട് ഗുരുവായൂർ റൂട്ടിൽ മരണയോട്ടം നടത്തി സർവീസ് നടത്തിയ രാജപ്രഭ ബസ് തടഞ്ഞിട്ടത്. രാവിലെ സാന്ദ്ര റോഡിലൂടെ പോകുമ്പോൾ പുറകിൽ നിന്ന് വന്ന ബസ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടിൽ കടന്നു പോകുകയായിരുന്നു. എതിരെ വന്ന ലോറിയെ കടന്നു പോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. കടന്നു പോകാനാകില്ല എന്ന് ഉറപ്പായിട്ടും ഡ്രൈവർ നടത്തിയ അതിക്രമം മൂലം ചാലിലേക്ക് സാന്ദ്രയ്ക്ക് വാഹനം ഇറക്കേണ്ടി വന്നു. വാഹനം ഒതുക്കിയെങ്കിലും, തുടർന്ന് ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് സാന്ദ്ര ബസിനെ മറികടന്ന് തടഞ്ഞിടുകയായിരുന്നു.

സാന്ദ്ര പിന്തുടർന്ന് ബസ് തടയുമ്പോൾ ചെവിയിൽ ഇയർഫോൺ കുത്തിവച്ച നിലയിലായിരുന്നു ഡ്രൈവർ. സാന്ദ്ര സംസാരിക്കുമ്പോഴും ഇത് ചെവിയിൽ നിന്ന് അഴിച്ചു മാറ്റാൻ ഡ്രൈവർ തയ്യാറായില്ല. ഈ പെരുമാറ്റം വേദനിപ്പിച്ചുവെന്ന് സാന്ദ്ര പറഞ്ഞു. അതേസമയം സാന്ദ്ര ബസ് തടഞ്ഞു നിർത്തി സംസാരിക്കുമ്പോഴും ബസിലെ ഒരു യാത്രക്കാരൻ ഒഴികെയുള്ളവരോ വഴിയാത്രക്കാരോ പിന്തുണയ്ക്കാൻ എത്തിയില്ല. ഒരു യാത്രക്കാരൻ മാത്രമാണ് അഭിനന്ദിച്ചതെന്ന് സാന്ദ്ര പറഞ്ഞു. ആൺകുട്ടികളെ പോലെ ഗുണ്ടായിസം കാണിക്കുകയാണോ എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഇതേ ബസിൽ നിന്ന് ഇതിന് മുമ്പും മോശം അനുഭവം ഉണ്ടായിരുന്നതായി സാന്ദ്ര പറഞ്ഞു. മൂന്നോ നാലോ തവണ സമാന അനുഭവം ഉണ്ടായതായി സാന്ദ്ര പറഞ്ഞു. വളവുകളിൽ പോലും അമിത വേഗത്തിലാണ് ബസ് കടന്നു പോകാറുള്ളതെന്ന് ചിലർ പറഞ്ഞു. തടഞ്ഞു നിർത്തി ബസ് ഡ്രൈവർമാരോട് നാല് വർത്തമാനം പറയാനും സ്ന്ദ്ര മടിച്ചില്ല.

വലിയ വണ്ടി ആണെന്ന് കരുതി എന്തും ചെയ്യാമെന്നാണോ, നിങ്ങൾക്ക് മാത്രം കടന്നുപോയാൽ പോര, മറ്റുള്ളവർക്കും യാത്ര ചെയ്യണം. ഞാൻ ചത്തു പോയിരുന്നെങ്കിലോ. പെൺപിളേളരല്ലേ, കുട്ടിയല്ലേ ഒന്നും ചെയ്യില്ലെന്നാണോ വിചാരം. എന്നാണ് സാന്ദ്ര പറഞ്ഞത്. സംഭവത്തിൽ നിയമപരമായി നീങ്ങാനാണ് സാന്ദ്രയുടെ തീരുമാനം. ബസ് തടഞ്ഞിടുന്ന സമയത്ത് അതിലൂടെ കടന്നുവന്നയാൾ ചാലിശ്ശേരി സ്റ്റേഷനിലെ പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തിയെന്നും നിയമ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതായും സാന്ദ്ര പറഞ്ഞു.

ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ നിന്ന് ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിദുദ പഠനം പൂർത്തിയാക്കിയ സാന്ദ്ര, എൽഎൽബി എൻട്രൻസിനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം വാർത്ത ശ്രദ്ധയിൽപെട്ട ആർടിഒ നരപടികൾ തുടങ്ങിയിട്ടുണ്ട്.