വൈക്കം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കാര്യത്തിൽ സർക്കാർ അലംഭാവം തുടങ്ങിയിട്ട് കാലം കുറിച്ചായി. തൊഴിലാളി വർഗ്ഗ പാർട്ടി ഭരിക്കുന്ന സർക്കാർ ആണെങ്കിലും ഇതുപോലൊരു ദുരിതം മറ്റൊരു കാലത്തും ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാരുടെ പക്ഷം. തോന്നിയതു പോലെ ശമ്പളം കൊടുക്കുന്ന സ്ഥാപനമായി മാറിയിട്ടുണ്ട് കെഎസ്ആർടിസി. എന്നാൽ ശമ്പളം കിട്ടിയില്ലെങ്കിലും പ്രതിഷേധിക്കരുതെന്നാണ് കോർപ്പറേഷന്റെ തിട്ടൂരം. അല്ലാതെ നേരിയ പ്രതിഷേധം ഉയർന്നവർക്കെതിരെ പ്രതികാരം നടപടികളും കൈക്കൊള്ളുന്നു.

ശമ്പളം കിട്ടാതെ വന്നപ്പോൾ ശമ്പളരഹിത സേവനം 41-ാം ദിവസമെന്ന് ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവം വിവാദമാകുയാണ്. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ്. നായരെയാണ് പാലാ ഡിപ്പോയിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ജനുവരി 11-നാണ് ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബാഡ്ജ് ധരിച്ച് അഖില ഡ്യൂട്ടി ചെയ്തത്.

ആ ചിത്രം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു. കോർപ്പറേഷൻ നടത്തിയ അന്വേഷണത്തിൽ അഖില അച്ചടക്കലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാർഥം സ്ഥലം മാറ്റിയെന്നുമാണ് ഉത്തരവിൽ പറയുന്നത്. അഖിലയുടെ പ്രതിഷേധം സർക്കാരിനേയും കോർപ്പറേഷനേയും അപകീർത്തിപ്പെടുത്തുന്നതിന് ഇടവരുത്തിയെന്നും കെഎസ്ആർടിസിയുടെ സ്ഥലംമാറ്റ ഉത്തരവിൽ പറയുന്നു.

അതേസമയം കോർപ്പറേഷന്റെ സ്ഥലം മാറ്റ നടപടിയിൽ ജീവനക്കാർക്കിടയിലും പ്രതിഷേധം ശക്തമാകുകയാണ്. ശമ്പളം നൽകാതിരിക്കുന്നതിൽ പ്രതിഷേധിക്കുമ്പോൾ എന്തുകൊണ്ടാണ് ഇത്തരം നടപടികൾ എന്നാണ് ജീവനക്കാർ ചോദിക്കുന്നത്. എന്നാൽ സ്ഥലം മാറ്റം സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ഉത്തരവും തനിക്ക് ലഭിച്ചിട്ടില്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെയാണ് സ്ഥലം മാറ്റ വിവരം താൻ അറിഞ്ഞതെന്നും അഖില പ്രതികരിച്ചു.

ശമ്പളം ലഭിക്കാതെ സാമ്പത്തിക പ്രതിസന്ധിയിലായതോടയാണ് താൻ പ്രതിഷേധിച്ചത്. അതും ജോലി കൃത്യമായി ചെയ്തുകൊണ്ടുതന്നെ യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നിശബ്ദമായാണ് പ്രതിഷേധിച്ചത്. ജനുവരി 11നായിരുന്നു അഖിലയുടെ ഈ മൗന പ്രതിഷേധം. അതിനുശേഷം കോട്ടയം ഡിപ്പോയിലെ സ്‌ക്വാഡ് ഐസി വിളിപ്പിച്ച് സംഭവത്തിൽ അഖിലയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന് രണ്ട് മാസങ്ങൾക്കു ശേഷം മാർച്ച് 23നാണ് ഇപ്പോൾ അഖിലയെ സ്ഥലം മാറ്റിയിരിക്കുന്നത്.

അതേസമയം ശനിയാഴ്ച തന്നോട് ജോലിക്ക് വരേണ്ടതില്ലെന്ന് ഡിപ്പോയിൽ നിന്നും അറിയിക്കുകയുണ്ടായി. അതല്ലാതെ കെഎസ്ആർടിസി സ്ഥലംമാറ്റ രേഖയൊന്നും തനിക്ക് നൽകിയിട്ടില്ലെന്നും അഖില പറഞ്ഞു. കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ് അഖില. കെഎസ്ആർടിസിയുടെ ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ബിഎംഎസ് അറിയിച്ചു.

നേരത്തെ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിനെതിരെ ബസുകളിൽ പോസ്റ്ററുകൾ പതിച്ച് സിഐടിയു അടക്കമുള്ളവർ പ്രതിഷേധിച്ചിട്ടുണ്ട്. കെഎസ്ആർടിഇഎ(സിഐടിയു) കൊല്ലം ജില്ലാ കമ്മിറ്റിയാണ് ബിജു പ്രഭാകറിനെതിരെ പോസ്റ്ററുകൾ പതിച്ചത്. ബസുകൾക്ക് മുന്നിൽ ഉൾപ്പെടെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. പുതിയ ശമ്പള വിതരണ രീതിക്കെതിരെയാണ് പോസ്റ്ററുകൾ.