പത്തനംതിട്ട: ആശുപത്രികള്‍ കേന്ദ്രീകരിച്ച് രോഗികളുടെ പണം കവരുന്ന സ്ഥിരം മോഷ്ടാവായ സ്ത്രീ കോന്നി പോലീസിന്റെ പിടിയില്‍. ആശുപത്രികളില്‍ കറങ്ങിനടന്ന് രോഗികളുടെ പണം കവരുന്ന സ്ഥിരം മോഷ്ടാവായ സ്ത്രീയെ കോന്നി പോലീസ് അന്യൂനവും മികവാര്‍ന്നതുമായ അന്വേഷണത്തിന് ഒടുവില്‍ വിദഗ്ദ്ധമായി കുടുക്കി. ആറന്മുള പുതുവേലില്‍ ബിന്ദുരാജി(41)നെയാണ് പത്തനംതിട്ടയിലെ വാടകവീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.

ഈമാസം 14 ന് കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ഭര്‍ത്താവിനെ ചികിത്സയ്ക്കെത്തിച്ച കോന്നി പയ്യനാമണ്‍ സ്വദേശിനിയായ 65 കാരി ഏലിയാമ്മയുടെ ബാഗിലുണ്ടായിരുന്ന 30,000 രൂപ ഇവര്‍ മോഷ്ടിച്ച് കടന്നിരുന്നു. അന്നുച്ചയ്ക്ക് ഒരു മണിയോടുകൂടി ആശുപത്രിയിലെത്തിയ മോഷ്ടാവ് ആശുപത്രിയില്‍ കറങ്ങി നടക്കുകയും, രോഗികള്‍ കിടക്കുന്ന മുറികളില്‍ കയറിയിറങ്ങി പരിശോധന നടത്തുകയും ചെയ്തു.

തുടര്‍ന്ന്, ഡയാലിസിസ് യൂണിറ്റിന് സമീപത്തിരുന്ന ഏലിയാമ്മയുടെ അരികിലെത്തി ബാഗില്‍ നിന്നും തന്ത്രപൂര്‍വം പണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഭര്‍ത്താവിനെ ഡയാലിസിസിന് കയറ്റിയപ്പോള്‍ പുറത്ത് കസേരയിലിരുന്ന് ക്ഷീണം കാരണം മയങ്ങിപ്പോയ സമയത്താണ് സമീപമെത്തിയ മോഷ്ടാവ്, അരികത്ത് വച്ച ബാഗില്‍ നിന്നും പണവും രേഖകളുമടങ്ങിയ പേഴ്സ് കവര്‍ന്നത്. ആശുപത്രിയിലെ ആവശ്യത്തിന് കൊണ്ടുവന്ന പണമാണ് നഷ്ടമായത്.

ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് ഉള്‍പ്പെടെയുള്ള രേഖകളും നഷ്ടപ്പെട്ടിരുന്നു. ഏലിയായമ്മയുടെ പരാതിപ്രകാരം കേസെടുത്ത കോന്നി പോലീസ്, ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. സിസിടിവികളില്‍ തിരിച്ചറിയാതിരിക്കാന്‍ മാസ്‌ക്കും കൈയുറയും മോഷ്ടാവ് ധരിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം വ്യാപകമാക്കിയ അന്വേഷണത്തെത്തുടര്‍ന്ന്, പ്രതി സഞ്ചരിച്ച വാഹനം കണ്ടെത്തി. അങ്ങനെയാണ്, ഇന്നലെ പത്തനംതിട്ടയിലെ വാടകവീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

ബിന്ദു രാജിന് ആറന്മുള, തിരുവല്ല, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളില്‍ സമാനരീതിയിലുള്ള മോഷണ കേസുകള്‍ നിലവിലുണ്ട്.

സ്വകാര്യ ആശുപത്രികളില്‍ കറങ്ങി നടന്ന് രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും ബാഗുകളില്‍ നിന്നും പണം മോഷ്ടിക്കുകയാണ് ഇവരുടെ രീതി. കോന്നി പോലീസിന്റെ മികവാര്‍ന്ന അന്വേഷണം കാരണമാണ് മോഷ്ടാവിനെ വേഗത്തില്‍ കുടുക്കാന്‍ സാധിച്ചത്. മോഷ്ടിച്ച പണവും ഇവര്‍ യാത്ര ചെയ്ത വാഹനവും പോലീസ് കണ്ടെടുത്തു.

പ്രതിയെ ആശുപത്രിയില്‍ എത്തിച്ച് തെളിവെടുക്കുകയും, തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കോന്നി ഡി വൈ എസ് പി ടി രാജപ്പന്റെ മേല്‍നോട്ടത്തിലും കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ പി ശ്രീജിത്തിന്റെ നേതൃത്വത്തിലും നടന്ന അന്വേഷണത്തില്‍ എസ് ഐ വിമല്‍ രംഗനാഥന്‍, സിപിഒ മാരായ റോയി, പ്രമോദ്, അരുണ്‍, ജോസണ്‍, രഞ്ജിത്ത് എന്നിവരാണ് പങ്കെടുത്തത്.