- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മയെയും ഭാര്യയെയും വെട്ടിക്കൊല്ലുന്നത് കണ്ണുതുറപ്പിച്ചു; ലഹരിക്കടിമ ആയവര്‍ക്ക് പെണ്ണില്ലെന്ന് മഹല്ലുകള്‍; സ്വര്‍ണ്ണക്കടത്തിനും കുഴപ്പണത്തിനുമെതിരെ നടപടിയില്ലേയെന്ന് സോഷ്യല്‍ മീഡിയ; പുതുപ്പാടിയിലെ സുന്നി- മുജാഹിദ്-ജമാഅത്ത് സംയുക്ത മഹല്ല് തീരുമാനത്തില്‍ പ്രതീക്ഷയും ആശങ്കയും
ലഹരിക്കടിമ ആയവര്‍ക്ക് പെണ്ണില്ലെന്ന് മഹല്ലുകള്‍
കോഴിക്കോട്: താമരശ്ശേരിക്കടുത്തെ മലയോര ഗ്രാമപഞ്ചായത്തായ പുതുപ്പാടി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് രാസലഹരിയുടെ പേരില്‍ നടക്കുന്ന കൊലപാതങ്ങളിലാണ്. വെറും രണ്ടുമാസത്തെ ഇടവേളക്കുള്ളില്‍ രണ്ട് ക്രൂരമായ കൊലപാതകങ്ങള്‍ക്കാണ് ഈ നാട് സാക്ഷ്യം വഹിച്ചത്. രണ്ടിലും വില്ലന്‍ രാസലഹരിയായിരുന്നു. മസ്തിഷ്‌ക ശസ്ത്രക്രിയക്കുശേഷം സഹോദരി സക്കീനയുടെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കല്‍ വീട്ടില്‍ സുബൈദയെ (52)ജനുവരി 18-ന്് സ്വന്തം മകന്‍ കട്ടിപ്പാറ വേനക്കാവില്‍ മുഹമ്മദ് ആഷിഖ് ( 25) വെട്ടിക്കൊന്നത് നാടിനെ നടുക്കിയിരുന്നു.
ആഷിഖ് അടുത്ത വീട്ടില്‍ നിന്ന് തേങ്ങ പൊളിക്കാനാണെന്നും പറഞ്ഞ് കൊടുവാള്‍ ചോദിച്ച് വാങ്ങി, വീട്ടിനകത്ത് കയറി സുബൈദയെ വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിന് പല തവണ മാരകമായി വെട്ടുകളേറ്റ സുബൈദ ആശുപത്രിയിലെത്തും മുമ്പേ തന്നെ മരിച്ചു. മയക്കുമരുന്നിന് അടിമയായ ആഷിഖ് നേരത്തെ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. പ്രതി പ്ലസ്ടുവരെ നാട്ടിലാണ് പഠിച്ചത്. അതിനുശേഷം കോഴിക്കോട് പഠിച്ചു. ഇവിടെവച്ചാണ് ലഹരി ഉപയോഗം തുടങ്ങിയതെന്നാണ് വിവരം. പിടികൂടിയപ്പോള്‍ 'ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് കൊല. ആ ശിക്ഷ ഞാന്‍ നടപ്പാക്കി'- എന്നായിരുന്നു യുവാവ് നാട്ടുകാരോട് പറഞ്ഞത്.
മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ്, പുതുപ്പാടി പഞ്ചായത്തിലെ, ഈങ്ങാപ്പുഴയില്‍ ഷിബിലി എന്ന യുവതിയെ ഭര്‍ത്താവ് യാസര്‍ വെട്ടിക്കൊന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. മാതാവിനും പരിക്കുണ്ട്. ഷിബിലയെ കുത്തുന്നത് തടയാന്‍ എത്തിയപ്പോഴാണ് മാതാവിനും പിതാവിനും കുത്തേറ്റത്. ഇയാളും ലഹരിക്ക് അടിമയാണെന്നാണ് വാര്‍ത്തകള്‍ വന്നത്. മാത്രമല്ല ഉമ്മയെ വെട്ടിക്കൊന്ന മുഹമ്മദ് ആഷിഖിന്റെ സുഹൃത്തായിരുന്നു യാസര്‍ എന്നും വാര്‍ത്തകള്‍ വന്നു.
ഇതോടെയാണ് ഈ മേഖലയില്‍ വ്യാപകമായ മയക്കുമരുന്ന് നെറ്റ്വര്‍ക്കിനെക്കുറിച്ച് ബോധ്യം വരുന്നത്. മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ഡോ കെ ടി ജലീല്‍, ഇത്രയും മതവിദ്യാഭ്യാസം കിട്ടിയിട്ടും, മുസ്ലീം യുവാക്കള്‍ വഴിതെറ്റിപ്പോവുന്നതിനെപ്പറ്റിയും മതനേതൃത്വം ആ വിഷയത്തില്‍ ഒന്നും ചെയ്യുന്നില്ല എന്ന വിമര്‍ശനവും ഉന്നയിച്ചിരുന്നു.
'ലഹരിക്കാര്‍ക്ക് വിവാഹമില്ല'
ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ കൂടിയാവണം, ഇപ്പോള്‍ പുതുപ്പാടി പഞ്ചായത്തിലെ സുന്നി- മുജാഹിദ്-ജമാഅത്ത് സംയുക്ത മഹല്ല് കമ്മറ്റി യോഗം ചേര്‍ന്ന് ചില കടുത്ത തീരുമാനങ്ങള്‍ എടുത്തിരിക്കയാണ്. ലഹരി ഇടപാടുകാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കടുത്ത തീരുമാനങ്ങളാണ് ഇവര്‍ പ്രഖ്യാപിച്ചത്. ലഹരി ഉപയോഗിക്കുന്നവരുടെ വിവാഹങ്ങളുമായി മഹല്ലുകള്‍ സഹകരിക്കില്ലെന്നും അത്തരക്കാരുടെ വിവാഹം ചെയ്തുകൊടുക്കില്ലെന്നും യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഭീതിദമായ തോതില്‍ ലഹരി ഉപയോഗം വര്‍ധിച്ചത് കണക്കിലെടുത്താണ് നീക്കം. പുതുപ്പാടി പഞ്ചായത്തിലെ സുന്നി- മുജാഹിദ് -ജമാഅത്തെ ഇസ്ലാമി പള്ളികളിലെ 23 മഹല്ല് കമ്മറ്റികളുടെ സംയുക്ത യോഗമാണ് നടന്നത്.
വിവാഹം ലഹരി ഉപയോഗം ഇല്ലാത്തവരുമായി മാത്രമാക്കും, പെണ്‍കുട്ടികളുടെ സൗഹൃദങ്ങള്‍ അപകടം വിളിച്ചു വരുത്താതിരിക്കാന്‍ ബോധവല്‍കരണം നടത്തും, ഫലപ്രദമായ പാരന്റിംഗ് എങ്ങനെ വേണമെന്ന് മഹല്ല് തലത്തില്‍ പരിശീലനം നല്‍കും, സമൂഹത്തെ വെല്ലുവിളിച്ച് ലഹരിയുമായി നടക്കുന്നവരെ മഹല്ലില്‍ ബഹിഷ്‌കരിക്കും, ലഹരിക്കെതിരെ മഹല്ല് തലത്തില്‍ ബഹുജന കൂട്ടായ്മ രൂപീകരിക്കും, മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരും പൊലീസും നടത്തുന്ന നടപടികളോട് സര്‍വ്വ തലത്തിലും സഹകരിക്കും തുടങ്ങിയ തീരുമാനങ്ങളാണ് മഹല്ല് ഭാരവാഹികളുടെ യോഗം കൈക്കൊണ്ടത്.
പക്ഷേ ഈ തീരുമാനങ്ങള്‍ പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നുണ്ടെങ്കിലും ചില വിര്‍മശനങ്ങളും ഉയരുന്നുണ്ട്. ഒന്ന് ലഹരിയുടെ മറവില്‍ മോറല്‍ പൊലീസ് കളിക്കാന്‍ മതനേതൃത്വത്തിന് മൗനാനുവാദം കൊടുക്കുന്ന ഒന്നാണിതെന്നാണ് വിമശനം. 'പെണ്‍കുട്ടികളുടെ സൗഹൃദങ്ങള്‍ അപകടം വിളിച്ചു വരുത്താതിരിക്കാന്‍ ബോധവല്‍കരണം നടത്തുക' എന്നതൊക്കെ താലിബാന്‍ മോഡലിലേക്ക് നീങ്ങുമോ എന്ന് വിമര്‍ശനമുണ്ട്. അതുപോലെ തന്നെ ഈ ലഹരിയുടെയൊക്കെ വ്യാപനത്തിന് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കുഴല്‍പ്പണ- സ്വര്‍ണ്ണക്കടത്ത് സംഘങ്ങളോടുള്ള മതനേതൃത്വത്തിന്റെ നിലപാട് എന്താണ് എന്ന് ചോദ്യം ഉയരുന്നുണ്ട്. നാളിതുവരെ ഒരു മതപണ്ഡിതനും, കൊടുവള്ളി മുതല്‍ അടിവരംവരെയുള്ള ഈ ബെല്‍റ്റില്‍ വ്യാപിച്ച് കിടക്കുന്ന, ഒരുപാട് യുവാക്കള്‍ പ്രവര്‍ത്തിക്കുന്ന ഈ സ്വര്‍ണ്ണ-കൂഴല്‍പ്പണ മാഫിയക്കെതിരെ ഒന്നും മിണ്ടിയിട്ടില്ല. ഇങ്ങനെ ലഭിക്കുന്ന ഈസി മണിയാണ് പലപ്പോഴും, ലഹരിയുടെ പിറകേപോവാന്‍ യുവാക്കള്‍ക്ക് പ്രേരണ നല്‍കുന്നത്. പക്ഷേ മഹല്ല് കമ്മറ്റികളടക്കം ഈ സാമ്പത്തിക നാഡിക്കെതിരെ ഒന്നും മിണ്ടാറില്ല