ഗ്ലോസെസ്റ്റർഷയർ: ലഹരിയുമായി പിടിയിലായ യുവതിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ. പൊലീസാണ് പിടിയിലായ യുവതിയുടെ ചിത്രം പങ്ക് വെച്ചത്. എന്നാൽ ഇവരുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായി സമൂഹ മാധ്യമ ഉപഭോക്താക്കൾ എത്തിയതോടെ സംഭവം പൊലീസിന്റെ കൈവിട്ട് പോയി. യുകെയിലെ ഗ്ലോസെസ്റ്റർഷയറിലാണ് സംഭവം. വാഹന പരിശോധനക്കിടെ മൂന്ന് കോടിക്ക് മേലെ വിലവരുന്ന മൂന്ന് കിലോ കൊക്കെയ്‌നുമായി രണ്ട് പേർ പിടിയിലാവുകയായിരുന്നു. 30 കാരിയായ കിർസ്റ്റി സാൻസും 29 കാരനായ ജോൺ റോജേഴ്സുമാണ് അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവുടെയും സുഹൃത്തുക്കളായ കിങ്സ്ലി വില്യംസ് (28), ആരോൺ റസ്സൽ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ കുറ്റം ചുമത്തിയ നാല് പേരെയും കോടതിയിലും ഹാജരാക്കി.

എന്നാൽ ശരിക്കുള്ള പ്രശങ്ങളുടെ തുടക്കം പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് ആരംഭിക്കുന്നത്. യുവതിയുടെ ചിത്രം കണ്ട് ആകൃഷ്ടരായവര്‍ അവരുടെ പടം തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കുകയും ചിത്രം പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. ഇതോടെ മയക്കുമരുന്ന് വ്യാപാരിയായ സ്ത്രീ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കിർസ്റ്റി 'ഗ്ലാമറസ്' ആണെന്നായിരുന്നു നിരവധി പേരുടെയും അഭിപ്രായം.

കഴുത്ത് വരെ ടാറ്റൂ ചെയ്ത കിർസ്റ്റി സാന്‍സിനെ പൊലീസ് പങ്ക് വെച്ച ചിത്രത്തിൽ കാണാം. മേല്‍ചുണ്ടിനും കീഴ്ചുണ്ടിനും ലിപ്പ് പിയേഴ്സിംഗ് ചെയ്ത് ഓരോ സ്റ്റഡുകളും ഇവര്‍ ധരിച്ചിട്ടുണ്ട്. കണ്ണിന് മുകളിലായ് മറ്റൊരു ടാറ്റൂ കൂടിയുണ്ട്. മൂക്കില്‍ ഒരു മൂക്കുത്തിയും അണിഞ്ഞിട്ടുണ്ട്. സ്വർണ്ണ മുടി മുകളിലേക്ക് കെട്ടിവച്ച്, ചാരനിറത്തിലുള്ള ഹൂഡി ധരിച്ച്, കാമറയിലേക്ക് നോക്കി നില്‍ക്കുന്ന രീതിയിലാണ് കിർസ്റ്റി സാന്‍സിന്‍റെ ഫോട്ടോയുള്ളത്. ഫോട്ടോ പുറത്ത് വിട്ടതോടെ നിരവധി പേരാണ് അഭിപ്രായവുമായി രംഗത്തെത്തിയത്. 'ശരിക്കും ആകര്‍ഷകമായ സ്ത്രീ' എന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ഒരാൾ എഴുതിയത്.

ഗ്ലൗസെസ്റ്റർഷയർ കോണ്‍സ്റ്റോബുലറിയുടെ സീരിയസ് ആന്‍ഡ് ഓർഗനൈസ്ഡ് ക്രൈം യൂണിറ്റിന്‍റെ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. മയക്കുമരുന്ന് കടത്തിയതിന് റോജേഴ്സിന് അഞ്ച് വർഷവും മൂന്ന് മാസവും തടവും വില്യംസിന് ആറ് വർഷവും ഒമ്പത് മാസവും റസ്സലിന് ആറ് വർഷവും തടവ് ശിക്ഷ വിധിച്ചു. അതേസമയം രണ്ടര വര്‍ഷമായിരുന്നു കിർസ്റ്റി സാന്‍സിന് ശിക്ഷ വിധിച്ചതെങ്കിലും ഇത് പിന്നീട് രണ്ട് വര്‍ഷമായി കുറച്ചു. ഒപ്പം മയക്കുമരുന്ന് പുനരധിവാസത്തിനായി ഒമ്പത് മാസവും 100 മണിക്കൂര്‍ ശമ്പളമില്ലാത്ത ജോലിയും ചെയ്യണം. ചിലര്‍ എന്തുകൊണ്ടാണ് കിർസ്റ്റിന്‍റെ ശിക്ഷ ഇളവ് ചെയ്തതെന്ന് ചോദിച്ചും ഇവരുടെ ചിത്രം പങ്കുവച്ചിരുന്നു.