തിരുവനന്തപുരം: പ്രത്യയ ശാസ്ത്രത്തെ എന്നും മുറുകെ പിടിക്കുന്നതിന്റെ പേരിൽ രാഷ്ട്രീയ രംഗത്ത് തങ്ങളുടേതായ ഇടം കണ്ടെത്തുന്ന സംഘടനയാണ് സിപിഐ. പ്രത്യക്ഷമായ പരിസ്ഥിതി സംരക്ഷണ നിലപാടുകളിലൂടെ പൊതുസമൂഹത്തിന്റെ മുന്നിൽ എന്നും പോസിറ്റീവ് പൊളിറ്റിക്സിന്റെ വ്യക്താക്കളെന്ന മുഖമുദ്ര ഉയർത്തിപ്പിടിച്ചിരുന്നവർ. കടുത്ത പരിസ്ഥിതി വാദം പുലർത്തുന്ന നേതാക്കളും നിരവധിയുണ്ട് ആ സംഘടനയിൽ. എന്നാൽ അതേ സിപിഐ യുടെ സംസ്ഥാന സമ്മേളന വേദിയായ തിരുവനന്തപുരം ടാഗോർ സെന്റനറി ഹാളിന്റെ കാര്യത്തിൽ നടക്കുന്നതാവട്ടെ സർവ്വത്ര നീതികേടും.

ടാഗോറിന്റെ പരിസരത്തെ മരച്ചില്ലകളിൽ കത്തി വെച്ചുകൊണ്ടാണ് പരിസ്ഥിതി സ്നേഹികളുടെ സമ്മേളന വേദിക്ക് മോടി കൂട്ടുന്ന പരിപാടികൾക്ക് അവർ തുടക്കം കുറിച്ചത്.സമ്മേളനത്തിന്റെ നടത്തിപ്പിന്റെ ഭാഗമായി കൊടിതോരണങ്ങളും ലൈറ്റുകളുമൊക്കെ സ്ഥാപിക്കുന്നതിനായാണ് പല വൃക്ഷങ്ങളുടെയും ചില്ലകൾ വെട്ടിമാറ്റിയത്.

സമ്മേളന വേദിയായി ടാഗോർ ഹാൾ തെരഞ്ഞെടുത്തതിലുമുണ്ട് നഗ്‌നമായ നിയമലംഘനം.സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് മാത്രം വേദിയാകണമെന്ന ഉദ്ദേശത്തോടുകൂടിയാണ സർക്കാർ നിയന്ത്രണത്തിൽ ടാഗോർ സെന്റനറി ഹാൾ പ്രവർത്തിച്ചു വരുന്നത്. ഇതിനാൽ തന്നെ പബ്ലിക് റിലേഷൻസ് വകുപ്പിനാണ് ടാഗോറിന്റെ സംരക്ഷണ ചുമതലയും.ഹാൾ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ അഞ്ച് ഏക്കറിന്റെ മേൽനോട്ടത്തിനും നിയമാനുസൃതം പരിപാടികൾ സംഘടിപ്പിക്കുന്നതിനുമായി ഒരു കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസറേയും പിആർഡി നിയോഗിച്ചിട്ടുണ്ട്.

യാതൊരു തരത്തിലുള്ള രാഷ്ട്രീയ പരിപാടികൾക്കോ ,സ്വകാര്യ ചടങ്ങുകൾക്കോ ടാഗോർ വിട്ടുനൽകാൻ നിയമം അനുവദിക്കുന്നില്ല. ആ വസ്തുതകളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ടാണ് ഭരണകക്ഷിയിലെ രണ്ടാമത്തെ പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് ടാഗോർ വേദിയായി മാറുന്നത്.സംഘടനാ ഭാരവാഹിത്വത്തിലെ പ്രായപരിധിയടക്കമുള്ള വിഷയങ്ങളിൽ മുതിർന്ന നേതാവ് സി ദിവാകരനും,ഇസ്മായിൽ പക്ഷവും ഉയർത്തുന്ന വിവാദങ്ങളോടൊപ്പം സമ്മേളന വേദി സംബന്ധിച്ച നിയമലംഘനവും പരിസ്ഥിതി വിരുദ്ധ നിലപാടും വരും ദിവസങ്ങളിൽ ചർച്ചയായി മാറും.