പത്തനംതിട്ട: റവന്യൂ ഭൂമിയിൽ വനം കൊള്ള. 78 തേക്കുമരം മുറിച്ചു കടത്താൻ ശ്രമിച്ച രണ്ടു പേർക്കെതിരേ വനംവകുപ്പ് കേസെടുത്തു. കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ പിതാവ് റോയി, കോന്നി മാമ്മൂട് സ്വദേശി വിമോദ് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ മറിയം റോയി.

കസ്തുരി രംഗൻ റിപ്പോർട്ടിൽ പരിസ്ഥിതലോല പ്രദേശമായി ഉൾപ്പെട്ട അരുവാപ്പുലം വില്ലേജിലെ ഊട്ടുപാറയിൽ വനഭൂമിയോടു ചേർന്നുള്ള റവന്യൂ ഭൂമിയിൽ നിന്നും 78 തേക്കുമരങ്ങളാണ് മുറിച്ചു കടത്താൻ ശ്രമിച്ചത്. റവന്യൂ ഭൂമിയാണങ്കിലും റവന്യൂ, വനം വകുപ്പുകളുടെ അനുമതി ഉണ്ടെങ്കിൽ ഇവിടെ നിന്നും മരങ്ങൾ മുറിക്കാം. പാസിനു വേണ്ടി വനംവകുപ്പിൽ അപേക്ഷ നൽകിയ ശേഷമാണ് വനപാലകരുടെ ഒത്താശയോടെ തേക്കുമരങ്ങൾ മുറിച്ചത്.

ഇതു സംബന്ധിച്ച് വനം വകുപ്പിന്റെ ഫ്ളയിങ് സ്‌ക്വാഡിനും വിജിലൻസിനും പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായാണ് മരങ്ങൾ മുറിച്ചിതെന്ന് കണ്ടെത്തിയത്. അരുവാപ്പുലം വില്ലേജിൽ വ്യക്തികളുടെ പറമ്പിൽ നിന്നും മരങ്ങൾ മുറിക്കുന്നതിനും അനുമതി വേണം. നടുവത്തുമൂഴി റേഞ്ചിലെ മരങ്ങൾ മുറിച്ച പത്തനാപുരം സ്വദേശിയായ കരാറുകാരനും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും തമ്മിലുള്ളതായി പറയുന്ന ബന്ധവും വിവാദമായിട്ടുണ്ട്.

പരിസ്ഥിതിലോല മേഖലകളിൽ റവന്യൂ ഭൂമിയിലെ മരങ്ങൾ വനം വകുപ്പ് മാർക്ക് ചെയ്യണമെന്നാണ് ചട്ടം. എന്നാൽ അരുവാപ്പലം വില്ലേജിൽ ഇത്തരത്തിൽ മരങ്ങൾ മാർക്ക് ചെയ്തിട്ടില്ല. ഇങ്ങനെയുള്ള മരങ്ങളാണ് ഇവിടെയും മുറിച്ചിട്ടിട്ടുള്ളത്. സംഭവം വിവാദമായതോടെ വനപാലകർ മലക്കം മറിയുകയാണ്. ഇവർ വില്ലേജ് ഓഫീസുമായി ബന്ധപ്പെടുകയും മരംമുറിക്കുന്നതിന് മതിയായ രേഖകൾ നൽകിയിട്ടില്ലന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് അനധികൃത മരംമുറിക്കെതിരെ കേസെടുത്തത്.

മരം കൊള്ളയ്ക്ക് പ്രശസ്തമായ റേഞ്ചാണ് നടുവത്തു മൂഴി. രണ്ട് വർഷം മുൻപ് ഈ വനമേഖലയിൽ നിന്നും വനപാലകരുടെ ഒത്താശയോടെ കോടികൾ വിലമതിക്കുന്ന തടികൾ മുറിച്ചു കടത്തിക്കൊണ്ടുപോയ സംഭവം വിവാദമായിരുന്നു. സസ്പെൻഷനുംസ്ഥലമാറ്റവും കൊണ്ട് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് ചെയ്തത്. ഇവരെല്ലാം പ്രമോഷനോടെ സർവീസിൽ ഇപ്പോഴും തുടരുകയാണ്.