- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബ്രിട്ടനിലെ ലോക പ്രസിദ്ധമായ മരം വെട്ടിക്കളഞ്ഞ് സാമൂഹ്യ വിരുദ്ധർ; ഇംഗ്ലണ്ടിലെ സിക്കമോർ ഗ്യാപ് ട്രീ ഏറ്റവും കൂടുതൽ ഫോട്ടോ എടുക്കപ്പെട്ട വൃക്ഷം; 1991-ലെ സിനിമയിലൂടെ പ്രസിദ്ധിയാർജ്ജിച്ച നൂറ് വർഷം പഴക്കമുള്ള മരം വെട്ടിയതിന് 16 കാരൻ അറസ്റ്റിൽ
ലണ്ടൻ: മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന തരത്തിലാണ് പലപ്പോഴും മനുഷ്യൻ പെരുമാറാറുള്ളത്. സ്വന്തം മുറ്റത്തുള്ളതോ, എന്നും കാണുന്നതോ ആയ പലതിന്റെയും വിലയും പ്രാധാന്യവും നമ്മൾ മനസ്സിലാക്കാറില്ല. അതിന്റെ മറ്റൊരു ഉദാഹരണമാണ് നോർത്തംബർലാൻഡിൽ നിന്നുള്ള ഈ വാർത്ത. ലോകത്തിൽ ഏറ്റവുമധികം ഫോട്ടോ എടുക്കപ്പെട്ടിട്ടുള്ള മരമെന്ന ഖ്യാതിയുള്ള വന്മരം മുറിച്ചു വീഴ്‌ത്തിയിരിക്കുകയാണ് ഒരു 16 കാരൻ.
നോർത്തംബർലാൻഡിലെ വൺസ് ബ്രൂഡ് ഗ്രാമത്തിനോട് ചേർന്ന് ഹാഡ്രിയാൻസ് വാളിനടത്തുള്ള സൈകാമോർ ഗ്യാപ്പിലെ മരമാണ് മുറിച്ചത്. 1991-ൽ കെവിൻ കോസ്റ്റ്നറുടെ റോബിൻഹുഡ്: പ്രിൻസ് ഓഫ് തീവ്സ് എന്ന ചിത്രത്തിന് പശ്ചാത്തലമൊരുക്കിയതോടെയാണ് ഈ മരത്തിന്റെ പ്രശസ്തി കുതിച്ചുയർന്നത്. ഇത് മുറിച്ച 16 കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈ കൗമാരക്കാരൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.
ആഗോള പ്രശസ്തിയാർജ്ജിച്ച ഒരു വസ്തുവായിരുന്നു ഈ മരം എന്ന് നോർത്തംബർലാൻഡ് പൊലീസ് സൂപ്രണ്ട് കെവിൻ വാർണിങ് പറഞ്ഞു. ഇപ്പോൾ നടന്ന ഈ സംഭവം തദ്ദേശവാസികളിൽ ഞെട്ടലും ശോകവും കോപവും ഉണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ആരംഭ ദിശയിലാണെന്നും, ഒരു സാധ്യതയും തള്ളിക്കളയാതെയാണ് അന്വേഷണം മുൻപോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിവരങ്ങൾ അറിയാവുന്നവർ അത് പൊലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംശയകരമായ രീതിയിൽ ആരെയെങ്കിലും കാണുകയോ, അസാധാരണ ശബ്ദം കേള്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് അറിയിക്കണം. ഒരുപക്ഷെ അന്വേഷണത്തിനിടയിൽ ലഭിക്കുന്ന ഒരു കച്ചിത്തുരുമ്പായിരിക്കും അത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു രാത്രികൊണ്ട് സൈകമോർ ഗ്യാപ്പിൽ വിശ്വപ്രസിദ്ധമായ മരം നിലം പൊത്തിയതായി നോർത്തംബർലാൻഡ് നാഷണൽ പാർക്ക് അഥോറിറ്റിയും സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ഏജൻസികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും, കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അക്കാര്യം പരസ്യപ്പെടുത്തുമെന്നും അഥോറിറ്റി വക്താവ് അറിയിച്ചു. മരം നിന്നിരുന്ന സ്ഥലം സന്ദർശിക്കരുതെന്ന് പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള തെളിവുകൾ അവശേഷിച്ചിട്ടുണ്ടെങ്കിൽ അത് നഷ്ടപ്പെടാതിരിക്കാനാണത്.

ഏകദേശം 200 വർഷത്തോളം പഴക്കമുള്ള ഈ വന്മരം അവിടത്തെ ഭൂപ്രകൃതിക്ക് ലഭിച്ച ഒരു വരദാനം തന്നെയായിരുന്നു. തദ്ദേശവാസികളും, സന്ദർശകരും ഒരുപോലെ ആരാധിച്ചിരുന്ന ഈ പ്രകൃതി പ്രതിഭാസം 2016-ൽ ഇംഗ്ലീഷ് ട്രീ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അടിഭാഗത്തു നിന്നു തന്നെയാണ് മരം മുറിച്ചിരിക്കുന്നത്. ഇതിനെ പുനരുജ്ജീവിപ്പിക്കാൻ പ്രയാസമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സാധ്യമായാൽ തന്നെ, ഒരു വൻ മരമായി വളർന്ന് പന്തലിക്കാൻ പതിറ്റാണ്ടുകൾ വേണ്ടി വന്നേക്കും.




