- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ട്രെയിനുകൾ 130 കിലോമീറ്റർ വേഗതയിൽ കുതിച്ചുപായും; റെയിൽപ്പാതയിലെ വളവുകൾ നിവർത്താൻ ഭൂമി ഏറ്റെടുക്കൽ ഈവർഷംതന്നെ; ലിഡാർ സർവേ റിപ്പോർട്ട് ഉടൻ സമർപ്പിക്കും; പുതിയ സിഗ്‌നലിങ് സംവിധാനം ഒരുക്കും; നവീകരണ പ്രവർത്തനം വേഗത്തിലാക്കാൻ റെയിൽവേ
തിരുവനന്തപുരം: വന്ദേഭാരത് എത്തിയതോടെ കേരളത്തിലെ റെയിൽവേ ട്രാക്കുകളിൽ ട്രെയിനുകളുടെ പരമാവധി വേഗം സംബന്ധിച്ചും സർവീസ് നടത്തുന്ന ട്രെയിനുകളുടെ താരതമ്യവും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. സംസ്ഥാനത്ത് ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീറ്ററായി വർധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചതോടെ വലിയ മാറ്റത്തിനാണ് റെയിൽവേ ലക്ഷ്യമിടുന്നതെന്ന് വ്യക്തമായിരുന്നു.
ഇപ്പോഴിതാ തീവണ്ടികളുടെ വേഗം കൂട്ടാനുള്ള അഴിച്ചുപണി സംസ്ഥാനത്തെ റെയിൽ പാളത്തിൽ തുടങ്ങിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ആദ്യ ഘട്ടത്തിൽ 130 കിലോമീറ്റർ വേഗത കൈവരിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നതെന്നാണ് വിവരം.
കേരളത്തിലെ റെയിൽപ്പാതയിലെ വളവുകൾ കണ്ടെത്താനുള്ള ലിഡാർ സർവേ റിപ്പോർട്ട് ഈമാസംതന്നെ സമർപ്പിക്കുമെന്നാണ് സൂചന. തിരുവനന്തപുരം-ആലപ്പുഴ-കൊച്ചി, തിരുവനന്തപുരം-കോട്ടയം-കൊച്ചി, കൊച്ചി-മംഗലാപുരം റൂട്ടുകളിലാണ് സർവേ. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒരാഴ്ച മതിയാകും.
വളവുകൾ നിവർത്താൻ ഭൂമി ഏറ്റെടുക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. നിലവിലെ പാതയോട് ചേർന്നുതന്നെയാണ് ഇതെന്നതിനാൽ തടസ്സമുണ്ടാകാനിടയില്ല. രൂപരേഖ ആറുമാസത്തിനുള്ളിൽ സർക്കാരിന് നൽകും. അതോടെ ഭൂമിയേറ്റെടുക്കാൻ വിജ്ഞാപനമാവും.
48 മാസത്തിനകം വന്ദേഭാരത് തിരുവനന്തപുരം-കാസർകോട് അഞ്ചുമണിക്കൂർകൊണ്ട് ഓടിയെത്തുമെന്ന് റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിരുന്നു. വളവുനിവർത്തൽതന്നെയാണ് ഈ ലക്ഷ്യത്തിലേക്കുള്ള വെല്ലുവിളി. ആകെ പാതയുടെ 36 ശതമാനം വളവുകളാണ്. ഭൂമി ഏറ്റെടുത്ത് വളവുകൾ നിവർത്തുന്നതിനുള്ള നടപടികളാണ് പ്രാഥമികമായി തുടങ്ങുന്നത്.
തിരുവനന്തപുരം-കാസർകോട് ആകെ ദൂരം 586.65 കിലോമീറ്ററാണ്. ഈ പാതയിൽ ആകെ വളവുകളുടെ എണ്ണം 626 ആണ്. ഇതിൽ ഷൊർണൂർ-തിരുവനന്തപുരം ദൂരം 324.35 കിലോമീറ്ററിൽ വളവുകളുടെ എണ്ണം 307 ആണ്. ഷൊർണൂർ-കാസർകോട് പാതയിൽ 262.3 കിലോമീറ്ററിനിടെ വളവുകളുടെ എണ്ണം 319 ആണ്.
നിലവിൽ വളവ് 2.83 ഡിഗ്രിയിൽ കൂടിയ സ്ഥലങ്ങളിൽ വേഗം 100 കിലോമീറ്ററിൽ താഴെയാണ്. വളവുകൾ 4.5 ഡിഗ്രിയിൽ കൂടിയാൽ വേഗം 70 കിലോമീറ്ററായി കുറയും. വളവിൽ പാളത്തിന്റെ പരിപാലനച്ചെലവ് മറ്റിടങ്ങളെക്കാൾ ഇരട്ടിയാണ്. കേരളവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് മലയോര മേഖലകളിലൊഴികെ ഇത്രയേറെ വളവുകളില്ല.
രാജ്യമെമ്പാടുമായി റെയിൽ പാളങ്ങളിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേരളത്തിലെയും നിർമ്മാണം. നിലവിൽ രാജ്യത്ത് 53 പാതകളിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിൽ ഉൾപ്പെടുന്ന രണ്ട് പാതകളാണ് കേരളത്തിലേത്. 130 കിലോമീറ്ററിൽ വേഗത എത്തിക്കാനാണ് പാത നവീകരിക്കുന്നത്.
പുതിയ സിഗ്‌നലിങ് സംവിധാനം, വളവ് നിവർത്തൽ, പാളത്തിന്റെയും പാലത്തിന്റെയും അറ്റകുറ്റപ്പണി തുടങ്ങിയവയാണ് നിർമ്മാണ പ്രവർത്തനത്തിലുള്ളത്. 160 കിലോമീറ്ററായി വേഗം കൂട്ടാനുള്ള എ കാറ്റഗറി, 130 കിലോമീറ്ററായി വേഗം കൂട്ടാനുള്ള ബി കാറ്റഗറി എന്നിങ്ങനെയാണ് പ്രവർത്തനം. കേരളത്തിൽ നടക്കുന്നത് ബി കാറ്റഗറിയിലെ അറ്റുകുറ്റപ്പണിയാണ്. 36-48 മാസംകൊണ്ട് 130-160 കിലോമീറ്റർ വേഗമായി ഉയർത്താനുമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് തിരുവനന്തപുരം - കോഴിക്കോട് 490 കിലോമീറ്ററും, കണ്ണൂർ - കോഴിക്കോട് 89 കിലോമീറ്ററുമാണ് നവീകരിക്കുന്നത്. കഴിഞ്ഞദിവസം ചാലക്കുടി പാലത്തിലെ ഗർഡറുകൾ മാറ്റിയത് ഇതിന്റെ ഭാഗമായാണെന്നാണ് റിപ്പോർട്ട്. നേരത്തെ വന്ദേഭാരത് ഉദ്ഘാടന വേളയിൽ റെയിൽവേ മന്ത്രാലയം നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് സൂചന നൽകിയിരുന്നു.
കേരളത്തിൽ നിലവിൽ വേഗക്കുറവ് ഉള്ള ഷൊർണൂർ - എറണാകുളം സെക്ഷനിൽ പുതിയ പാത നിർമ്മിച്ചാകും പ്രവർത്തനം നടത്തുക. അതിന് മുൻപാണ് ലൂപ്പ് ലൈൻ നിർമ്മാണം ഉൾപ്പെടെയുള്ള വേഗം കൂട്ടൽ പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്. കേരത്തിലെ അടിസ്ഥാന വേഗതയിൽ കുറവുവരുന്ന സ്‌പോട്ടുകളെക്കുറിച്ച് റെയിൽവേ എൻജിനീയറിങ് വിഭാഗം നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
റെയിൽവേയിൽ ഇപ്പോൾ ഉപയോഗിക്കുന്ന അബ്സല്യൂട്ട് സിഗ്നലിങ് സംവിധാനത്തിന് പകരം ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനം ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനം നടപ്പിലായാൽ ഒരു വണ്ടി പുറപ്പെട്ട് അഞ്ച് മിനിട്ടിനുള്ളൽ അടുത്ത വണ്ടിക്ക് പുറപ്പെടാനാകും. ഒരു വണ്ടി കടന്ന് പോകുന്നതിന് വേണ്ടി മറ്റുള്ളവ പിടിച്ചിടേണ്ടിയും വരില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.
കേരളത്തിൽ വലിയ മാറ്റങ്ങൾക്കാണ് റെയിൽവേ തയ്യാറെടുക്കുന്നത്. ബള്ളാസ്റ്റ് (പാളത്തിനടിയിലെ മെറ്റൽ കുഷ്യൻ) ഘനം 30 സെന്റിമീറ്റർ എന്നത് 50 സെന്റിമീറ്റർവരെയാക്കും. സ്ലീപ്പറുകളുടെ എണ്ണം 50ശതമാനം വർധിപ്പിക്കും. പാലങ്ങളിലെ ഗർഡറുകൾ ശക്തിപ്പെടുത്തൽ. ഒരുവർഷംമുമ്പ് പാതി പൂർത്തിയാക്കി.
മറുനാടന് മലയാളി ബ്യൂറോ