തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള പദ്ധതികളുടെ വിലയിരുത്തലിന് എത്തിയ രാജ്യാന്തര വിദഗ്ധസംഘങ്ങളെ കാണുന്നത് ഒഴിവാക്കി ഐ.എ.എസ്. ഉന്നതന്‍. സംഭവത്തില്‍ ലോക ബാങ്ക് കടുത്ത അതൃപ്തിയില്‍. ഐ.എ.എസ്. ഉന്നതന്റെ നടപടി വന്‍ വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുമെന്നു സൂചനയുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ആരാണ് ഉദ്യോഗസ്ഥന്‍ എന്ന് വാര്‍ത്തയില്‍ പറയുന്നില്ല. എന്നാല്‍ പ്രോട്ടോകോള്‍ പ്രകാരം ഈ ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറി പദവിക്കു മുകളില്‍ വരുമെന്ന പരാമര്‍ശവും വാര്‍ത്തയിലുണ്ട്.

ലോകബാങ്ക് പിണങ്ങിയാല്‍ സംസ്ഥാനത്തിനുള്ള ധനസഹായമെല്ലാം അവതാളത്തിലാകും. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത സമയത്ത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വികസനവും സര്‍ക്കാരിന് പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് കൂടിയാണ് വിഷയത്തില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയിലേക്ക് പോകുന്നതെന്നാണ് സൂചന. സെക്രട്ടറിയേറ്റില്‍ കാര്യങ്ങള്‍ ശരിയാവണ്ണമല്ലെന്ന തോന്നല്‍ ശക്തമാക്കുന്നതാണ് ഈ വിവാദം. ഇഗോയുടെ പേരിലാണോ ലോക ബാങ്ക് സംഘത്തെ ഒഴിവാക്കിയതെന്ന ചര്‍ച്ചയും സജീവം.

വര്‍ഷത്തില്‍ രണ്ടു തവണ വീതം ലോകബാങ്ക് സഹായമുള്ള സംസ്ഥാനത്തെ പദ്ധതികളില്‍ വിശദമായ വിലയിരുത്തല്‍ നടത്താനെത്തിയ സംഘത്തെ ഐ.എ.എസ്. ഉന്നതന്‍ അപമാനിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കാണാനുള്ള തീയതി പോലും ലോക ബാങ്ക് സംഘത്തിന് 'ഉന്നതന്‍' അനുവദിച്ചില്ല. ഇതിനെ അസാധാരണ സംഭവമായാണ് ലോക ബാങ്ക് കണക്കാക്കുന്നത്. സംസ്ഥാനത്തിന്റെ പ്രളയ പുനര്‍നിര്‍മാണ പദ്ധതി(റീബില്‍ഡ് കേരള)യുടെ വിലയിരുത്തലിന് കഴിഞ്ഞ 14 മുതല്‍ 19 വരെ വിവിധ വിഷയവിദഗ്ധര്‍ ഉള്‍പ്പെടുന്ന ലോകബാങ്ക് സംഘം കേരളത്തിലെത്തിയിരുന്നു.

19 ന് ഐ.എ.എസ്. ഉന്നതനെ കാണാന്‍ സംഘം സമയം ചോദിച്ചു. എന്നാല്‍, ഈ ഐ.എ.എസ്. ഉന്നതന്‍ അവരെ കാണാന്‍ കൂട്ടാക്കിയില്ല. പദ്ധതി സി.ഇ.ഒയായ ധന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലുമായും സെക്രട്ടറി അജിത് പട്ടേലുമായും കൂടിക്കാഴ്ച നടത്തിയാല്‍ മതി എന്നായിരുന്നു ഉന്നതന്റെ നിര്‍ദേശം. ഈ നിലപാടില്‍ അതൃപ്തി അറിയിച്ചാണ് ദീപക് സിങ്ങിന്റെ നേതൃത്വത്തിലുള്ള ലോകബാങ്ക് ആര്‍.കെ.ഐ. സംഘം മടങ്ങിയത്. 'കേര' പദ്ധതി വിലയിരുത്തുന്ന മറ്റൊരു സംഘം ഈ മാസം 30നു ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും ഡയറക്ടര്‍മാരും പങ്കെടുക്കുന്ന റിവ്യൂവിനു സമയം ചോദിച്ചിരുന്നു.

ഈ കൂടിക്കാഴ്ചയ്ക്കും ഐ.എ.എസ്. ഉന്നതന്‍ സമയം നിഷേധിച്ചു. പകരം, ധന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലുമായി കൂടിക്കാഴ്ച നടത്തിയാല്‍ മതിയെന്നാണ് അറിയിച്ചിരിക്കുന്നത്. ലോകബാങ്കിന്റെ ഇന്ത്യയിലെ ഡയറക്ടര്‍ക്കു കേന്ദ്രസര്‍ക്കാര്‍ വിദേശ നയതന്ത്ര പ്രതിനിധിയുടെ നയതന്ത്ര പരിഗണന നല്‍കാറുണ്ട്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥന്‍ നയിക്കുന്ന സംഘത്തെയാണ് ഐ.എ.എസ്. ഉന്നതന്‍ നിരന്തരം അപമാനിക്കുന്നത്. പ്രോട്ടോകോള്‍ പ്രകാരം ഈ ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറി പദവിക്കു മുകളില്‍ വരും. അതേസമയം, രാജ്യാന്തര ധനവികസന സ്ഥാപന പ്രതിനിധികളെ ഐ.എ.എസ്. ഉന്നതന്‍ നിരന്തരം കാണാന്‍ വിസമ്മതിക്കുന്നതു സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചയും വിവാദവുമായിട്ടുണ്ടെന്ന് മംഗളം പറയുന്നു.

സംസ്ഥാനത്തിനു വിദേശ ധന സഹായങ്ങള്‍ കിട്ടുന്നതിന് ഇതു തടസമാകുമെന്ന ആശങ്കയും ശക്തമാണ്. മന്ത്രിമാരും വകുപ്പുകളും വിശദമായി വിലയിരുത്തി സമര്‍പ്പിക്കുന്ന ക്യാബിനറ്റ് നോട്ടുകള്‍ അനാവശ്യ ക്വറികളിട്ട് ഉന്നതന്‍ വട്ടംചുറ്റിക്കുന്നതില്‍ മന്ത്രിമാരും അതൃപ്തരാണ്. കഴിഞ്ഞ 13നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.