- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധുരിക്കും ചരിത്രമായി കണ്ണൂരിൽ എഴുന്നൂറടി നീളമുള്ള വിസ്മയ കേക്ക്; സ്നേഹമധുരം പങ്കിടാൻ ഗോവൻ ഗവർണ്ണർ പി. എസ് ശ്രീധരൻ പിള്ളയും; കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഒരുക്കിയ കേക്ക് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചേക്കും
കണ്ണൂർ: കേക്കിന്റെ സ്വന്തം നാടായ തലശേരി കണ്ണൂരിലാണ്. അതുകൊണ്ടുതന്നെ മധുരിക്കുന്ന ഒരുപാട് ചരിത്രം വൈദേശികകാലത്തു തന്നെ കണ്ണൂർ ജില്ലയ്ക്കു പറയാനുണ്ട്. ഇപ്പോഴിതാ വിസ്മയ കേക്കുസൃഷ്ടിച്ചുകൊണ്ടു നാടിനെയും നാട്ടാരെയും അമ്പരിപ്പിച്ചിരിക്കുകയാണ് കേക്കിന്റെ പിതാമഹനായ തലശേരിക്കാരൻ മമ്പള്ളി ബാപ്പുവിന്റെ പിന്മുറക്കാർ. കണ്ണൂരിലെ ജനങ്ങളിൽ വിസ്മയം നിറച്ച് ഗിന്നസ് ബുക്കിൽ ഇടം പിടിക്കാനായി ബ്രൗണിസ് കേക്ക് പ്രദർശിപ്പിച്ചപ്പോൾ തേനൂറും മധുരകാഴ്ച കാണാനായി നൂറുകണക്കിന് ആളുകളാണെത്തിയത്.
ചോക്ളേറ്റ് രുചി നിറച്ച് നീളത്തിൽ നിറഞ്ഞ് നിന്ന് ബ്രൗൺ നിറമുള്ള മുന്തിരിയും അണ്ടി പരിപ്പും പൊന്തി നിൽക്കുന്ന ഭീമൻ കേക്കാണ് അദ്ഭുതമായി മാറിയത്. ഞായറാഴ്‌ച്ച രാവിലെ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ബ്രൗണി കേക്കാണ് ഒരുക്കിയതെന്ന് സംഘാടകർ പറഞ്ഞു.
രാജ്യത്ത് ആദ്യമായി കേക്ക് നിർമ്മിച്ച് മധുരിക്കും ചരിത്രം സൃഷ്ടിച്ച തലശേരി മമ്പള്ളി ബാപ്പുവിന്റെ പിന്മുറക്കാരാണ് 700 അടിനീളമുള്ള ഗിന്നസ് ബുക്കിൽ ഇടം പിടിക്കാൻ സാധ്യതയുള്ള കേക്കിന് രൂപം നൽകിയത്. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ 280 കിലോ വരുന്ന കേക്കിന്റെ നിർമ്മാണം കോഴിക്കോട് കൊച്ചിൻ ബേക്കറി ഡയറക്ടർ എംപി രമേഷിന്റെയും കണ്ണൂർ ബ്രൗണീസ് ബേക്കറി ഡയറക്ടർ എം.കെ രഞ്ചിത്തിന്റെയും മേൽനോട്ടത്തിലാണ് നടന്നത്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായുള്ള ചരിത്രദൃശ്യങ്ങൾ അടങ്ങിയ 900 ചിത്രങ്ങൾ കേക്കിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഇന്ത്യൻ കലാരംഗത്തിലെ അപൂർവ്വ വ്യക്തിത്വങ്ങളുടെ ദൃശ്യങ്ങളും കായികരംഗത്ത് മികവ് തെളിയിച്ച വനിതകളുടെ ചി്രതങ്ങളുമുണ്ട്. 36 ജീവനക്കാർ 24 മണിക്കൂർ തുടർച്ചയായി ജോലി ചെയ്താണ് കേക്ക് നിർമ്മിച്ചത്. ചോക്ലേറ്റാണ് പ്രധാനമായും ഇതിനായി ഉപയോഗിച്ചത്. കശുവണ്ടി, സസ്യ എണ്ണ, വെണ്ണ എന്നിവയും ചേർത്തിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ ഓഫീസർ സാക്ഷ്യപ്പെടുത്തിയ കേക്കിന്റെ നീളവും മറ്റുവിശേഷങ്ങളും രേഖപ്പെടുത്താൻ ഗിന്നസ് ബുക്ക് അധികൃതർ കണ്ണൂരിലെത്തിയിട്ടുണ്ട്. ലിംക ബുക്ക് ഓഫ് റെക്കാർഡിന്റെ പ്രതിനിധികളും ഇവരോടൊപ്പമുണ്ട്. ഞായറാഴ്ച രാവിലെ പത്തുമണിക്ക് മേയർ ടി.ഒ മോഹനന്റെ അധ്യക്ഷതയിൽ കൊച്ചിൻ ബേക്കറി ഡയറക്ടർ എംപി രമേഷ് കേക്കിന്റെ പ്രത്യേകതകൾ അവതരിപ്പിച്ചു കൊണ്ടു ഉദ്ഘാടനംചെയ്തു.
ഗോവൻ ഗവർണർ പി. എസ് ശ്രീധരൻപിള്ള മുഖ്യാതിഥിയായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗംകെ. ബൈജുനാഥ്, പി. എം ശങ്കരൻ, സർക്കസ് കുലപതി ജമിനി ശങ്കരൻ എന്നിവർ പങ്കെടുത്തു. ബ്രൗൺ ബേക്കറി ഡയറക്ടർ എം.കെ രഞ്ചിത്ത് സ്വാഗതവും ശരത് വത്സരാജ് നന്ദിയും പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനം കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ ഷബീന അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ മുഖ്യാതിഥിയാകും. കോർപറേഷൻ കൗൺസിൽ അംഗങ്ങളായ എംപി രാജേഷ്, സുരേഷ് ബാബു എളയാവൂർ, എൻ.സുകന്യ,ബേക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിജേഷ് വിശ്വനാഥ്, കെ. ആർ ബാലൻ, കെ. ആർ ബാൽരാജ്, യു.പി ഷബിൻകുമാർ, ടി.കെ രമേഷ് കുമാർ, എ.പി. എം ഗോപാലകൃഷ്ണൻ, വി.കെ കൃഷ്ണൻ, എം. എം കുമാരൻ എന്നിവർ പങ്കെടുക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്