- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ 116ൽ
ലണ്ടൻ: സമാധാനം ആരംഭിക്കുന്നത് ഒരു ചെറു പുഞ്ചിരിയോടെയാണെന്നാണ് ചിന്തകർ പറഞ്ഞിരിക്കുന്നത്. സമാധാനത്തോടെ കഴിയുന്ന സമൂഹം എക്കാലവും വരുമാനത്തിൽ വലിയ വളർച്ച കൈവരിക്കും. അത്തരം രാജ്യങ്ങളുടെ കറൻസികൾ ശക്തമായിരിക്കുമെന്ന് മാത്രമല്ല, വിദേശ നിക്ഷേപങ്ങളും ധാരാളമായിരിക്കും. രാഷ്ട്രീയ സ്ഥിരതയും, ജനങ്ങളുടെ സന്തോഷവും സമാധാനം വിളയാടുന്ന രാജ്യങ്ങളുടെ എടുത്തു പറയേണ്ട രണ്ട് സവിശേഷതകളാണ്,
സമാധാനത്തിന് മനുഷ്യ ജീവിതത്തിലെ സ്വാധീനം മനസ്സിലാക്കി കൊണ്ട് തന്നെയാണ് അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആൻഡ് പീസ് (ഐ ഇ പി) ആഗോള സമാധാന സൂചികയുമായി എത്തുന്നത്. ലോകത്തിലെ 99.7 ശതമാനം ജനങ്ങളും ജീവിക്കുന്ന, 163 ഓളം സ്വതന്ത്ര രാജ്യങ്ങളെയും മേഖലകളെയും പഠന വിധേയമാക്കിയാണ് സൂചിക പുറത്തിറക്കിയിരിക്കുന്നത്. സാമൂഹ്യ സുരക്ഷ, നിലവിലെ ആഭ്യന്തര- അന്താരാഷ്ട്ര സംഘർഷങ്ങൾ, സൈനികവത്കരണത്തിന്റെ തോത് എന്നീ മൂന്ന് മാനദണ്ഡങ്ങൾ കണക്കാക്കുന്നതിന് 23 ഓളം സൂചകങ്ങൾ ഉപയോഗിച്ചായിരുന്നു പഠനം. 2008 മുതൽ ആണ് ആഗോള സമാധാന സൂചിക പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്.
ആഗോളാടിസ്ഥാനത്തിൽ, സമാധാനത്തിന് 0.56 ശതമാനത്തിന്റെ കുറവ് വന്നിരിക്കുകയാണെന്ന് ഐ ഇ പിയിലെ ഗവേഷകർ പറയുന്നു. ഇത് വലിയൊരു കാര്യമാണെന്ന് കരുതണ്ട എന്നാണ് ചിന്തിക്കുന്നതെങ്കിൽ, തീർച്ചയായും മനസ്സിലാക്കേണ്ട ഒന്ന് തുടർച്ചയായ 12 -)0 തവണയാണ് സമാധാനം കുറയുന്നത് എന്നാണ്. സൂചിക ആരംഭിച്ച 2008 മുതൽ ഇന്നു വരെ ലോക സമാധാനത്തിന്റെ തോതിൽ ഉണ്ടായിരിക്കുന്നത് 4.5 ശതമാനത്തിന്റെ കുറവാണ്. അഭയാർത്ഥികളുടെയും, രാജ്യത്തിനകത്തു തന്നെ നാടുവിട്ട് താമസിക്കാൻ നിർബന്ധിതരായവരുടെയും എണ്ണം 95 മില്യൻ ആയി ഉയർന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
രാഷ്ട്രീയ അസ്ഥിരതയും ഇനിയും പരിഹരിക്കപ്പെടാത്ത ആഭ്യന്തര സംഘർഷങ്ങളും തന്നെയാണ് ലോക സമാധാനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങൾ. തുടർച്ചയായി ആറ് തവണയായിരുന്നു, ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാൽ, ഇത്തവണ സ്ഥിതിഗതികൾ ഏറെ മെച്ചപ്പെടുത്തിയ രാജ്യം സൗത്ത് സുഡാൻ, സുഡാൻ, യമൻ എന്നീ രാജ്യങ്ങളെ മറി കടന്ന് താഴെ നിന്ന് നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. അതുപോലെ യുദ്ധമുഖത്തുള്ള യുക്രെയിൻ, സമാധാനത്തിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷം 157 ആം സ്ഥാനത്ത് ആയിരുന്നെങ്കിൽ ഈ വർഷം 159 ആയി.
ഏറ്റവും സമാധാനം കുറഞ്ഞ പത്ത് രാജ്യങ്ങളിൽ നാലെണ്ണം സ്ഥിതി ചെയ്യുന്ന മദ്ധ്യപൂർവ്വ ഏഷ്യയും വടക്കൻ ആഫ്രിക്കയുമാണ് ലോകത്തിലെ ഏറ്റവും സംഘർഷ ഭരിതമായ പ്രദേശങ്ങൾ. ഇതിന് നേർ വിപരീതമായി, ഏറ്റവും അധികം സമാധാന പൂർണ്ണമായ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഏഴ് രാജ്യങ്ങൾ ഇടം പിടിച്ച് പശ്ചിമ യൂറോപ്പ് ലോകത്തിലെ ഏറ്റവും അധികം സമാധാനം പുലരുന്ന മേഖലയായി മാറി. ഈ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾക്കാണ് എന്നതും ശ്രദ്ധേയമാണ്. താരതമ്യേന കുറഞ്ഞ ആഭ്യന്തര സംഘർഷങ്ങളും, ഉയർന്ന തോതിലുള്ള രാഷ്ട്രീയ സ്ഥിരതയുമാണ് പശ്ചിമ യൂറോപ്പിന് ഈ നേട്ടം ഉണ്ടാക്കി കൊടുത്തത്.
ഏറ്റവുമധികം സമാധാനം പുലരുന്ന പത്ത് രാജ്യങ്ങളുടെ പട്ടികയിൽ മലേഷ്യ പത്താം സ്ഥാനത്ത് ഇടം പിടിച്ചപ്പോൾ സോൾവേനിയ ഒമ്പതാം സ്ഥാനത്തും, ഡെന്മാർക്ക് എട്ടാം സ്ഥാനത്തും, പോർച്ചുഗൽ ഏഴാം സ്ഥാനത്തും, സ്വിറ്റ്‌സർലൻഡ് ആറാം സ്ഥാനത്തും ഇടം പിടിച്ചു. ഒന്നാം സ്ഥാനത്ത് ഐസ്ലാൻഡ് എത്തിയപ്പോൾ അയർലൻഡ് രണ്ടാം സ്ഥാനവും, ആസ്ട്രിയ മൂന്നാം സ്ഥാനവും, ന്യൂസിലാൻഡ് നാലാം സ്ഥാനവും, സിംഗപൂർ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യ 116 ആം സ്ഥാനത്താണ് ഈ പട്ടികയിൽ.