- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായു മലിനീകരണം: ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളിൽ 39 ഉം ഇന്ത്യയിൽ; ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാമത്; ഏറ്റവും മുന്നിൽ ലഹോറും ചൈനയിലെ ഹോടനും; ആദ്യ പത്തിൽ ആറ് ഇന്ത്യൻ നഗരങ്ങൾ
ന്യൂഡൽഹി: ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള അൻപത് നഗരങ്ങളിൽ 39 എണ്ണം ഇന്ത്യയിലെന്ന് റിപ്പോർട്ട്. സ്വിറ്റ്‌സർലാൻഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022 ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. റിപ്പോർട്ട് പ്രകാരം ഇന്ത്യ ലോകത്തെ ഏറ്റവും മലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയിൽ എട്ടാമത്തെ രാജ്യമാണ്. 2021 ൽ ഇന്ത്യ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു.
മുൻ വർഷത്തിൽ അഞ്ചാംസ്ഥാനത്തായിരുന്നത് ഇത്തവണ മൂന്ന് പടി കുറയ്ക്കാനായി. എന്നാൽ ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളിൽ 39 ഉം ഇന്ത്യയിലാണെന്നതും ശ്രദ്ധേയമാണ്. ചാഡ്, ഇറാഖ്,പാക്കിസ്ഥാൻ, ബഹ്റൈൻ, ബംഗ്ലാദേശ്, ബുർക്കിന ഫാസോ, കുവൈത്ത് എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ള ഏറ്റവും മോശം വായുനിലവാരമുള്ള രാജ്യങ്ങൾ. പി.എം.2.5 അടിസ്ഥാമാക്കിയുള്ളതാണ് പട്ടിക. 131 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.
ആഫ്രിക്കൻ രാജ്യമായ ചാഡ് ആണ് ഏറ്റവും വായു മലിനമാക്കപ്പെട്ട രാജ്യം. പാക്കിസ്ഥാൻ രാജ്യങ്ങളിൽ മൂന്നാമതാണ്. മലിനീകരണ തോത് കൂടുതലുള്ള നഗരങ്ങളിൽ ഡൽഹിയെ മറികടന്ന് ഇത്തവണ ചാഡിന്റെ തലസ്ഥാനമായ എൻജമേന ഒന്നാമതായി. മനുഷ്യരുടെ ആരോഗ്യത്തിന് ഏറ്റവും വെല്ലുവിളി വായു മലിനീകരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മലിനീകരണം കൂടുതലുള്ള 7300 നഗരങ്ങളിൽ ഇന്ത്യൻ നഗരങ്ങൾ മുന്നിലെത്തി നിൽക്കുന്നുവെന്നതാണ് ഗൗരവം. പിഎം 2.5 മലിനീകരണത്തിന്റെ 20-35 ശതമാനവും വാഹനങ്ങൾ കാരണമാകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. വ്യാവസായിക യൂണിറ്റുകൾ, കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ പ്ലാന്റുകൾ, ജൈവാവശിഷ്ടങ്ങൾ കത്തിക്കൽ എന്നിവയാണ് ഇന്ത്യയിലെ മലിനീകരണത്തിന്റെ മറ്റ് ഉറവിടങ്ങൾ.
ഏറ്റവും മോശം വായുവുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒന്നാമത് ലാഹോറാണ്. 2021 ൽ 15ാം സ്ഥാനത്തായിരുന്നു ലാഹോർ. ഒറ്റ വർഷത്തിനിടയിൽ 15 സ്ഥാനം പുറകോട്ട് പോയി ലോകത്തെ ഏറ്റവും മോശം വായുവുള്ള ഇടമായി ഈ പാക് നഗരം മാറി. ചൈനയിലെ ഹോടനും ഏറ്റവും മലിനമായ നഗരങ്ങളാണ്.
അത് കഴിഞ്ഞാൽ മൂന്നമാതായി രാജസ്ഥാനിലെ ഭിവാദിയും നാലമതായി ഡൽഹിയും ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിലെ പി.എം.2.5 അളവ് സുരക്ഷിത പരിധിയുടെ ഇരുപതോളം ഇരട്ടിയാണെന്നും ഇത് ചൂണ്ടിക്കാട്ടുന്നു. ആദ്യ പത്തിൽ ആറ് ഇന്ത്യൻ നഗരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.
ആദ്യ 20ൽ 14 ഇന്ത്യൻ നഗരങ്ങളാണ്. 50 ഏറ്റവും മലിന നഗരങ്ങളിൽ 39 ഉം ഇന്ത്യയിൽ. ആദ്യ നൂറിൽ 65 ഇന്ത്യൻ നഗരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. മുൻവർഷം ആദ്യ നൂറിൽ 61 ഇന്ത്യൻ നഗരങ്ങളേ ഉണ്ടായിരുന്നുള്ളൂ.
ഡൽഹി ആയിരുന്നു ഇതുവരെ ഏറ്റവും മലിനീകരണമുള്ള രാജ്യ തലസ്ഥാനം. എന്നാലിത്തവണത്തെ റിപ്പോർട്ടിൽ ഗ്രേറ്റർ ഡൽഹി, ന്യൂഡൽഹി എന്നിങ്ങനെ തരംതിരിച്ചാണ് പട്ടികയിൽ ഉൾപ്പെട്ടത്. രണ്ടും ആദ്യം പത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ന്യൂഡൽഹി ഏറ്റവും മലിനമായ രണ്ടാമത്തെ രാജ്യതലസ്ഥാനമായി. ഒന്നാമത്തെ തലസ്ഥാനം ചാഡ് തലസ്ഥാനമായ എൻജമേനയാണ്.
എന്നാൽ രണ്ട് തലസ്ഥാനങ്ങളിലേയും പി.എം.2.5 അളവിൽ നേരിയ വ്യത്യാസം മാത്രമേ ഉള്ളൂ. എന്നാൽ ന്യൂഡൽഹിയിലെ ജനസംഖ്യ നാല് ദശലക്ഷത്തിന് മുകളിലാണെങ്കിൽ എൻജമേനയിൽ ഒരു ദശലക്ഷത്തിന് താഴെ ആളുകൾ മാത്രമേയുള്ളൂ.
ഡൽഹി, ധർഭംഗ, അസോപൂർ, പാറ്റ്‌ന, ഗസ്സിയാബാദ്, ധരുഹേര, ചപ്ര, മുസാഫർനഗർ, ഗ്രേറ്റർ നോയ്ഡ, ബഹാദൂർഗഡ്, ഫരീദാബാദ്, മുസാഫർപുർ, നോയ്ഡ, ജിന്ത്, ചർക്കി ദാദ്രി, റോഹ്തക്, ഗയ, അലംപൂർ, കുരുക്ഷേത്ര, ഭിവാനി, മീററ്റ്, ഹിസാർ, ഭഗൽപൂർ, യുമാനനഗർ, ബുലന്ദ്ഷഹർ, ഹാജിപൂർ, ഗുരുഗ്രാം, ലോഹർ, ദാദ്രി, കൈതൽ, ഫരീദ്‌കോട്, ഫത്തേഗഡ്, ഹാപുർ, ജയന്ത്, അംബാല, കാൻപൂർ, ഫത്തേബാദ് എന്നീ നഗരങ്ങളാണ് വായു ഏറ്റവും മലിനമായ ആദ്യ 50 നഗരങ്ങളിൽ ഉൾപ്പെട്ടത്. അതേസമയം ഇതിൽ ഒന്ന് പോലും കേരളത്തിൽ നിന്നല്ല എന്നുള്ളത് സംസ്ഥാനത്തിന് ആശ്വാസകരമാണ്.
മറുനാടന് മലയാളി ബ്യൂറോ