ലണ്ടന്‍: ക്ലാസ്സിക് ബ്രിട്ടീഷ് കളിപ്പാട്ട സ്റ്റോര്‍ ആയ ഹാമ്ലേയ്‌സ് അവരുടെ 29 സ്റ്റോറുകള്‍ അടച്ചു പൂട്ടുകയാണ്. 1760 ല്‍ സ്ഥാപിതമായ ഹാമ്ലേയ്‌സ് കഴിഞ്ഞ 265 വര്‍ഷത്തിലധികമായി വിപണിയില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. മാത്രമല്ല, ആഗോള തലത്തില്‍ തന്നെ ഏറ്റവും പഴക്കമേറിയ കളിപ്പാട്ട സ്റ്റോര്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ലണ്ടന്‍ റീജന്റ് സ്ട്രീറ്റിലെ ലാന്‍ഡ്മാര്‍ക്കായി തീര്‍ന്ന ഈ ബ്രിട്ടീഷ് ബ്രാന്‍ഡ് പക്ഷെ ഇപ്പോള്‍, ബ്രിട്ടനിലെ ഹൈസ്ട്രീറ്റ് കച്ചവട സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന അതേ അവസ്ഥ അഭിമുഖീകരിക്കുകയാണ്.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഹാമ്ലേയ്‌സ് മികച്ച പ്രകടനമാണ് കാഴ്ച വച്ചതെങ്കിലും ഇപ്പോള്‍ 29 സ്റ്റോറുകള്‍ അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 12 മാസക്കാലയളവില്‍ മറ്റ് 40 സ്റ്റോറുകള്‍ അടച്ചു പൂട്ടിയിരുന്നു. കമ്പനി ഹൗസിന്റെ കണക്കുകള്‍ അനുസരിച്ച് ഹാമ്ലേയ്‌സിന്റെ ലാഭം കഴിഞ്ഞ വര്‍ഷം 53.3 മില്യന്‍ ആയിരുന്നു. തൊട്ട് മുന്‍പത്തെ വര്‍ഷം ഇത് 51.4 മില്യന്‍ പൗണ്ട് ആയിരുന്നു. യു കെ, യൂറോപ്പ് വിപണിയിലും പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനായി. എന്നാല്‍ വിദേശ ശാഖകളില്‍ നിന്നുള്ള വരുമാനം 7.3 മില്യന്‍ പൗണ്ടില്‍ നിന്നും 6.5 മില്യന്‍ പൗണ്ട് ആയി കുറഞ്ഞു.

നിലവില്‍ ഇവര്‍ക്ക് യു കെയില്‍ 11 സ്റ്റോറുകളും ലോകവ്യാപകമായി 176 സ്റ്റോറുകളുമാണ് ഉള്ളത്. ഇതില്‍ ഏതെല്ലാം സ്റ്റോറുകളാണ് അടച്ചു പൂട്ടുക എന്നത് വ്യക്തമല്ല. അതുപോലെ, ഈ അടച്ചുപൂട്ടല്‍ മൂലം എത്രപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നതും വ്യക്തമല്ല. ഇക്കഴിഞ്ഞ ഡിസംബറില്‍ പ്രസിദ്ധപ്പെടുത്തിയ പുതിയ കണക്കുകളില്‍ ഹാമ്ലേയ്‌സ് പറഞ്ഞത് 2025 ലേക്ക് കടക്കുമ്പോള്‍, ബ്രീട്ടീഷ് വിപണിയില്‍ കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നായിരുന്നു. പണപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ധത്തില്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറഞ്ഞതാണ് കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

കോണ്‍വാളില്‍ 1760 ല്‍ വില്യം ഹാമ്ലെയ് ആണ് നോവാസ് ആര്‍ക്ക് എന്നപേരില്‍ ഈ സ്ഥാപനം ആരംഭിച്ചത്. ഒരു ചെറിയ സ്റ്റോറില്‍ ആരംഭിച്ച സ്ഥാപനം വന്‍ വിജയമായതോടെ 1881 ല്‍ റീജന്റ് സ്ട്രീറ്റിലും ഒരു ശാഖ ആരംഭിക്കുകയായിരുന്നു. അതികം താമസിയാതെ തന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിപ്പാട്ട കട എന്ന പേര് അതിന് ലഭിച്ചു. 1938 ല്‍ മേരി രാജ്ഞി, ഹാമ്ലേയ്‌സിന് റോയല്‍ വാറന്റ് നല്‍കി.

രണ്ടാം ലോക മഹായുദ്ധ കാലത്ത് അഞ്ച് തവണയാണ് ഹാമ്ലേയ്‌സിനെതിരെ ബോംബാക്രമണം ഉണ്ടായത്. എന്നാല്‍, അതൊന്നും തന്നെ അവരുടെ വളര്‍ച്ചയെ ബാധിച്ചില്ല. 1952 ല്‍ സ്ഥാനാരോഹണം നടത്തുമ്പോള്‍, തന്റെ മുത്തശ്ശി ഹാമ്ലേയ്‌സില്‍ നിന്നും വാങ്ങിത്തന്നിരുന്ന കളിപ്പാട്ടങ്ങളെ കുറിച്ച് എലിസബത്ത് രാജ്ഞി പ്രത്യേകം പരാമര്‍ശിച്ചിരുന്നു.