ന്യൂഡൽഹി: ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർത്തി ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷയ്ക്ക് പരാതി നൽകി ഗുസ്തി താരങ്ങൾ. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്, ബജ് റംഗ് പൂനിയ, സാക്ഷി മാലിക്, രവി ദഹിയ, ദീപക് പൂനിയ എന്നിവരാണ് ബ്രിജ് ഭൂഷണെതിരെ പി ടി ഉഷക്ക് പരാതി നൽകിയത്.

ലൈംഗിക ആരോപണം ഉൾപ്പെടെ അന്വേഷിക്കാൻ അടിയന്തരമായി സമിതി രൂപീകരിക്കണമെന്നും റെസ്ലിങ് സോസിയേഷൻ പ്രസിഡന്റ് സ്ഥാനം ബ്രിജ് ഭൂഷൺ ഉടൻ രാജിവെയ്ക്കണമെന്നും താരങ്ങൾ പരാതിയിൽ ആവശ്യപ്പെടുന്നു. ഗുസ്തി ഫെഡറേഷൻ പിരിച്ച് വിടണമെന്നും ഫെഡറേഷന്റെ ദൈനം ദിന പ്രവർത്തനം നിയന്ത്രിക്കാൻ സമിതി രൂപീകരിക്കണമെന്നും ഗുസ്തി താരങ്ങൾ പരാതിയിൽ പറയുന്നു.

വിനേഷ് ഫോഗട്, ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, രവി ദാഹിയ, ദീപക് പൂനിയ എന്നിവരാണ് പരാതിയിൽ ഒപ്പുവെച്ചിരിക്കുന്നത്. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ വനിതാ താരങ്ങൾ നേരിടുന്ന പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ ജന്തർമന്തറിൽ സമരം തുടരുന്നത്.

അതേസമയം, ആരോപണങ്ങൾക്ക് മറുപടി നൽകാനായി ബ്രിജ് ഭൂഷൺ സിങ് ഉച്ചക്ക് 12ന് വിളിച്ച വാർത്താ സമ്മേളനം വൈകിട്ട് നാലു മണിയിലേക്ക് മാറ്റി. പ്രതിഷേധ സമരത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു.

ഇന്നു വൈകിട്ട് നാലിന് നടത്തുന്ന വാർത്താ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിടുമെന്നാണ് സിങ്ങിന്റെ പ്രഖ്യാപനം. ഗോണ്ട ജില്ലയിലെ നവാബ്ഗഞ്ചിലുള്ള റെസ്ലിങ് ട്രെയിനിങ് സെന്ററിൽവച്ച് മാധ്യമങ്ങളെ കാണുമെന്നാണ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ബ്രിജ് ഭൂഷൺ അറിയിച്ചത്.

കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ളവരുമായി പ്രതിഷേധക്കാർ രാത്രി വൈകിയും ചർച്ച നടത്തിയതിനു പിന്നാലെയാണ്, പ്രതിഷേധത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന ഉൾപ്പെടെ പുറത്തു കൊണ്ടുവരുമെന്ന ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിന്റെ പ്രഖ്യാപനം.

ബ്രിജ് ഭൂഷണെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരം ഇന്നും തുടരുകയാണ്. പ്രതിഷേധിക്കുന്ന താരങ്ങളുമായി കായിക മന്ത്രാലയം ഇന്നലെയും ഇന്നും ചർച്ചകൾ നടത്തിയിരുന്നു. ബ്രജ് ഭൂഷന്റെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്ന നിലപാടിൽ താരങ്ങൾ ഉറച്ചു നിൽക്കുകയാണ്.

അതിനിടെ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി എത്തിയ മുൻ ബോക്സിങ് താരവും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിങ്ങിനോട് വേദിയിൽ നിന്ന് ഇറങ്ങാൻ ജന്തർമന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങൾ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് രാഷ്ട്രീയനിറം നൽകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു വിജേന്ദർ സിങ്ങിനോട് വേദിവിടാൻ ആവശ്യപ്പെട്ടതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയുമായി വെള്ളിയാഴ്ചയാണ് വിജേന്ദർ സിങ്ങ് ജന്തർമന്തറിലെത്തിയത്. റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചൂഷണത്തിനെതിരെ പ്രതികരിക്കുന്ന താരങ്ങൾക്ക് പിന്തുണയുമായാണ് താൻ എത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. കോൺഗ്രസ് നേതാവ് കൂടിയായ വിജേന്ദർ സിങ് 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

കഴിഞ്ഞ ദിവസം, പ്രതിഷേധത്തിന് പിന്തുണയർപ്പിച്ചുവന്ന സിപിഎം. നേതാവ് വൃന്ദാ കാരാട്ടിനോടും വേദിവിടാൻ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഇത് അത്ലറ്റുകളുടെ പ്രതിഷേധമാണെന്നും പറഞ്ഞായിരുന്നു വൃന്ദാ കാരാട്ടിനോട് ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് ബജ്റംഗ് പൂനിയ വേദിയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടത്.

റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി. എംപിയുമായ ബ്രിജ് ഭുഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് ഒളിമ്പിക് മെഡൽ ജേതാക്കൾ ഉൾപ്പെടെ മുപ്പതോളം താരങ്ങളാണ് ബുധനാഴ്ച ജന്തർമന്തറിൽ സമരം ആരംഭിച്ചത്. പ്രതിഷേധത്തിന് പിന്തുണയുമായി സിപിഐ. നേതാവ് ബിനോയ് വിശ്വവും ബിജെപി. നേതാവും ഗുസ്തി താരവുമായ ബബിത ഫോഗട്ടും രംഗത്തെത്തിയിരുന്നു.

അതിനിടെ ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ് ഗുസ്തി താരത്തെ പൊതുവേദിയിൽ വെച്ച് തല്ലുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ റാഞ്ചിയിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

ബ്രിജ് ഭൂഷണും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും തനിക്കു നേരേ വധഭീഷണി മുഴക്കിയെന്നുമുള്ള വെളിപ്പെടുത്തലുമായി ഒളിംപ്യൻ വിനേഷ് ഫോഗട്ട് രംഗത്തെത്തിയിരുന്നു. ജന്തർ മന്തറിൽ താരങ്ങൾ നടത്തിയ പ്രതിഷേധ ധർണയിലാണ് ഇരുപത്തെട്ടുകാരി വിനേഷ് വെളിപ്പെടുത്തൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് സിങ്ങിനെ പുറത്താക്കണമെന്നും മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് വിനേഷ് ആവശ്യപ്പെട്ടിരുന്നു.

സിങ്ങിനെ പുറത്താക്കും വരെ ഇന്ത്യൻ താരങ്ങൾ ഇനി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കില്ലെന്നു പുരുഷ ഗുസ്തി താരവും ഒളിംപ്യനുമായ ബജ്രംഗ് പൂനിയയും പ്രഖ്യാപിച്ചു. സംഭവം വിവാദമായതോടെ കേന്ദ്ര കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷനോട് 72 മണിക്കൂറിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. വിശദീകരണം നൽകാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും.