ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധവുമായെത്തിയ ഗുസ്തി താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, ഇവർ സമരം ചെയ്ത് വന്നിരുന്ന ജന്തർ മന്തറിലെ ടെന്റുകളും മറ്റും നീക്കം ചെയ്ത് ഡൽഹി പൊലീസ്. പൊലീസ് നടപടിക്കെതിരെ എങ്ങും ശക്തമായ വിമർശനമാണ് ഉയരുന്നത്. പ്രതിഷേധ സ്ഥലത്തുനിന്ന് താരങ്ങളുടെ ടെന്റുകളും കിടക്കകളും പൊലീസ് നീക്കം ചെയ്യുകയായിരുന്നു പൊലീസ്. സംഭവസ്ഥലത്ത് നിന്ന് ഒരു മാധ്യമപ്രവർത്തകനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം, കഞ്ചാവ്‌ല ചൗക്കിലെ എം.സി. പ്രൈമറി സ്‌കൂൾ താത്കാലിക ജയിലാക്കാനുള്ള ഡൽഹി പൊലീസിന്റെ നിർദ്ദേശം ഡൽഹി മേയർ നിരസിച്ചു.

ഗുസ്തി താരങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നു. പട്ടാഭിഷേകം പൂർത്തിയായപ്പോൾ അഹങ്കാരിയായ രാജാവ് പൊതുജനത്തിന്റെ ശബ്ദം തെരുവിൽ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. രാഹുലിന് പിന്നാലെ പിന്തുണച്ചു ട്വീറ്റു ചെയ്തു പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ഗ്ുസ്തി താരങ്ങൾക്ക് പിന്തുണ അറിയിക്കുകയാണ് പ്രിയങ്കയും ചെയ്തത്.

രാജ്യത്തിന് വേണ്ടി മെഡലുകൾ നേടിയ വനിതാ താരങ്ങളുടെ ശബ്ദം ബൂട്ടുകൾക്കടിയിൽ ചവിട്ടിമെതിക്കുന്നത്രയും ബിജെപി. സർക്കാരിന്റെ ധാർഷ്ട്യം വളർന്നുവെന്ന് പ്രിയങ്കാഗാന്ധി കുറ്റപ്പെടുത്തി. പാർലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ ഗുസ്തി താരങ്ങൾക്കെതിരായി ജന്തർ മന്തറിലെ പൊലീസ് നടപടിക്ക് പിന്നാലെ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.

'ഗുസ്തി താരങ്ങളുടെ നെഞ്ചിലെ മെഡൽ രാജ്യത്തിന്റെ അഭിമാനമാണ്. കഠിനാധ്വാനത്തിലൂടെ കായികതാരങ്ങൾ നേടിയെടുത്ത മെഡൽ രാജ്യത്തിന്റെ യശ്ശസുയർത്തി. വനിതാ താരങ്ങളുടെ ശബ്ദം ബൂട്ടുകൾക്കടിയിൽ ചവിട്ടിമെതിക്കുന്നത്രയും ബിജെപി. സർക്കാരിന്റെ ധാർഷ്ട്യം വളർന്നിരിക്കുന്നു. ഇത് പൂർണ്ണമായും തെറ്റാണ്. സർക്കാരിന്റെ ഈ ധാർഷ്ട്യവും അനീതിയും രാജ്യം മുഴുവൻ കാണുന്നുണ്ട്', പ്രിയങ്ക ട്വീറ്റ് ചെയ്തു.

താരങ്ങൾക്കെതിരായ പൊലീസ് നടപടിയെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അപലപിച്ചു. ഇന്ത്യൻ കായിക മേഖലയ്ക്ക് ദുഃഖരമായ ദിവസമാണ് ഇന്നത്തേതെന്ന് ഗുസ്തിതാരമാ സാക്ഷി മാലിക് ട്വീറ്റ് ചെയ്തു. താരങ്ങൾ തെരുവിൽ വലിച്ചിഴയ്ക്കപ്പെടുമ്പോൾ, ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് പാർലമെന്റിൽ ഇരിക്കുകായണെന്ന് സാക്ഷി മാലിക് കുറ്റപ്പെടുത്തി. ഏതെങ്കിലും രാജ്യം തങ്ങളുടെ ചാമ്പ്യന്മാരോട് ഇങ്ങനെ പെരുമാറുമോയെന്ന് ബജ്റംഗ് പൂനിയ ചോദിച്ചു.

താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജെ.എൻ.യുവിന് പുറത്ത് പ്രതിഷേധം നടത്തിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പ്രതിഷേധിക്കുന്നവരെ ആരും തടഞ്ഞിട്ടില്ലെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് തടഞ്ഞതെന്നും ക്രമസമാധാന ചുമതലയുള്ള ഡൽഹി സ്പെഷ്യൽ സി.പി. ദേപേന്ദ്ര പഥക് പറഞ്ഞു. പൊലീസ് നൽകിയ നിർദേശങ്ങൾ പ്രതിഷേധക്കാർ അവഗണിച്ചു. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമാണെന്നറിഞ്ഞിട്ടും അവർ അവിടേക്ക് മാർച്ച് നടത്തി. നിയമപ്രകാരമുള്ള നടപടികളാണ് അവർക്കെതിരെ സ്വീകരിച്ചത്. ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നതിൽ ആരേയും പിന്തിരിപ്പിച്ചിട്ടില്ല, പക്ഷേ നിയമവിരുദ്ധമായ നടപടികൾ അനുവദിക്കില്ലെന്നും ദേപേന്ദ്ര പഥക് പറഞ്ഞു.

ലെംഗികാതിക്രമ പരാതി നേരിടുന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏറെനാളായി ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തിവരുന്നത്.