- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലാലേട്ടനെ ചതിച്ചത് ചാറ്റ് ജിപിടിയോ? 'ചിതയിലാഴ്ന്നു പോയതുമല്ലോ, ചിതമനോഹരമായ പൂവിത്' എന്ന വരികള്‍ കുമാരനാശാന്റെ വീണപൂവ് എന്ന കൃതിയിലേതല്ല; ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിച്ചുള്ള പ്രസംഗത്തില്‍ മോഹന്‍ലാല്‍ ഉദ്ധരിച്ച വരികളെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം
ലാലേട്ടനെ ചതിച്ചത് ചാറ്റ് ജിപിടിയോ?
ന്യൂഡല്‍ഹി: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കവെ നടന്‍ മോഹന്‍ലാല്‍ ഉദ്ധരിച്ച കവിതാവരികളെച്ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച. പ്രശസ്ത കവി കുമാരനാശാന്റെ 'വീണപൂവ്' എന്ന കൃതിയിലേതാണെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ഉദ്ധരിച്ച വരികള്‍ ആശാന്റേതല്ലെന്ന് ചില സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
'ചിതയിലാഴ്ന്നു പോയതുമല്ലോ, ചിതമനോഹരമായ പൂവിത്' എന്ന വരികളാണ് മോഹന്‍ലാല്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ഈ വരികള്‍ കുമാരനാശാന്റെ 'വീണപൂവി'ലില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. പ്രശസ്ത സംവിധായകനും നടനുമായ പി. ഭാസ്‌കരന്റെ 'ഓര്‍ക്കുക വല്ലപ്പോഴും' എന്ന കവിതയിലേതാണോ ഈ വരികളെന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു. എന്നാല്‍, ആ കവിതയിലും ഈ വരികളില്ലെന്നാണ് ലഭ്യമായ വിവരങ്ങള്‍. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയി, പ്രരോദനം തുടങ്ങിയ കവിതകളും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ചണ്ഡാലഭിക്ഷുകിയില്‍ ആനന്ദന്‍ എന്ന ബുദ്ധഭിക്ഷു മാതംഗിയോട് സംസാരിക്കുന്ന ഭാഗമാണിതെന്ന് സുമേഷ് ജെ എസ് എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, കവിത പരിശോധിക്കുമ്പോള്‍, ഈ വരികള്‍ കാണാനില്ല.
ചിതയിലാഴ്ന്നുപോയതുമല്ലോ
ചിരമനോഹരമായൊരു പൂവിത്
പതിയെയൊന്നുമിങ്ങറിയാതെ
പതിതര്‍ക്കീ വഴി വന്നു ഭവിക്കാന്‍
പ്രതിമ വെച്ചു നാം തപസ്സുചെയ്തു
പ്രതിഫലമായിടട്ടെ നിന്‍കരം
പ്രതിഭയോടെ നീയതിന്‍മേല്‍
പ്രതിഷ്ഠിതമായിടട്ടെ നിന്‍കരം
ഈ വരികളില്‍ ആനന്ദന്‍, മാതംഗിയുടെ സൗന്ദര്യത്തെയും നന്മയെയും പുകഴ്ത്തുന്നു. സമൂഹത്തില്‍ താഴ്ന്ന ജാതിയില്‍ ജനിച്ചതിന്റെ പേരില്‍ അവള്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെ 'ചിത'യോട് ഉപമിച്ചിരിക്കുന്നു. ഈ ദുരിതങ്ങളെല്ലാം താണ്ടി അവള്‍ക്ക് നന്മ നിറഞ്ഞ ജീവിതം ലഭിക്കട്ടെ എന്ന് ആനന്ദന്‍ ആഗ്രഹിക്കുന്നു.
മറ്റൊരു കുറിപ്പ് ഇങ്ങനെ
ചിതയിലാഴ്ന്നു പോയതുമല്ലോ
ചിരമനോഹരമായൊരു പൂവിത്
...................
(അസംബന്ധം നിറഞ്ഞ വരികള്‍
അഥവാ എന്തിനോ തിളയ്ക്കുന്ന സാമ്പാര്‍ )
ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിച്ച് മോഹല്‍ലാല്‍ നടത്തിയ പ്രസംഗത്തില്‍ കുമാരനാശാന്റെ വീണപൂവിലെ വരികള്‍ ചൊല്ലി. ആ സന്ദര്‍ഭത്തിന് ഒട്ടും യോജിച്ചതല്ല ഈ വരികള്‍ എന്ന പ്രശ്‌നം മാറ്റിവച്ചാലും ആശാന്റെ വീണ പൂവില്‍ ഇങ്ങനെ ഒരു വരിയില്ല എന്നത് നിസ്സാര പ്രശ്‌നമല്ല.
വലിയ മനുഷ്യര്‍ ഇന്ത്യയാകെ ഉറ്റുനോക്കുന്ന ഒരു വേദിയില്‍ പറയുന്ന വാക്കുകള്‍ അത്രയധികം കൃത്യമായിരിക്കണം. അല്ലെങ്കില്‍ ഒറ്റയടിക്ക് ഉണ്ടാക്കിവച്ച അധികാരികതയും വിശ്വാസ്യതയും പൊയ്‌പ്പോവും. പ്രത്യേകിച്ചും ഓഷോയെ പ്പോലുള്ള വലിയ ഫിലോസഫറുടെ അമ്പാസിഡറും ഫോളോവറുമൊക്കെയായി അറിയപ്പെടുന്നൊരാള്‍.
സ്വന്തം ഓര്‍മ്മയില്‍ നിന്ന് പറഞ്ഞതാണെങ്കിലും ആരെങ്കിലും എഴുതിക്കൊടുത്തതാണെങ്കിലും പറയുന്നതിന് മുമ്പ് തീര്‍ച്ചയായും ക്രോസ് ചെക്ക് ചെയ്യണമായിരുന്നു. മോഹന്‍ലാല്‍ വീണ പൂവ് വായിച്ചിരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. പക്ഷേ സ്വന്തം ജീവിതത്തിലെ ഒരു പരമോന്നത സന്ദര്‍ഭത്തില്‍ പറയുന്ന വാക്കുകളില്‍ തെറ്റു പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. മറ്റെല്ലാ സന്ദര്‍ഭത്തിലും മോഹന്‍ലാല്‍ പറയുന്ന ഉപദേശങ്ങള്‍ക്കും വാക്കുകള്‍ക്കും ഇത്രമാത്രം ഉറപ്പേ ഉള്ളൂ എന്ന് ആളുകള്‍ കരുതില്ലേ.
ഇനി ഇത് ആരേലും എഴുതിക്കൊടുത്തതാണേലും പ്രശ്‌നമാണ്. എഴുതിയ ആളിനും പ്രശ്‌നമുണ്ട്, ഉദ്ധരിച്ച ആളിനും പ്രശ്‌നമുണ്ട്. മനോഹരമായ ഒരു വേളയില്‍ ഉള്ളില്‍ നിന്ന് വരുന്ന വാക്കുകള്‍ പറഞ്ഞാല്‍ പോരെ ആര് പറഞ്ഞു എന്നറിയാത്ത, ആ സന്ദര്‍ഭത്തിന് ഒരു തരത്തിലും ചേരാത്ത വാക്കുകള്‍ എടുത്ത് പൊന്തിക്കണോ.
ഇനി ആ പറഞ്ഞ വരികള്‍ക്ക് ഘടനാപരമായ പ്രശ്‌നങ്ങളും ഉണ്ട്. ചിതയിലാഴ്ന്ന് പോയതുമല്ലോ ചിര മനോഹരമായ പൂവിത് എന്നാണ്. അസംബന്ധം നിറഞ്ഞ ഈ വരികള്‍ ഏതേലും മര്യാദക്കാര്‍ എഴുതുമോ ?
എല്ലാക്കാലത്തും മനോഹരമായിരിക്കുന്ന ഈ പൂവ് ചിതയിലാഴ്ന്ന് പോയതാണ് എന്നു പറയുന്നതിലെ പൊട്ടത്തരം ഒന്നാലോചിച്ചു നോക്കൂ. ചിതയിലാഴ്ന്ന് പോയതാണ് ഇക്കാണുന്ന പൂവ് എന്ന വരികളിലെ എങ്ങനെ നോക്കിയാലും യുക്തിയില്ലാത്ത വാക്കുകള്‍ എങ്ങനെ ചൊല്ലാന്‍ തോന്നി അദ്ദേഹത്തിന്. ഒരു തവണയെങ്കിലും ആ വരികളുടെ അര്‍ത്ഥം ആലോചിച്ചിരുന്നെങ്കില്‍ ! ഹാ കഷ്ടം!
വാല്‍ക്കഷ്ണം : ഇപ്പോ എല്ലാവരും വീണപൂവിനെയും ആശാനെയും പരതി നടക്കുന്നു. പിന്നെ ആരുടെയൊക്കെ പേര് പറയുന്നോ അവരുടെ കവിതകളും. അങ്ങനെ ഒരു ഗുണമുണ്ടായി:
ഫാല്‍ക്കെ അവാര്‍ഡ് കിട്ടിയതില്‍ ഗംഭീര നടനായ ലാലിന് അഭിവാദനങ്ങള്‍ ഉണ്ട്.
N B SURESH
ചാറ്റ് ജിപിടി പോലുള്ള ഓട്ടോമേറ്റഡ് ഭാഷാ മോഡലുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളാകാം മോഹന്‍ലാല്‍ പ്രസംഗത്തില്‍ ഉപയോഗിച്ചതെന്നും ഇതിലൂടെ അദ്ദേഹത്തിന് പിഴവ് സംഭവിച്ചതാകാമെന്നും ചിലര്‍ വിലയിരുത്തുന്നു. ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിക്കുന്ന വേളയില്‍ മോഹന്‍ലാലിന്റെ പ്രസംഗം വലിയ ശ്രദ്ധ നേടിയിരുന്നു. സിനിമാലോകത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ലഭിച്ച അംഗീകാരത്തെക്കുറിച്ച് അദ്ദേഹം നന്ദി അറിയിക്കുകയും സിനിമ തന്റെ ആത്മാവിന്റെ സ്പന്ദനമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.