കല്‍പറ്റ: ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകള്‍, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്.

സാമൂഹ്യമാധ്യമമായ എക്‌സില്‍ കോയിക്കോടന്‍സ് 2.0 എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ ഇത്തരം പോസ്റ്റുകള്‍ എഡിറ്റ് ചെയ്യുകയും നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണ്. ഇതിനായി സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ നിരീക്ഷണം ശക്തമാക്കി.

ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് രണ്ട് പോസ്റ്റുകളാണ് കോയിക്കോടന്‍സ് 2.0 എന്ന പേജിലുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഉപയോഗത്തിലെ പ്രശ്‌നങ്ങളാണ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നുമായി ബന്ധപ്പെടുത്തിയും ഇതിനെ കൂട്ടികെട്ടുന്ന പോസ്റ്റുകളുണ്ട്. ഇതിനൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഈ പേജിനെതിരെ സൈബര്‍ പോലീസ് കേസെടുക്കുന്നത്. കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലാണെന്ന് വ്യക്തം.

രാത്രിയിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തുന്നതിനെ പോലും വിമര്‍ശിക്കുന്നുണ്ട് ഈ പേജ്. ഷിരൂരിലെ ദൗത്യത്തില്‍ കേരളത്തിന്റെ ആവശ്യങ്ങളുമായി കൂട്ടിക്കെട്ടിയാണ് വിമര്‍ശനം. കമ്മികള്‍ക്ക് കര്‍ണാടകയില്‍ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ മാത്രമേ പ്രശ്‌നം ഉള്ളൂ.. കേരളത്തിലെ ജീവനുകള്‍ക്ക് ഒന്നും ഒരു വിലയും ഇവര്‍ കൊടുക്കുന്നില്ലേ.. ഷിരൂരില്‍ രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയതിന് എതിരെ വാ തുറന്ന കമ്മികള്‍ക്ക് ഒന്നും പറയാന്‍ ഇല്ല.-ഇതാണ് അതുമായി ബന്ധപ്പെട്ട പോസ്റ്റ്. ഇതിനെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനത്തിന്റെ ദുഷ്‌കരത മറച്ചു വയ്ക്കുന്നതാണ് പോസ്റ്റുകളെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഇനിയും കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകള്‍ ഇത്തരം വിമര്‍ശനങ്ങളുര്‍ത്തുമെന്ന വിലയിരുത്തല്‍ പോലീസിനുണ്ട്. അതുകൊണ്ട് തന്നെ എല്ലാ സര്‍ക്കാര്‍ വിരുദ്ധ സോഷ്യല്‍ മീഡിയാ ഇടങ്ങളും പോലീസ് നിരീക്ഷിക്കും. വിമര്‍ശനം അതിരുവിട്ടാല്‍ ഉടന്‍ കേസെടുക്കാനാണ് തീരുമാനം.