തൃശ്ശൂർ: തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഷവോമി കമ്പനി. ഈ പ്രയാസകരമായ സമയത്ത് കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും സാധ്യമായ വിധത്തിൽ അവരെ പിന്തുണയ്ക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. 

ഉപഭോക്തൃ സുരക്ഷയ്ക്ക് വളരെ പ്രാധാന്യമുണ്ടെന്നും അത്തരം കാര്യങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഷവോമി കമ്പനി അധികൃതർ പുറത്തുവിട്ട സന്ദേശത്തിൽ പറയുന്നു. വിഷയത്തിൽ ഇപ്പോൾ അന്വേഷണം നടക്കുകയാണ്. സംഭവത്തിന്റെ യഥാർത്ഥ കാരണം നിർണ്ണയിക്കാൻ ഞങ്ങൾ അധികൃതരുമായി സഹകരിക്കുകയും ആവശ്യമായ എല്ലാവിധ പിന്തുണയും നൽകുകയും ചെയ്യുമെന്ന് കമ്പനി അധികൃതർ പുറത്തുവിട്ട സന്ദേശത്തിൽ വ്യക്തമാക്കുന്നു.

പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് കഴിഞ്ഞ ദിവസം ഫോൺ ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മരിച്ചത്. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആദിത്യശ്രീ.

പിതാവ് അശോക് കുമാർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. രണ്ട് വർഷം മുമ്പ് പാലക്കാട്ടെ എംഐ കമ്പനി സർവ്വീസ് സെന്ററിൽ നിന്ന് ബാറ്ററി മാറിയിരുന്നതായി മരിച്ച കുട്ടിയുടെ പിതാവ് അശോകൻ മൊഴി നൽകിയിരുന്നു. ഇനിയൊരാൾക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാനുള്ള നടപടി വേണമെന്ന് അശോക് കുമാർ ആവശ്യപ്പെട്ടു.

2017 ൽ പാലക്കാട് ചെന്നെ മൊബൈൽസിൽ നിന്ന് സഹോദരൻ വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. ഈ ഫോൺ 2021 ൽ ബാറ്ററി മാറാൻ പാലക്കാട്ടെ റെഡ്മി/എംഐ സർവ്വീസ് സെന്ററിൽ നൽകുകയും ചെയ്തു. ഒരു മാസത്തിന് ശേഷമാണ് തിരികെ കിട്ടിയത്. കമ്പനി ബാറ്ററിയെന്നു പറഞ്ഞാണ് മാറി നൽകിയതെന്നും അശോക് കുമാർ പറഞ്ഞു.

തിരുവില്വാമലയിൽ എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തൽ. അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി.

പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.

മൊബൈലിലെ ബാറ്ററി അതിയായ മർദ്ദത്തോടെ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പുതപ്പിനുള്ളിൽവച്ച് മൊബൈൽ ഉപയോഗിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചിരിക്കാമെന്നും സൂചനയുണ്ട്.

അപകടത്തിന് ഇടയാക്കിയ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നത് ഒറിജിനൽ ബാറ്ററിയാണോ എന്ന് പരിശോധിക്കും. രണ്ടര വർഷം മുൻപ് ബാറ്ററി മാറ്റിയിരുന്നു. മരണകാരണം തലയ്‌ക്കേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവുമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ഡിസ്‌പ്ലേ പൊട്ടുകയും ബാറ്ററിയുടെ ഭാഗം വീർക്കുകയും ചെയ്ത തരത്തിലാണു ഫോൺ കണ്ടെത്തിയത്. ഫോൺ പൂർണമായും തകർന്നിട്ടില്ല. ബാറ്ററിയാണു പൊട്ടിത്തെറിച്ചതെന്ന് (കെമിക്കൽ ബ്ലാസ്റ്റ്) പൊലീസ് പറഞ്ഞു. ഫോൺ ചാർജ് ചെയ്യുമ്പോഴല്ല അപകടമെന്നു വീട്ടുകാർ പറയുന്നു.

ബാറ്ററിക്കുള്ളിലെ ജെൽ, ചൂടിൽ ഗ്യാസ് രൂപത്തിലായി മാറി ഫോണിന്റെ സ്‌ക്രീനിൽ ചെറിയ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചതാകാം ദുരന്തത്തിനിടയാക്കിയതെന്നാണു ഫൊറൻസിക് ഉദ്യോഗസ്ഥരുടെ നിഗമനം. 4 വർഷം മുൻപു വാങ്ങിയ ഫോണിന്റെ ബാറ്ററി രണ്ടര വർഷം മുൻപാണ് മാറ്റിയത്.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു എട്ടുവയസ്സുകാരി മരിച്ച വാർത്ത ഏറെ വേദനയോടെയാണ് കേരളം കേട്ടത്. മൊബൈൽ ഫോൺ കുഞ്ഞുങ്ങൾക്കു കൊടുക്കുമ്പോൾ മാത്രമല്ല, മുതിർന്നവർ ഉപയോഗിക്കുമ്പോഴും ഏറെ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു

ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാൽ അത് ഫോണിനെ മുഴുവൻ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാൽ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാർജ് പെട്ടെന്ന് തീരുന്നു, ചാർജ് കയറാൻ താമസം എന്നിവയാണ് മൊബൈൽ ഫോണിന് തകരാറുണ്ടെന്നതിന് ആദ്യം ലഭിക്കുന്ന സൂചനയെന്നും കേരള പൊലീസിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നു.

അതിവേഗം ചാർജ് കയറുന്ന അഡാപ്റ്ററുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇവ തെരഞ്ഞെടുക്കുന്നതിലും ജാഗ്രത വേണം. സ്മാർട്ട്ഫോണുകൾക്കൊപ്പം ലഭിക്കുന്ന ചാർജറുകൾ ഉപയോഗിക്കുന്നതാണ് നല്ലതെന്നും കേരള പൊലീസ് ഫേസ്‌ബുക്കിൽ മുന്നറിയിപ്പ് നൽകി.

കേരള പൊലീസിന്റെ മാർഗനിർദ്ദേശം

വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈൽ ഫോണുകൾ. കുഞ്ഞുങ്ങൾക്കു കൊടുക്കുമ്പോൾ മാത്രമല്ല, മുതിർന്നവർ ഉപയോഗിക്കുമ്പോഴും നമ്മുടെ മൊബൈൽ ഫോണിൽ ശ്രദ്ധിക്കേണ്ടതായി ഒട്ടേറെ കാര്യങ്ങളുണ്ട്. അപകടം വരുന്നതിനു മുൻപു മൊബൈൽ ഫോൺ തന്നെ പലവിധത്തിലും നമുക്ക് സിഗ്നൽ തരുന്നുണ്ട്. അതൊന്ന് ശ്രദ്ധിക്കണം എന്നുമാത്രം.

പോസിറ്റീവ് നെഗറ്റീവ് ഇലക്ട്രോഡുകളടങ്ങിയ ലിഥിയം അയൺ ബാറ്ററികളാണ് സ്മാർട്ട്ഫോണുകളിലുള്ളത്. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാൽ അത് ഫോണിനെ മുഴുവൻ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാൽ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാർജ് പെട്ടെന്ന് തീരുന്നു, ചാർജ് കയറാൻ താമസം എന്നിവയാണ് മൊബൈൽ ഫോണിന് തകരാറുണ്ടെന്നതിന് ആദ്യം ലഭിക്കുന്ന സൂചന.

മൊബൈൽ ഫോണുകൾ താഴെ വീഴുമ്പോൾ ചെറുതോ വലുതോ ആയ തകരാർ അതിന് സംഭവിക്കുന്നുണ്ട്. താഴെ വീണാൽ മൊബൈൽ ഒരു സർവീസ് സെന്ററിൽ കൊടുത്ത് പരിശോധിച്ച് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയേ വീണ്ടും ഉപയോഗിക്കാവൂ. ഇല്ലെങ്കിൽ ഫോണിലുണ്ടായ നേരിയ വിള്ളലോ പൊട്ടലോ വഴി വെള്ളം അല്ലെങ്കിൽ വിയർപ്പ് തുടങ്ങിയവ ബാറ്ററിയിലേക്ക് പ്രവേശിക്കാൻ കാരണമാകും. അത് ഡിസ്പ്ലേയിലൂടെയോ ഫോണിന്റെ മറ്റ് ഭാഗങ്ങളിലൂടെയോ ആകാം.

അതുകൊണ്ടു തന്നെ തകരാർ വന്ന മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണ്. അതിവേഗം ചാർജ് കയറുന്ന അഡാപ്റ്ററുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇവ തിരഞ്ഞെടുക്കുന്നതിലും ജാഗ്രത വേണം. സ്മാർട്ട്ഫോണുകൾക്കൊപ്പം ലഭിക്കുന്ന ചാർജറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. പവർ കൂടിയ ചാർജറുകൾ ഉപയോഗിക്കുന്നതിലൂടെ ബാറ്ററിയിലേക്കുള്ള സമ്മർദം കൂടാനും അത് മൊബൈൽ ഫോണിനെ പ്രതികൂലമായി ബാധിക്കാനും കാരണമാകും.

ഡ്യൂപ്ലിക്കേറ്റ് ചാർജറുകൾ ഉപയോഗിക്കുന്നതും നല്ലതല്ല. മൊബൈൽ ഫോണിലുണ്ടായിരുന്ന ബാറ്ററിക്കു പകരം മറ്റ് ബാറ്ററികൾ ഉപയോഗിക്കുന്നതും ദോഷകരമാണ്. മൊബൈൽ ഫോണിന്റെ സുരക്ഷയ്ക്കു തന്നെ ഇത് വെല്ലുവിളിയാണ്. ഗുണമേന്മയില്ലാത്ത ലിഥിയം അയൺ ബാറ്ററികൾ ഉപയോഗിക്കുന്നത് മൊബൈൽ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കാൻ കാരണമാകും. ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ പെട്ടെന്ന് പതിവിലും ചൂടാകുന്നതായി തോന്നിയാൽ അത് മാറ്റി വയ്ക്കുക.

ചാർജ് ചെയ്യുകയാണെങ്കിൽ സ്വിച്ച് ഓഫ് ചെയ്ത് മാറ്റി വയ്ക്കുന്നതാണ് നല്ലത്.ഡ്രൈവിങിനിടെ കാറിലെ ചാർജിങ് അഡാപ്റ്ററിൽ ഫോൺ കുത്തിയിടുന്നതിലും നല്ലത് പവർ ബാങ്ക് ഉപയോഗിക്കുന്നതാണ്. കാറിൽ ഉപയോഗിച്ചിരിക്കുന്ന അഡാപ്റ്ററുകളും വയറിംങും മറ്റും അത്രത്തോളം സുരക്ഷിതമാകണമെന്നില്ല. പവറിലുണ്ടാകുന്ന വ്യത്യാസം ചിലപ്പോൾ മൊബൈൽ ബാറ്ററിക്ക് തകരാറുണ്ടാക്കാം. തന്മൂലം മൊബൈൽ പൊട്ടിത്തെറിക്കുന്ന സാഹചര്യം വരെ കാര്യങ്ങളെത്തിയാൽ അത് വൻ ദുരന്തത്തിലാകും കലാശിക്കുക. രാത്രി മുഴുവൻ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി കുത്തിയിടുന്ന സ്വഭാവം ചിലർക്കുണ്ട്. ഇതും നല്ലതല്ല.

എല്ലായ്‌പ്പോഴും നൂറ് ശതമാനം ചാർജ് കയറിയതിനു ശേഷം മാത്രമേ ഫോൺ ചാർജറിൽ നിന്ന് വേർപെടുത്താവൂ എന്നില്ല. തൊണ്ണൂറ് ശതമാനം ചാർജായാൽ തന്നെ മതി. ഇത് ബാറ്ററി ഈട് നിൽക്കാനും സഹായിക്കും. കൂടുതൽ സമയം മൊബൈൽ ഫോൺ ചാർജ് ചെയ്യാനിട്ടാൽ അത് ബാറ്ററിക്ക് തകരാറുണ്ടാക്കും എന്നതിൽ സംശയമില്ല.ചാർജ് ചെയ്യാനായി കുത്തിയിടുമ്പോൾ മൊബൈൽ ഫോണിലേക്ക് ചൂട് നേരിട്ടടിക്കുന്ന സാഹചര്യം ഒഴിവാക്കണം.

സൂര്യപ്രകാശമോ മറ്റെന്തെങ്കിലും തരത്തിലുള്ള ചൂടോ മൊബൈലിലേക്ക് നേരിട്ടടിക്കുന്നത് നല്ലതല്ല. ചാർജിങ്ങിനിടെ മൊബൈലിന്റെ മുകളിൽ എന്തെങ്കിലും വയ്ക്കുന്നതും ഒഴിവാക്കണം. പവർ സ്ട്രിപ്പുകൾ അല്ലെങ്കിൽ എക്സ്റ്റൻഷനുകൾ ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതും ഒഴിവാക്കണം. ഇത് ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കും.

സ്മാർട്ട്ഫോണുകൾക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുണ്ടായൽ കമ്പനി സർവീസ് സെന്ററുകളെ സമീപിക്കുന്നതാണ് നല്ലത്. ഏതെങ്കിലും കടയിൽ കൊടുത്ത് നന്നാക്കാം എന്നു വിചാരിച്ചാൽ അത് റിസ്‌ക് ഇരട്ടിയാക്കുമെന്ന് ഓർക്കുക. ഇങ്ങനെ ചെറിയ ചില കാര്യങ്ങളിലെ കരുതൽ നമ്മുടെ കയ്യിലെ മൊബൈൽ ഫോണിലൂടെയുണ്ടാകാവുന്ന അപകടം ഇല്ലാതാക്കും.