തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അവമതിച്ചും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് അനുകൂലമായും മൊഴി നല്‍കിയ ജീന സജി തോമസുമായി യൂത്ത് കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് സംഘടന അറിയിച്ചു. കോട്ടയം ജില്ലയില്‍ ജീന എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വമുള്ള ആരുമില്ലെന്ന് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍ വ്യക്തമാക്കി. നിലവില്‍ കാനഡയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ജീന, വിവിധ സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും കോട്ടയം ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കറും ഇക്കാര്യം സ്ഥിരീകരിച്ചു. ഡിവൈഎഫ്‌ഐ കേന്ദ്രങ്ങളില്‍ നിന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ജീന സജി തോമസുമായി ബന്ധപ്പെട്ട പരാതികളെന്ന് യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഗൗരി ശങ്കര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഗൗരി ശങ്കറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഇന്നലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും ദൗര്‍ഭാഗ്യകരമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തലയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ പരിശോധിക്കപ്പെടേണ്ടതാണ്. യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് എന്ന തരത്തില്‍ ജീന സജി തോമസ് എന്ന യുവതിയാണ് പരാതി മുന്‍പ് നല്‍കിയിരുന്നതെന്നും എന്നാല്‍ ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മൊഴി നല്‍കിയെന്നും പറയുന്നതിന്റെ വസ്തുത ജില്ലാ ഘടകം പരിശോധിക്കുകയാണ്. അതില്‍ പറയുന്ന വിലാസത്തിലോ ഈ പേരിലോ കോട്ടയം ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ഒരു അംഗം നിലവിലില്ല എന്ന് പൊതുജനം മനസിലാക്കണം. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ക്കെതിരെ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ DYFI സംസ്ഥാന നേതൃത്വം നടത്തുന്ന ഗൂഡാലോചനയാണ് ഇന്നലത്തെ സംഭവങ്ങളില്‍ പ്രകടമാകുന്നത്. ഇത്തരത്തില്‍ നടത്തുന്ന ഗൂഡലോചനയില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് DGP യെ സമീപിക്കുന്നതുമാണ്.



രാഹുല്‍ മാങ്കുട്ടത്തിലിന് എതിരായ ഗൂഢാലോചനയില്‍ പങ്കുകാരായത് വി ഡി സതീശനും, രമേശ് ചെന്നിത്തലയും ആണെന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവും മൊഴി കൊടുത്തു എന്ന രീതിയില്‍ വന്ന വാര്‍ത്ത അടിമുടി വ്യാജമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍ മാത്യു ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സുബിന്‍ മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

രാഹുല്‍ മാങ്കുട്ടം ലൈംഗിക അപവാദ കേസില്‍ ഗൂഢാലോചനയില്‍ പങ്കുകാരായത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായ രമേശ് ചെന്നിത്തലയും ആണെന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവും മൊഴി കൊടുത്തു എന്ന രീതിയില്‍ വന്ന വാര്‍ത്ത അടിമുടി വ്യാജമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അടിസ്ഥാന രഹിതമായ പരാതി കൊടുത്തിട്ടുള്ളത് ജീന സജി തോമസ് എന്ന വ്യക്തിയാണ്. ഇവര്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹി അല്ല എന്ന് മാത്രമല്ല യൂത്ത് കോണ്‍ഗ്രസുമായി ഇവര്‍ക്ക് യാതൊരു ബന്ധവും ഇല്ല.

നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതി ആയിട്ടുള്ള ഇവര്‍ക്കെതിരെ 2021ല്‍ ചിങ്ങവനം പോലീസ് വഞ്ചന കുറ്റത്തിന് കേസ് എടുത്തിട്ടുള്ളതാണ്. കാനഡയില്‍ നേഴ്‌സ് ആയി ജോലി വാങ്ങി തരാം എന്ന് കാട്ടി 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എഫ്‌ഐആര്‍ ഈ പോസ്റ്റിന് ഒപ്പം ചേര്‍ക്കുന്നുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുവാനും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര തര്‍ക്കമുണ്ടെന്ന് വരുത്തിതീര്‍ക്കുവാനും സമുന്നതരായ കോണ്‍ഗ്രസ് നേതാക്കളെ സംശയ നിഴലില്‍ നിര്‍ത്തുവാനുമുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഓരോ പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നിയന്ത്രിക്കുന്ന ബിജെപിയും സിപിഎമ്മിനും വേണ്ടി വീടുപണി ചെയ്യുന്ന ഇത്തരക്കാര്‍ ഭരണകൂടങ്ങളുടെ കൊള്ളരുതായ്മകള്‍ മറക്കുവാനും കോണ്‍ഗ്രസിനെ സംശയ നിഴലില്‍ നിര്‍ത്തുന്നതിനും ആരുടെയെങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കേണ്ടതാണ്.

യൂത്ത് കോണ്‍ഗ്രസ് പോലൊരു സംഘടനയുടെ ഭാരവാഹിയായി ചമഞ്ഞ് വ്യാജ പരാതി നല്‍കിയത് ആള്‍മാറാട്ട കുറ്റമാണ്. ഇവര്‍ക്കെതിരെ ഡിജിപിക്ക് രേഖാമൂലം പരാതി നല്‍കാനാണ് തീരുമാനം. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എന്ന ചമഞ്ഞ് ആരെങ്കിലും ഒരു പരാതി കൊടുത്താല്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നേതാക്കള്‍ക്കെതിരെ മുഴുകി കൊടുത്തു എന്ന നിലയില്‍ വാര്‍ത്ത നല്‍കുന്നവരും ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മാധ്യമങ്ങള്‍ക്ക് ഇത്തരം വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കി കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് ക്രൈം ബ്രാഞ്ച് ആണെങ്കില്‍ ഈ അന്വേഷണസംഘത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ക്രിമിനലുകളെ സംരക്ഷിക്കുകയും തീറ്റിപ്പോറ്റുകയും ചെയ്യുന്ന ഒരു ഭരണകൂടവും ഭരണകക്ഷിയായ പാര്‍ട്ടിയും അത്തരക്കാരെ രാഷ്ട്രീയ എതിരാളികളെ താറടിക്കുവാന്‍ ഉപയോഗിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവം. നഗ്‌നമായ അധികാര ദുര്‍വിനിയോഗവും, സത്യപ്രതിജ്ഞ ലംഘനവും ആണ് പിണറായി സര്‍ക്കാരും അതിലെ ഓരോ അംഗങ്ങളും നടത്തുന്നത്. കേരളം കട്ടുമുടിച്ച് ഭരണത്തില്‍ തുടരുവാന്‍ സിപിഎം ഇതിനപ്പുറവും കാണിക്കും എന്നും, അവരെ ഇതിനു സഹായിക്കുവാന്‍ ബിജെപി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുവാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് യൂത്ത് കോണ്‍ഗ്രസിന്റെ ഓരോ പ്രവര്‍ത്തകരും നേതാക്കളും തെരുവിലിറങ്ങേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലുമായി ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്.

സുബിന്‍ മാത്യു

സംസ്ഥാന ജനറല്‍ സെക്രട്ടറി

ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്


തിരുവല്ല മുത്തൂര്‍ സ്വദേശിനിയായ ജീന സജി തോമസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്നതിന്റെ എഫ്‌ഐആര്‍ പുറത്തുവന്നിട്ടുണ്ട്. കാനഡയില്‍ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശി ബിജോ ജോണില്‍ നിന്നും സഹോദരിയില്‍ നിന്നും 13 ലക്ഷത്തില്‍ അധികം രൂപ തട്ടിച്ചെന്നാണ് കേസ്. 2021-ല്‍ ചിങ്ങവനം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജീനയുടെ വസ്തു കണ്ടുകെട്ടിയിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് നിലവില്‍ ഉയര്‍ന്നുവന്ന ലൈംഗിക പീഡന പരാതികളെന്ന് ജീന സജി തോമസ് ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ ആരോപിച്ചതായി വാര്‍ത്ത വന്നിരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായി കോണ്‍ഗ്രസ് അനുഭാവി ജീന സ്ഥിരീകരിച്ചു. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയോ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയോ പേരുകള്‍ മൊഴിയില്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ഞങ്ങള്‍ അറിയുന്ന മാങ്കൂട്ടത്തില്‍ അങ്ങനെയല്ല. ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്ത്രീകള്‍ പരാതി നല്‍കട്ടെ, താന്‍ കോണ്‍ഗ്രസ് അനുഭാവിയെന്നും ജീന ടെവിലിഷന്‍ ചാനലിനോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ജീന അറിയിച്ചു. താന്‍ യൂത്ത് കോണ്‍ഗ്രസ് അംഗമല്ലെന്നും എന്നാല്‍ കോണ്‍ഗ്രസിനോട് ആഭിമുഖ്യമുള്ളയാളാണെന്നും അവര്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും ജീന പറഞ്ഞു. രാഹുല്‍ മാങ്കുട്ടത്തിലാണ് മാധ്യമങ്ങളുടെ ഇര. പരാതിക്കാരായി രംഗത്തുവന്നവരെല്ലാം തേര്‍ഡ് പാര്‍ട്ടികളാണെന്നും, യഥാര്‍ഥ പരാതികള്‍ നിയമപരമായി നേരിടണമെന്നും ജീന ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കിടമത്സരമാണ് ഇതിന് പിന്നിലെന്ന് ജീന സംശയം പ്രകടിപ്പിച്ചു. തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസ് കോടതിയില്‍ തീര്‍പ്പാക്കിയതാണെന്നും അവര്‍ വിശദീകരിച്ചു.