- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; എന്തിന്റെ പേരിലാണ് റെയ്ഡ് എന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് സീതാറാം യെച്ചൂരി; മാധ്യമപ്രവർത്തകരെ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസും
ന്യൂഡൽഹി: ഡൽഹിയിലെ ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തിന്റെ പേരിലാണ് റെയ്ഡ് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും റെയ്ഡിനെക്കുറിച്ച് നേരത്തെ അറിവ് ലഭിച്ചിരുന്നില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
തന്റെ വസതിയിലെ റെയിഡ് പാർട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിലല്ലെന്ന് സീതാറാം യെച്ചൂരി നേരത്തെ പ്രതികരണമറിയിച്ചിരുന്നു. എകെജി സെന്ററിലെ ജീവനക്കാരൻ തന്റെ വസതിയിൽ താമസിക്കുന്നുണ്ടെന്നും ഈ ജീവനക്കാരന്റെ മകൻ ന്യൂസ് ക്ലിക്കിൽ ജോലി ചെയ്യുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നു എന്നതിന്റെ പേരിലാണ് പരിശോധന നടന്നത്. ഇവിടെ നിന്നും ലാപ്‌ടോപ് ഉൾപ്പെടെയുള്ളവ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തുകൊണ്ടുപോയി.
ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി അറിവില്ലെന്നും യെച്ചൂരി വിശദമാക്കി. സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ രാവിലെ ഒൻപത് വരെയാണ് റെയിഡ് നടന്നത്. ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമ സ്വാതന്ത്ര്യം തകർന്നു എന്നതിന്റെ തെളിവാണിതെന്നും യെച്ചൂരി വിമർശിച്ചു. എന്താണ് അന്വേഷിക്കുന്നത് എന്നോ എന്തിനാണ് റെയ്ഡ് നടത്തിയതെന്നോ അറിയില്ല. എന്ത് കുറ്റങ്ങളാണ് ന്യൂസ് ക്ലിക്ക് മാധ്യമപ്രവർത്തകർക്ക് എതിരെ ചുമത്തിയതെന്നോ എന്താണ് ഭീകരവാദ ബന്ധം എന്നോ അറിയില്ല.
ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി. യുഎപിഎ ചുമത്തിയെന്ന് പറയുന്നുണ്ട്. കേസ് ചുമത്തി മാധ്യമപ്രവർത്തകരെ പ്രതിരോധത്തിലാക്കുകയാണ് ചെയ്യുന്നത്. യുഎപിഎ ചുമത്തിയാൽ പിന്നെ ഒന്നും അറിയിക്കണ്ടല്ലോ എന്നും യെച്ചൂരി പരിഹസിച്ചു.
അതേസമയം ഭീകരബന്ധം ആരോപിച്ചുള്ള യു.എ.പി.എ കേസിൽ ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളിൽ ഡൽഹി പൊലീസ് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് കോൺഗ്രും രംഗത്തുവന്നു. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുള്ള അടിച്ചമർത്തൽ പെട്ടെന്നുള്ളതല്ലെന്നും ബിജെപി-ആർ.എസ്.എസ് രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ പ്രതിഫലനമാണെന്നും കോൺഗ്രസ് നേതാവ് ഗുർദീപ് സിങ് സപ്പൽ പ്രതികരിച്ചു.
ഡൽഹി പൊലീസ് മാധ്യമപ്രവർത്തകരെ അടിച്ചമർത്തുകയാണ്. കഴിഞ്ഞ ദിവസം ഗാന്ധി ജയന്തിയായിരുന്നു. 1931ൽ സ്വതന്ത്ര ഇന്ത്യയിലെ മൗലികാവകാശങ്ങളെ കുറിച്ചുള്ള കറാച്ചി പ്രമേയം തയാറാക്കുന്നതിൽ മഹാത്മ ഗാന്ധി ജവഹർലാൽ നെഹ്റുവിന് ഉപദേശം നൽകി. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാൻ ഇന്ത്യയിലെ എല്ലാ പൗരനും അവകാശമുണ്ട്. സ്വതന്ത്രമായി സംഘടിക്കാനും സഹവസിക്കുന്നതിനും നിയമത്തിനോ ധാർമ്മികതക്കോ എതിരല്ലാത്ത ആവശ്യങ്ങൾക്കായി സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുകൂടാനും അവകാശമുണ്ട്.
ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരെ തൂക്കിലേറ്റി ആറ് ദിവസങ്ങൾക്ക് ശേഷമാണ് കറാച്ചി പ്രമേയം അവതരിപ്പിച്ചത്. എന്തിനുവേണ്ടിയാണ് വധിച്ചത്? കാരണം, അവരുടെ ശബ്ദം കേൾക്കാനും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും അവർ ആഗ്രഹിച്ചു. എന്നാൽ, അവരുടെ ശബ്ദം ബധിരരായ സാമ്രാജ്യത്വ ഭരണകൂടത്തിന് മേൽ പതിച്ചു. അവർ നിയമനിർമ്മാണ സഭയിലേക്ക് ബോംബ് എറിഞ്ഞു, കീഴടങ്ങി, ശിക്ഷയെ എതിർക്കാതെ, ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ സന്ദേശം അയക്കാൻ വിചാരണ ഉപയോഗിച്ചു.- ഗുർദീപ് സിങ് സപ്പൽ എക്‌സിൽ കുറിച്ചു.
ന്യൂസ് ക്ലിക്ക് സൈറ്റുമായി ബന്ധമുള്ള മാധ്യമ പ്രവർത്തകരുടേയും എഴുത്തുകാരുടേയും ജീവനക്കാരുടേയും വീടുകളിലാണ് ഡൽഹി പൊലീസിന്റെ റെയ്ഡ് പുരോഗമിക്കുന്നത്. നേരത്തെ ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകുന്നതെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഓൺലൈൻ വാർത്താമാധ്യമമായ ന്യൂസ് ക്ലിക്കിന്റെ X ഹാൻഡിൽ സസ്‌പെൻഡ് ചെയ്തിരുന്നു. സൈറ്റിനെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഹൈക്കോടതി മുൻ ജഡ്ജിയടക്കം നൂറോളം പൗരപ്രമുഖർ കത്തെഴുതിയിരുന്നു.




