തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎ‍ൽഎ.യ്ക്കും എതിരായ കേസിൽ കരുതലോടെ നീങ്ങാൻ പൊലീസ്. ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കും. സ്വകാര്യ ഹർജിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസായതിനാൽ പരാതിയിലെ വകുപ്പുകൾ നിലനിൽക്കുമോയെന്ന് അന്വേഷിച്ച ശേഷം പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഇപ്പോൾ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മേയർ, എംഎ‍ൽഎ. എന്നിവരടക്കം അഞ്ചുപേർക്കെതിരേ കേസെടുത്തിട്ടുള്ളത്. ഇത് പൊലീസ് താമസിയാതെ മാറ്റും.

കോടതിയിലെത്തിയ സ്വകാര്യ ഹർജിയിൽ പറയുന്ന ആരോപണങ്ങൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് വിശദീകരിക്കുന്നു. സാക്ഷിമൊഴികളടക്കം രേഖപ്പെടുത്തിയ ശേഷം പല വകുപ്പുകളും ഒഴിവാക്കും. പരിശോധനയ്ക്കു ശേഷം തെളിവില്ലാത്ത വകുപ്പുകൾ മാറ്റിയതിന് കാരണവും കോടതിയെ അറിയി്ക്കാം. അതിനിടെ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ നടപടി തുടങ്ങി. അഭിഭാഷകനായ ബൈജു നോയൽ, കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു എന്നിവർ വാദികളായി രണ്ടു കേസുകളാണ് കോടതിനിർദ്ദേശപ്രകാരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ബൈജുവിനോട് ചൊവ്വാഴ്ച മൊഴിയെടുക്കാൻ ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും എത്തിയില്ല. വരുംദിവസങ്ങളിൽ മൊഴിയെടുക്കും. സംഭവം നടന്ന ദിവസം പാളയത്തുണ്ടായിരുന്നവരുടെ സാക്ഷിമൊഴികളും രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഡ്രൈവർ യദുവിന്റെ മൊഴിയും വീണ്ടും രേഖപ്പെടുത്തും. എന്നാൽ മേയർ അടക്കമുള്ളവരിലേക്ക് തൽകാലം നേരിട്ടുള്ള അന്വേഷണം നീളില്ല.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് മേയർക്കും എൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിക്രമം, അന്യായമായി തടഞ്ഞുവയ്ക്കൽ, അസഭ്യംപറയൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ഉൾപ്പെടുത്തി. ബസിലെ മെമ്മറി കാർഡ് നഷ്ടമായ സംഭവത്തിലാണ് തെളിവുനശിപ്പിക്കലിന് മേയറുടെയും സംഘത്തിന്റെയും പേരിൽ കേസെടുത്തിട്ടുള്ളത്. സച്ചിൻദേവ് എംഎ‍ൽഎ. അസഭ്യം പറഞ്ഞു എന്നതടക്കമുള്ള യദുവിന്റെ ആരോപണവും എഫ്.ഐ.ആറിലുണ്ട്.

ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മാത്രം തുടർനടപടി മതിയെന്നാണ് തീരുമാനം. യദുവിന്റെ പരാതിയിൽ കേസെടുക്കേണ്ടെന്ന് ആദ്യം തീരുമാനിച്ച പൊലീസ്, കോടതി നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ ദിവസം മേയർക്കെതിരെ കേസെടുത്തത്.