തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് അനഭിമതനായി ഡിജിപി യോഗേഷ് ഗുപ്ത മാറുന്നുവോ? വന്‍ അഴിമതിക്കാരെ പിടികൂടുകയും കേസെടുക്കാനൊരുങ്ങുകയും ചെയ്തതോടെയാണ് ഡി.ജി.പി യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സില്‍ നിന്നും സ്ഥാന ചലനമുണ്ടായത്. അടുത്ത പോലീസ് മേധാവിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിച്ചിരുന്ന ഐപിഎസുകാരനാണ് യോഗേഷ് ഗുപ്ത. നാലുമാസം കൊണ്ട് 40 കൈക്കൂലിക്കാരെ കൈയോടെ പിടികൂടിയും 212മിന്നല്‍ റെയ്ഡുകള്‍ നടത്തുകയുംചെയ്ത യോഗേഷ് ഗൂപത് വിജിലന്‍സിനെ ചലനാത്മകമാക്കി. അതിനിടെയാണ് അപ്രതീക്ഷിതമാറ്റം. ഫയര്‍ ഫോഴ്‌സിലേക്കാണ് സ്ഥാന ചലനം.

ഡി.ജി.പി മനോജ്എബ്രഹാമാണ് പുതിയ വിജിലന്‍സ് മേധാവി.എ.ഡി.എം നവീന്‍ബാബുവിന്റെ മരണത്തില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.പി.ദിവ്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബിനാമി കമ്പനിക്ക് 12കോടിയോളം രൂപയുടെ കരാറുകള്‍ നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ യോഗേഷ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ പഞ്ചായത്തിന്റെ കരാറുകളെടുക്കാന്‍ വേണ്ടി രൂപീകരിച്ച കമ്പനിയാണിതെന്നാണ് കണ്ടെത്തല്‍. ബിനാമിയിടപാടില്‍ കേസെടുക്കാനും ദിവ്യയുടെയും കുടുംബത്തിന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാനും യോഗേഷ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യോഗേഷിനെ തെറിപ്പിച്ചത്. പിരിച്ചുവിടണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്ത തിരുവനന്തപുരത്തെ വനം ഉദ്യോഗസ്ഥനെ, സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കുന്നതില്‍ യോഗേഷ് രേഖാമൂലം എതിര്‍പ്പറിയിച്ചിരുന്നു.

അഴിമതിക്കേസില്‍ വിജിലന്‍സ് പ്രതിയാക്കിയ ഉദ്യോഗസ്ഥന്‍ നടത്തിയ അഴിമതികളുടെ വീഡിയോ തെളിവുകളുണ്ടെന്നും ഒരുകാരണവശാലും തിരിച്ചെടുക്കരുതെന്നുമായിരുന്നു യോഗേഷിന്റെ റിപ്പോര്‍ട്ട്. ഇത് തള്ളിക്കളഞ്ഞ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. വനംമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് തിരിച്ചെടുക്കുന്നതെന്ന് ഉത്തരവില്‍ അഡി.ചീഫ്‌സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ രേഖപ്പെടുത്തി. ഇതോടെ ജ്യോതിലാലിനെ വനംവകുപ്പില്‍ നിന്നു തെറിപ്പിച്ചു. പിന്നാലെയാണ് യോഗേഷിന്റെയും തൊപ്പിതെറിച്ചത്. ഇതോടെ വനം വകുപ്പിലെ 'ഹണി ട്രാപ്പ്' മാഫിയയ്‌ക്കെതിരെ നില്‍ക്കുന്നവര്‍ക്കെല്ലാം പണി കിട്ടുന്ന അവസ്ഥയും വരുന്നു. ഇതെല്ലാം യോഗേഷിന്റെ സ്ഥലം മാറ്റത്തില്‍ നിര്‍ണ്ണായകമായി എന്നും സൂചനയുണ്ട്.

നാളികേരം, കൊപ്രാ സംഭരണത്തില്‍ പൊതുമേഖലാ സ്ഥാപനം നടത്തിയ 100കോടിയുടെ സബ്‌സിഡി വെട്ടിപ്പ് കണ്ടെത്തിയ യോഗേഷ്, കേസെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. ഗുണഭോക്താക്കള്‍ ആരാണെന്ന് വ്യക്തമാക്കാതെ സഹകരണബാങ്കുകള്‍ വഴിയും തട്ടിപ്പ് നടന്നിരുന്നു. പണം നല്‍കിയെങ്കിലും കൊപ്രയും നാളീകേരവും സംഭരിച്ചിട്ടില്ലെന്നും കണ്ടെത്തി. കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. കരാറുകാരുമായി ചേര്‍ന്ന് മറ്റൊരു കോര്‍പറേഷന്‍ നടത്തിയ കോടികളുടെ തട്ടിപ്പ്, പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള സ്ഥാപനം നടത്തിയ 15കോടിയുടെ തട്ടിപ്പ്, കൃഷിമേഖലയിലെ കോര്‍പറേഷന്‍ കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി തട്ടിയത് എന്നിവയെല്ലാം കണ്ടെത്തി കേസെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയായിരുന്നു യോഗേഷ് എന്നാണ് കേരള കൗമുദി വാര്‍ത്ത. അതായത് അഴിമതിക്കെതിരെ അതിശക്തമായ ഇടപെടല്‍ നടത്തി. കോടികണക്കിലുള്ളതിനേക്കാള്‍ പത്തിരട്ടി ഖനനംനടത്തുന്ന ക്വാറിമാഫിയയെ തുടര്‍ച്ചയായ പരിശോധനകളിലൂടെ പൂട്ടിയ യോഗേഷ് അധികപിഴ, റോയല്‍റ്റി, പെനാല്‍റ്റി ഇനത്തില്‍ 500കോടിരൂപയാണ് ഖജനാവിലെത്തിച്ചത്. ഇതിനൊപ്പം മിന്നല്‍ റെയ്ഡും. ഇതിനിടെയാണ് യോഗേഷിന്റെ കസേര മാറ്റം.

അടുത്ത സംസ്ഥാന പോലീസ് മേധാവി ആരാകും എന്ന ആകാംക്ഷ കൂടി. ജൂണ്‍ 30നാണ് നിലവിലെ പോലീസ് മേധാവി വിരമിക്കുന്നത്. പൊലീസ് മേധാവി ആകാന്‍ സീനിയോറിറ്റി അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ ഉള്ളത് 6 പേരാണ്. ഒന്നാമന്‍ റോഡ് സേഫ്റ്റി കമ്മീഷണര്‍ നിധിന്‍ അഗര്‍വാള്‍. 90 ബാച്ച് ഉദ്യോഗസ്ഥന്‍. 2026ല്‍ വിരമിക്കും. ബിഎസ്എഫ് മേധാവി സ്ഥാനത്തു നിന്നു കാലാവധി പൂര്‍ത്തിയാകും മുന്‍പേ കേന്ദ്രം പെട്ടെന്ന് സംസ്ഥാന കേഡറിലേക്ക് തിരിച്ചയക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡിജിപിയും ഇദ്ദേഹം തന്നെ. രണ്ടാമന്‍ റവാഡ ചന്ദ്ര ശേഖര്‍. 91 ബാച്ചുകാരനാണ്. 2026 ഇല്‍ വിരമിക്കും. നിലവില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍. 2026 ല്‍ വിരമിക്കും. പട്ടികയില്‍ മൂന്നാം പേരുകാരനാണ് യോഗേഷ് ഗുപ്ത.

93 ബാച്ചുകാരനായ യോഗേഷിന് 2030 വരെ സര്‍വീസുണ്ട്. നാലാമത് മനോജ് എബ്രഹാം, 94 ആം ബാച്ച്, 2031 വരെ സര്‍വീസ്. മെയ് 30 ന് ഡിജിപി കെ പത്മകുമാര്‍ വിരമിക്കുമ്പോള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായ മനോജ് എബ്രഹാം ഡിജിപി പദവിയില്‍ എത്തും. 2031 വരെ സര്‍വീസ്. അഞ്ചാമന്‍ സുരേഷ് രാജ് പുരോഹിത്, 95 ബാച്ച്, നിലവില്‍ എസ്പിജിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടറാണ്. 2027 വരെയാണ് കാലാവധി. ആറാമന്‍ എം ആര്‍ അജിത് കുമാര്‍, 95 ബാച്ച്, 2028 വരെ കാലാവധി. ജൂണ്‍ 30 ന് ഷേഖ് ദര്‍വേശ് സാഹിബ് വിരമിക്കുമ്പോള്‍ അജിത് കുമാറിന് ഡിജിപി പദവി ലഭിക്കും. വിരമിക്കാന്‍ ആറ് മാസമെങ്കിലും ബാക്കി ഉള്ളവരെയാണ് പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിയമനം ലഭിച്ചാല്‍ സുപ്രീം കോടതി നിര്‍ദേശം പ്രകാരം 2 വര്‍ഷം വരെ പദവിയില്‍ നിന്ന് മാറ്റാന്‍ പാടില്ല. പട്ടികയിലുള്ള ആറ് പേരും സംസ്ഥാന പൊലീസ് മേധാവിയാകാന്‍ താല്‍പ്പര്യമുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

പട്ടിക കേന്ദ്രത്തിനു കൈമാറിയിട്ടുണ്ട് കേരളം. കോണ്‍ഫിഡന്‍ഷ്യല്‍ റെക്കോര്‍ഡും മറ്റ് അച്ചടക്കനടപടികളും പരിശോധിച്ച് 3 പേരെ ഉള്‍പെടുത്തി യുപിഎസ്‌സി പട്ടിക തിരിച്ച് അയക്കും. അതില്‍ നിന്നു സംസ്ഥാനത്തിന് നിയമിക്കാം. ആര്‍ക്കുമെതിരെയും കാര്യമായ ആരോപണങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പട്ടികയിലെ ആദ്യ സ്ഥാനക്കാരായ നിധിന്‍ അഗര്‍ വാള്‍, റവാഡ, യോഗേഷ് എന്നിവരടങ്ങിയ പട്ടിക സംസ്ഥാനത്തിന് കൈമാറാനാണ് സാധ്യത. അങ്ങനെ എങ്കില്‍ യോഗേഷിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കുമെന്നായിരുന്നു വിലയിരുത്തല്‍. അതിന് തൊട്ടു മുമ്പാണ് യോഗേഷിന് വിജിലന്‍സ് കസേര നഷ്ടമാകുന്നത്.