തിരുവനന്തപുരം: കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സ്ഥലം മാറ്റിയതിനെതിരേ ഡോ. ബി. അശോകും കേന്ദ്ര ഡെപ്യൂട്ടേഷന് എതിര്‍പ്പില്ലാരേഖ നല്‍കാത്തതിനെതിരേ അഗ്‌നിരക്ഷാസേനാ മോധാവി യോഗേഷ് ഗുപ്തയും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ടിബ്യൂണലില്‍ നിയമ പോരാട്ടത്തിന്. ബി. അശോക് ഐഎഎസ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റാണ്. യോഗേഷ് ഗുപ്ത ഐപിഎസ് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റും.

കൃഷിവകുപ്പിന്റെ കേര പദ്ധതിക്കുള്ള ലോകബാങ്ക് സഹായം ധനവകുപ്പ് കൈമാറാന്‍ വൈകിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തെത്തുടര്‍ന്നാണ് അശോകിനെ സെക്രട്ടറിയേറ്റിനു പുറത്തേക്കുമാറ്റിയത്. കെടിഡിഎഫ്സി ചെയര്‍മാനായി നിയമിച്ചെങ്കിലും സ്ഥാനമേല്‍ക്കാതെ അശോക് അവധിയില്‍പ്പോയി. ഇതിന് ശേഷമാണ് നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്. മുമ്പ് ഇത്തരം നിയമ പോരാട്ടങ്ങളിലൂടെ ചര്‍്ച്ചകളില്‍ നിറഞ്ഞ ഉദ്യോഗസ്ഥനാണ് അശോക്. സര്‍ക്കാരിനുള്ള പകയാണ് എല്ലാത്തിനും കാരണം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമുമായുള്ള പ്രശ്‌നമാണ് അശോകിന് വിനയായത്. യോഗേഷ് ഗുപ്തയ്ക്കും കാരണം അതു തന്നെ.

കേന്ദ്ര എന്‍ഫോഴ്സ് ഡയറക്ടറുടെയും സിബിഐ ഡയറക്ടറുടെയും ഒഴിവുകളിലേക്കു യോഗേഷ് ഗുപ്ത അപേക്ഷിച്ചിരുന്നു. എന്നാല്‍, സംസ്ഥാനം അദ്ദേഹത്തിന് എതിര്‍പ്പില്ലാരേഖ നല്‍കിയില്ല. സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസമാണ് കാരണം. കേന്ദ്രം നിര്‍ദേശിച്ച പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കേരളത്തിലെ പോലീസ് മേധാവി സ്ഥാനത്തേക്കും പരിഗണിച്ചില്ല. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു. വിജിലന്‍സ് ഡയറക്ടറായിരിക്കെ കെ എം എബ്രാഹമിനെതിരെയുള്ള അന്വേഷണ ഫയലുകള്‍ സിബിഐയ്ക്ക് യോഗേഷ് ഗുപ്ത കൈമാറിയിരുന്നു. ഇതോടെയാണ് സര്‍ക്കാരിന് യോഗേഷ് വില്ലനായതെന്നാണ് വിലയിരുത്തലുകള്‍.

കേന്ദ്രത്തില്‍ നിയമനം ലഭിക്കുന്നതിനുള്ള വിജിലന്‍സിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറാത്തതും പ്രതികാരമാണ്. കേന്ദ്ര സര്‍വീസില്‍ സേവനമനുഷ്ഠിക്കാനുള്ള തന്റെ അവസരം മനഃപൂര്‍വം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണു സംസ്ഥാനം പ്രവര്‍ത്തിച്ചതെന്ന് കാട്ടിയാണ് അദ്ദേഹം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 27നു സമര്‍പ്പിച്ച ഹര്‍ജിയില്‍ ട്രൈബ്യൂണല്‍ ഇന്നു വാദം കേള്‍ക്കും. റിപ്പോര്‍ട്ട് കൈമാറില്ലെന്ന കടുംപിടിത്തം സര്‍ക്കാര്‍ തുടരുന്ന സാഹചര്യത്തിലാണ് യോഗേഷിന്റെ നീക്കം. സര്‍ക്കാരിനു പുറമേ ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയാണു ഹര്‍ജി ഫയല്‍ ചെയ്തത്.

കേന്ദ്ര സര്‍വീസില്‍ ഡിജിപിയായി എംപാനല്‍ ചെയ്യുന്നതിനാവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് നല്‍കാന്‍ കത്തും ഇമെയിലും വഴി 9 തവണ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഗൗനിച്ചില്ലെന്നും ഉദ്യോഗസ്ഥനെന്ന നിലയിലുള്ള വളര്‍ച്ച തടയാന്‍ ലക്ഷ്യമിട്ടാണിതെന്നും അദ്ദേഹം ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. ഇത്തരം റിപ്പോര്‍ട്ടുകള്‍ ആയുധമാക്കി തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ഉദ്യോഗസ്ഥരെ സൃഷ്ടിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ 10 വര്‍ഷ സേവനകാലയളവിലെ വിശദാംശങ്ങള്‍ ആരാഞ്ഞ്, 'അടിയന്തരമായി ലഭ്യമാക്കുക' എന്ന നിര്‍ദേശത്തോടെ ഈ വര്‍ഷം ഏപ്രിലിലാണു കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കഴിഞ്ഞ മേയില്‍ തനിക്ക് അനുകൂലമായ റിപ്പോര്‍ട്ട് അന്നത്തെ പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് ചീഫ് സെക്രട്ടറിക്കു നല്‍കിയെങ്കിലും സര്‍ക്കാര്‍ അതു പിടിച്ചുവച്ചു. റിപ്പോര്‍ട്ട് കൈമാറണമെന്നഭ്യര്‍ഥിച്ച് താന്‍ നിവേദനം നല്‍കിയെങ്കിലും ഗൗനിച്ചില്ല.

പിന്നാലെ മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോര്‍ട്ടലില്‍ അപേക്ഷ നല്‍കിയെങ്കിലും മറുപടി പോലും ലഭിച്ചില്ല. ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നല്‍കിയെങ്കിലും അതും നിഷേധിക്കപ്പെട്ടു. തന്നെ ദ്രോഹിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മറ്റു മാര്‍ഗമില്ലാതെയാണു ട്രൈബ്യൂണലിനെ സമീപിച്ചതെന്നും യോഗേഷ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് കൈമാറുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടിക്ക് ഉത്തരവിടണമെന്നും പിഴ ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്മിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും.