- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ട്രെയിന് യാത്രയ്ക്കിടെ വീഴ്ചയില് കാലിന് പരിക്കേറ്റു; ഗോവയിലെ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങിയെത്തി, പിന്നാലെ മരണം; യുവ സംഗീതജ്ഞൻ ഏലിയാസ് എൽദോസിനെ തൂങ്ങിമരിച്ച നിലയിൽ; സ്റ്റീഫൻ ദേവസിക്കൊപ്പം കീറ്റാർ വായിച്ച് വിസ്മയമായ പ്രതിഭ; ആത്മഹത്യക്ക് പിന്നിലെ കാരണം തേടി പോലീസ്

തൊടുപുഴ: യുവ സംഗീതജ്ഞന്‍ ഏലിയാസ് എൽദോസിനെ (24) താമസസ്ഥലത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. യൂട്യൂബിലൂടെ സ്വയം സംഗീതം അഭ്യസിച്ച്, പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ പരിപാടികളിൽ അദ്ദേഹത്തിനൊപ്പം കീറ്റാർ വായിച്ച് ശ്രദ്ധേയനായ പ്രതിഭയായിരുന്നു ഏലിയാസ്. തൊടുപുഴ മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡിലെ മ്യൂസിക് ബാൻഡ് ട്രൂപ്പിന്റെ നായകൻ കൂടിയായിരുന്നു ഈ യുവപ്രതിഭ. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സ്ഥാപനത്തിലെ രണ്ടാം നിലയിലെ സ്റ്റുഡിയോയ്ക്ക് സമീപമുള്ള മുറിയിൽ ഏലിയാസിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്.
മാതാപിതാക്കളുടെ പരിലാളനയോ ജീവിത സൗഭാഗ്യങ്ങളോ കൂട്ടില്ലാതെ, ഒന്നര വയസ്സു മുതൽ മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് അനാഥാലയത്തിന്റെ തണലിലായിരുന്നു ഏലിയാസ് വളർന്നത്. അവിടെ കഴിയുന്നതിനിടെയാണ് സംഗീതം ഉള്ളിൽ തുടിപ്പിട്ടത്. ഗുരുക്കന്മാരുടെ ശിക്ഷണമില്ലാതെ യുട്യൂബിലൂടെ സംഗീതം സ്വയം പഠിച്ചെടുത്ത ഏലിയാസിന്റെ വളർച്ച വേഗത്തിലായിരുന്നു. സ്കൂൾ പഠനത്തിനൊപ്പം പൈങ്ങോട്ടൂർ ശ്രീനാരായണ കോളേജിൽ നിന്നും ബി.എസ്.ഡബ്ള്യു ബിരുദവും നേടി.
സംഗീതത്തിലുള്ള ഏലിയാസിന്റെ മാന്ത്രികത തിരിച്ചറിഞ്ഞ അനാഥാലയത്തിലെ ഡയറക്ടർ ജോഷി മാത്യു ഓടയ്ക്കലാണ് ആ കഴിവിനെ കൈപിടിച്ചുയർത്തിയത്. അനാഥാലയത്തിൽ തന്നെ ഒരു സംഗീത ട്രൂപ്പ് രൂപവത്കരിച്ച ഏലിയാസ്, അവിടെയുള്ള മറ്റു കുട്ടികൾക്ക് കീബോർഡും ഡ്രമ്മും അഭ്യസിപ്പിക്കുന്നതിൽ വലിയ താൽപ്പര്യം കാട്ടിയിരുന്നു. കീറ്റാർ വായനയിൽ ഏലിയാസ് തീർത്ത മാജിക് സ്റ്റീഫൻ ദേവസിയെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 2018-ൽ കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന സ്റ്റീഫൻ ദേവസിയുടെ പരിപാടിയിൽ അദ്ദേഹം ഏലിയാസിനെ ചേർത്തുപിടിച്ചു.
അന്ന് ആ വേദിയിൽ കീറ്റാർ വായിച്ചു കൊണ്ട് ഏലിയാസ് കാഴ്ച്ചവെച്ച പ്രകടനം സംഗീതപ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഗോവയിലെ സംഗീത പരിപാടിയിലായിരുന്ന ഏലിയാസ്, എട്ടാം തീയതി രാത്രിയാണ് തിരിച്ചെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ വീണു കാലിന് പരിക്കേറ്റിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മടങ്ങിയെത്തി ഒൻപതിന് രാത്രി ഉറങ്ങാൻ പോയതായിരുന്നു.
വെള്ളിയാഴ്ച രാവിലെ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏലിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകി. സ്വദേശമായ തലക്കോട് സെന്റ് മേരീസ് യാക്കോബായ സിറിയൻ പള്ളി സെമിത്തേരിയിൽ സംസ്കാരം നടന്നു. നാല് സഹോദരന്മാരുണ്ട്.


