കോയിപ്രം: വീട്ടുകാരുടെ എതിർപ്പ് വക വയ്ക്കാതെ അടുക്കളയിൽ ചാരായം വാറ്റിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. അയിരൂർ വെള്ളിയറ പനച്ചിക്കൽ മുട്ടുമണ്ണുകാലായിൽ ബിജോയ് (34) ആണ് പൊലീസിന്റെ വലയിൽ കുടുങ്ങിയത്. വിവരമറിഞ്ഞെത്തിയ എസ്‌ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ കണ്ട് ബിജോയ് മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു.

പിന്തുടർന്നെങ്കിലും പൊലീസിന് ഇയാളെ പിടിക്കാനായില്ല. മരുമകനാണ് ഓടി രക്ഷപ്പെട്ടതെന്ന് ബഹളം കേട്ട് വീട്ടിൽ നിന്നിറങ്ങി വന്ന സ്ത്രീ അറിയിച്ചു. ചാരായം വീട്ടിൽ വാറ്റരുതെന്ന് പലതവണ പറഞ്ഞിട്ടും ബിജോയ് കേൾക്കാറില്ലെന്ന് ഭാര്യ ബ്ലെസിയും വെളിപ്പെടുത്തി. വീട്ടിനുള്ളിൽ പരിശോധന നടത്തിയ പൊലീസ് അടുക്കളയിലെ അടുപ്പിൽ ചാരായം വാറ്റുന്നത് കണ്ടെത്തി. 15 ലിറ്റർ കോടയും വാറ്റി ശേഖരിച്ചു കൊണ്ടിരുന്ന 50 മില്ലി ചാരായവും ഉപകരണങ്ങളും പിടിച്ചെടുത്തു.

പ്രതിക്കായി തെരച്ചിൽ വ്യാപിപ്പിച്ച പൊലീസ് പിന്നീട് വീടിനു സമീപത്തുനിന്നും ബിജോയിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ, എസ്‌ഐ അനൂപ്, സി.പി.ഓമാരായ അഭിലാഷ്, ബ്ലെസൻ, നെബു മുഹമ്മദ്, ശ്രീജിത്ത് പരശുറാം, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.