പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിൽ വിദ്യാർത്ഥിനിയുടെ മൂക്കിടിച്ച് തകർക്കുകയും ശരീരത്തിൽ കടന്നു പിടിച്ച് അപമാനിക്കുകയും ചെയ്ത സഹപാഠിയായ എസ്എഫ്ഐ നേതാവിനെതിരേ കേസെടുക്കാൻ മടിച്ച് ആറന്മുള പൊലീസ്. പ്രതിഷേധം ഏറ്റെടുത്ത യൂത്ത് കോൺഗ്രസ് പരുക്കേറ്റ പെൺകുട്ടിയുമായി പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു. അതിനിടെ ആരോപണ വിധേയനായ എസ്എഫ്ഐ നേതാവ് പരീക്ഷയെഴുതാൻ വേണ്ടി ഹാജർ വ്യാജമായി സമ്പാദിച്ചുവെന്നും റിപ്പോർട്ട്.

മൗണ്ട് സിയോൺ ലോകോളജിലെ നാലാം വർഷ എൽഎൽബി വിദ്യാർത്ഥി ജയ്സൺ ആണ് സ്വന്തം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ആക്രമിച്ചത്. മൂക്കിന്റെ പാലം ഇടിച്ചു തകർക്കുകയും ശരീരത്ത് പിടിച്ച് അപമാനിക്കുകയും ചെയ്തുവെന്ന് പെൺകുട്ടി ആറന്മുള പൊലീസിന് മൊഴി നൽകി. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തില്ല. പെൺകുട്ടിയുടെ മൂക്കിന്റെ പാലം തകർന്നുവെന്ന് മെഡിക്കൽ റിപ്പോർട്ടും പൊലീസിന് ലഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസ് എടുക്കാതെ വച്ചിരിക്കുകയാണ്. എന്തു കൊണ്ട് കേസ് എടുക്കുന്നില്ലെന്ന് പെൺകുട്ടിയുടെ മാതാവ് ഇന്ന് സ്റ്റേഷനിൽ വിളിച്ച് ചോദിച്ചിരുന്നു. എടുക്കാമെന്ന് പറയുന്നതല്ലാതെ കേസ് എടുക്കുകയോ എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നില്ല. ഉന്നത തല രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി ആറന്മുള എസ്എച്ച്ഓ കേസെടുക്കാതിരിക്കുകയാണ്. ഇതോടെയാണ് പരുക്കേറ്റ പെൺകുട്ടിയെയും മുന്നിൽ നിർത്തി യൂത്ത് കോൺഗ്രസ് ആറന്മുള പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നത്.

ദിവസങ്ങളായി ഇതു സംബന്ധിച്ച് പ്രശ്നം നിലനിൽക്കുന്നുണ്ട്. വ്യാഴം രാവിലെ 11 ന് കോളജ് കാമ്പസിൽ വച്ചാണ് സംഭവം. മൂക്കിന് ഇടിയേറ്റ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിനി കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിൽ ചികിൽസയിലായിരുന്നു. അതിനിടെ മറ്റൊരു വിദ്യാർത്ഥിനിയെ ആക്രമിച്ചുവെന്നൊരു പരാതി ഈ വിദ്യാർത്ഥിനിക്കെതിരേ ഉയർന്നിട്ടുണ്ട്. എസ്എഫ്ഐ നേതൃത്വം മുൻകൈയെടുത്താണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

ലോകോളജ് പ്രിൻസിപ്പലായിരുന്ന രാജനെ പുറത്താക്കാൻ വേണ്ടി ഒന്നിച്ച് സമരം ചെയ്തവരാണ് മർദനമേറ്റ വിദ്യാർത്ഥിനിയും എസ്എഫ്ഐ നേതാവ് ജയ്സനും. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് പ്രിൻസിപ്പാളിനെ നീക്കാൻ എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് കൂടി നിർദ്ദേശം നൽകിയിരുന്നു. ജയസ്ന്റെ പരാതിയിലായിരുന്നു അത്. സമരത്തിന് പോയ വിദ്യാർത്ഥികളുടെ ഹാജർ സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായിരുന്നു. ജയ്സനും മർദനമേറ്റ വിദ്യാർത്ഥിനിക്കും പരീക്ഷയെഴുതാനുള്ള ഹാജർ ഉണ്ടായിരുന്നില്ല. പരീക്ഷയെഴുതാനുള്ള ഹാജർ സംഘടിപ്പിക്കാമെന്ന് ജയ്സൺ വാക്കു നൽകിയിരുന്നുവത്രേ. ജയ്സണ് പരീക്ഷ എഴുതാൻ അനുവാദം കിട്ടുകയും വിദ്യാർത്ഥിനിക്ക് ലഭിക്കാതെ വരികയും ചെയ്തു.

ഇതിന്റെ പേരിൽ നടന്ന തർക്കത്തിനൊടുവിൽ ജയ്സൺ വിദ്യാർത്ഥിനിയെ ആക്രമിച്ചുവെന്നാണ് പരാതി. ശരീരത്തിൽ പിടിച്ച് അപമാനിച്ചുവെന്നും വിദ്യാർത്ഥിനി മൊഴി നൽകിയിട്ടുണ്ട്. മൂക്കിന് സാരമായ പരുക്കുള്ള സ്ഥിതിക്ക് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തേണ്ടി വരും. അതിനിടെ ജയ്സൺ പരീക്ഷയെഴുതാൻ ഹാജർ സമ്പാദിച്ചത് വ്യാജമായിട്ടാണെന്ന വിവരം പുറത്തു വന്നിട്ടുണ്ട്. വ്യാജ ഹാജർ വിഷയത്തിൽ പ്രിൻസിപ്പാൾ അടക്കം കുടുങ്ങുമെന്നാണ് പറയപ്പെടുന്നത്. മുൻപുണ്ടായിരുന്ന പ്രിൻസിപ്പാൾ അച്ചടക്കം കർശനമായി പാലിച്ചു പോരുന്നയാളായിരുന്നു. ഇദ്ദേഹത്തെ കള്ളപ്പരാതി നൽകി എസ്എഫ്ഐക്ക് സിൻഡിക്കേറ്റിലുള്ള സ്വാധീനം ഉപയോഗിച്ചാണ് പുറത്താക്കിയതെന്ന് പറയപ്പെടുന്നു. ജയ്സൺ അടക്കമുള്ളവർക്ക് പരീക്ഷയെഴുതാൻ ഹാജർ നൽകാതിരുന്നതാണ് അദ്ദേഹത്തിനെതിരേ തിരിയാൻ കാരണം. സിൻഡിക്കേറ്റിൽ സമ്മർദം ചെലുത്തി പുറത്താക്കിയ പഴയ പ്രിൻസിപ്പാളിന് പകരം വന്നയാൾ എസ്എഫ്ഐക്കാർക്ക് വേണ്ടി നില കൊള്ളുന്നുവെന്നാണ് ആരോപണം.

പത്തനംതിട്ട ഗവ: ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥിനിയെ ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ്പത്തനംതിട്ട എന്നിവർ സന്ദർശിച്ചു.വിദ്യാർത്ഥിനിക്കു നേരെ ഉണ്ടായ അക്രമം പ്രതിഷേധാർഹമെന്നും കുറ്റക്കാർക്കെതിരെ കർശന ശിക്ഷാ നടപടികൾ കോളേജ് മാനേജുമെന്റും പൊലീസും സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.