തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ. കോൺഗ്രസും ബിജെപിയും വിഷയത്തിൽ മേയർക്കെതിരെ രംഗത്തു വന്നു. മേയർ അധികാരത്തിന്റെ ഹുങ്കിൽ കെഎസ്ആർടിസി ഡ്രൈവറുടെ ജീവിതമാർഗ്ഗം ഇല്ലാതാക്കിയെന്ന പ്രചരണമാണ് പാർട്ടികൾ ഉയർത്തുന്നത്.

നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നു. നഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന കെഎസ്ആർടിസി ബസ്സുകളിൽ മേയർക്കെതിരായ പോസ്റ്ററുകൾ പതിച്ചാണ് പ്രതിഷേധം. മേയറുണ്ട്, ഓവർ ടേക്കിങ് സൂക്ഷിക്കുക എന്ന പോസ്റ്ററാണ് ബസ്സിന് മുന്നിൽ പതിക്കുന്നത്. ഒപ്പം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡ്രൈവർമാർക്ക് ഉപദേശവും നൽകി.

മേയറും കുടുംബവും യാത്ര ചെയ്യുന്ന വാഹനം കണ്ടാൽ വണ്ടി ഒതുക്കിയിട്ട് അവർക്ക് പോകാൻ അവസരം നൽകുക, ഓവർ ടേക്ക് ചെയ്യരുത്, മേയറും കുടുംബവും സമാധാനത്തോടെ സഞ്ചരിക്കട്ടെ, അത്തരമൊരു സാഹചര്യമുണ്ടായാൽ തന്നെ ശമ്പളം ചോദിക്കരുത് എന്നുമാണ് യൂത്ത് കോൺഗ്രസ്സുകാർ നൽകുന്ന ഉപദേശം.

മേയറെ പൂർണമായും പരിഹസിച്ചുകൊണ്ടുള്ളതാണ് യൂത്ത് കോൺഗ്രസിന്റെ പ്രതീകാത്മക സമരം. മേയർക്കെതിരെ ഡ്രൈവർ നൽകിയ പരാതിയിൽ കേസെടുക്കാത്തതിൽ അതിശക്തമായ സമരം നടത്തുമെന്നും മേയറും ഭർത്താവും നടത്തുന്ന റോഡ് ഷോ പ്രതിരോധിക്കുമെന്നും ഡ്രൈവർ യദുവിന് നീതി കിട്ടും വരെ പോരാടുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ഒരു പാവം ചെറുപ്പക്കാരനെതിരെ മേയർ ലൈംഗികാതിക്രമമടക്കമുള്ള കളവാണ് പറയുന്നതെന്നും ഇവർ ആരോപിച്ചു.

അതേസമയം വിഷയം രാഷ്ട്രീയമായി മേയർക്കെതിരെ ഉപയോഗിക്കാൻ ബിജെപിയും രംഗത്തെത്തി. ഡ്രൈവറുമായുള്ള തർക്ക് ഇന്നത്തെ കോർപ്പറേഷൻ കൗൺസിലിൽ ബിജെപി കൗൺസിലർമാർ ഉന്നയിച്ചു. ഇതേ തുടർന്ന് യോഗത്തിൽ ബഹളവും ഉണ്ടായി. അതേസമയം കെ.എസ്.ആർ.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിൽ നടുറോഡിൽ നടന്ന വാക്ക്പോരിൽ മേയർക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന പൊലീസ് നിലപാടിൽ നിയമപോരാട്ടത്തിനൊരുങ്ങി ഡ്രൈവർഎൽ.എച്ച് യദു. പൊലീസ് കേസെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കുമെന്ന് യദു പ്രതികരിച്ചു.

തന്നെ അപമാനിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. എംഎ‍ൽഎ തന്റെ പിതാവിനെ വിളിക്കുകയും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 15 ഓളം യാത്രക്കാരെ വഴിയിലിറക്കിവിട്ടു. ഒരു സാധാരണക്കാരനായിരുന്നു ബസ് തടഞ്ഞതെങ്കിൽ കേസ് എന്താകുമായിരുന്നുവെന്നും യദു ചോദിച്ചു. അധികാര ദുർവിനിയോഗമാണ് അവർ നടത്തിയതെന്നും യദു വിമർശിച്ചു.

മേയറുടെ പാർട്ടിയിൽ ഉൾപ്പെട്ട തന്റെ സുഹൃത്തുക്കൾ വിളിച്ച് സൂക്ഷിക്കണമെന്ന് പറഞ്ഞു. തനിക്ക് ഒരു പാർട്ടിയുമായും ബന്ധമില്ല. ഏതെങ്കിലും തരത്തിലുള്ള തെറ്റ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ പൊലീസിനെ വിളിച്ചറിയിക്കുകയല്ലേ ചെയ്യേണ്ടതെന്നും എന്നാൽ ഇവിടെ ഗുണ്ടായിസമാണുണ്ടായതെന്നും യദു പറഞ്ഞു.