കോഴിക്കോട്: കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വിവാദമായ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിലെ വേഷധാരണത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. സ്വാഗതഗാനത്തിൽ മുസ്ലിം വേഷം ധരിച്ചയാളെ തീവ്രവാദിയായി ചിത്രീകരിച്ചതാണ് വിവാദമായത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4ന്റെ നിർദ്ദേശപ്രകാരമാണ് മതസ്പർധ ഐ പി സി 153 എ വകുപ്പ് ചുമത്തി പേരാമ്പ്ര മാതാ കേന്ദ്ര ഡയറക്ടർക്കും കണ്ടാലറിയാവുന്ന പത്തുപേർക്കുമെതിരെ കേസെടുത്തത്.

സ്വാഗതഗാനത്തിൽ മുസ്ലിം വേഷം ധരിച്ചയാളെ തീവ്രവാദിയായി ചിത്രീകരിച്ചതാണ് വിവാദമായത്. ഇതിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ ഡയറക്ടർ അനൂപ് വി ആർ നടക്കാവ് പൊലീസിന് പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുത്തില്ല. തുടർന്നാണ് അനൂപ് കോടതിയെ സമീപിച്ചത് .കോഴിക്കോട് നടന്ന അറുപത്തി ഒന്നാമത് സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വിവാദമായ ദൃശ്യാവിഷ്‌കാരണം. മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലിരിക്കെയായിരുന്നു വിവാദ ദൃശ്യാവിഷ്‌കാരം നടന്നത്.

നൃത്താവിഷ്‌കാരത്തിലെ സംഘപരിവാർ അജണ്ട പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്വാഗതഗാനത്തിന് നൃത്താവിഷ്‌ക്കാരം നൽകിയ, പേരാമ്പ്ര മാതാ കേന്ദ്രത്തിനെ ഇനി പരിപാടിക്ക് വിളിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. സിപിഎമ്മും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

വില്ലൻ ഒരു ടർക്കി ടവൽ

കലോത്സവ സ്വാഗതഗാനം ഒരുക്കിയ പേരാമ്പ്ര മാതാ കേന്ദ്രം , ഡയറക്ടർ കനകദാസ് ഇങ്ങനെ പറയുന്നു. 'ഞങ്ങൾക്ക് യാതൊരു വിധത്തിലുള്ള അജണ്ടയുമില്ല. സംഘപരിവാറുമായി യാതൊരു ബന്ധുമില്ല. 96ഓളം പേർ ആ സ്വാഗതഗാനത്തിൽ അഭിനയിച്ചിട്ടുണ്ട്്. അതിലുള്ളവരുടെ രാഷ്ട്രീയം നോക്കിയിട്ടില്ല.

കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ക്യാപ്റ്റൻ വിക്രമിന്റെ പേരിലുള്ള മൈതാനത്ത് നടന്ന പരിപാടിയിൽ അദ്ദേഹത്തിന് ആദരം നൽകുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിർത്തിയിൽ പട്ടാളക്കാർ ഭീകരവാദികളെ തുരത്തുന്ന രംഗമാണ് ചിത്രീകരിച്ചത്. റിഹേഴ്‌സൽ നടത്തുമ്പോൾ തീവ്രവാദിക്ക് പ്രത്യേകിച്ച് ഒരു വസ്ത്രവും ഉണ്ടായിരുന്നില്ല. എന്നാൽ സ്റ്റേജിൽ കയറിയപ്പോൾ, പെട്ടെന്ന് കൈയിൽ കിട്ടിയ ഒരു തുണി, ഒരു ഖാദി ടർക്കി തലയിട്ടുകൊണ്ട് കയറികൊള്ളാൻ പറഞ്ഞു. അത് ഇങ്ങനെ ഒക്കെ ആവും എന്ന് കരുതിയില്ല.

സ്വാഗതഗാനം കണ്ട ആർക്കും അങ്ങനെ തോന്നിയിട്ടില്ല. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവർ അഭിനന്ദിക്കയും ആദരിക്കയും ചെയ്തു. അവിടെ കൂടിയ ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് സോഷ്യൽ മീഡിയയിലാണ് വിവാദം ഉണ്ടായത്. തലയിൽ ഒരു തൂവാല അല്ലെങ്കിൽ തോർത്തുമുണ്ട് ഇട്ട, കൈയിൽ തോക്കുള്ള ഒരാളെ, പട്ടാളക്കാർ പിടിച്ച് വലിക്കുന്നത് മാത്രമാണെല്ലോ രംഗം. ഇത് ഞങ്ങളുടെ ഒരു പ്രതിനിധിയാണെന്ന് വിചാരിച്ച് ആരെങ്കിലു പ്രശ്‌നം ഉണ്ടാക്കുമെന്ന് കരുതിയില്ലെന്നും കനകദാസ് പറഞ്ഞിരുന്നു.

കവി പി കെ ഗോപി രചിച്ച 'സ്വരമംഗള മലയാളത്തിൻ വാഴ്‌ത്ത് പാടുന്നു' എന്ന് തുടങ്ങുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് ഒരു ടവലിന്റെ പേരിൽ വിവാദത്തിലായത്. 'ഹൃദയരക്തത്തിൽ ചരിത്രം കുറിച്ചിട്ട പുളകങ്ങൾ ഇനിയും മറക്കാതിരിക്കുക,' എന്ന ഗോപിയുടെ വരികൾ വരുന്ന ഭാഗത്താണ്, കശ്മീരിൽ തീവ്രവാദികളെ സൈന്യം നേരിടുന്ന ഭാഗം ഉപയോഗിച്ചത്. അവിടെയാണ് ഖാദി ടവൽ വില്ലനായത്.